അമീഹി ത്വാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്‌കലാഭിഃ (ഭഗവദ്ഗീത:11/20 )
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്‌കലാഭിഃ (ഭഗവദ്ഗീത:11/20 )
അങ്ങാണ് നിത്യമായ ധര്‍മത്തിന്റെ പാലകന്‍ എന്നതിനാല്‍ ഈ ദേവസമൂഹങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. ചിലര്‍ പേടിച്ച് കൈ കൂപ്പി പ്രാര്‍ഥിക്കുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും 'മംഗളം ഭവിക്കട്ടെ' എന്നാശംസിച്ച് ശബ്ദാര്‍ഥപുഷ്ടിയുള്ള സ്‌തോത്രങ്ങള്‍കൊണ്ട് പ്രകീര്‍ത്തിക്കുന്നു.
പരമാത്മാവ് കാലാതീതമായ ധര്‍മത്തിന്റെ പാലകനാണ്. 'ഈ' ദേവസമൂഹമാണ് ആ പരംപൊരുളിനെ ശരണം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി എത്തിയവരെയാണ് ഇപ്പറയുന്നത്. അവരെല്ലാം പ്രകാശാത്മാക്കളായ ജീവന്‍മാരാണ്. സനാതനമായ ധര്‍മത്തിന്റെ നിര്‍വഹണത്തിനായി അവര്‍ അവതരിച്ചതാണ്. തിരികെയുള്ള പ്രവേശം അവര്‍ക്ക് മോക്ഷമാണ്. ഇവരില്‍ത്തന്നെ സ്വധര്‍മത്തെക്കുറിച്ച് ശരിയായ അറിവില്ലാത്ത ചിലരുണ്ട്. അവര്‍ ഭയന്നു വിറച്ച് കൈ കൂപ്പി 'രക്ഷിക്കണേ!' എന്ന് പ്രാര്‍ഥിക്കുന്നു. മുന്നില്‍ കാണുന്നത് അത്യാഹിതമെന്നു തോന്നുകയും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നു ഭയക്കുകയും ചെയ്യുമ്പോള്‍ താണുകേഴുകയല്ലാതെ അവര്‍ക്ക് എന്തു ചെയ്യാനാവും?
മഹര്‍ഷിമാരും സിദ്ധന്മാരും കാര്യത്തിന്റെ നിജസ്ഥിതി അറിയാവുന്നവരാണ്. അവര്‍ മംഗളം ഭവിക്കട്ടെ എന്ന് ആശംസിച്ച് പരംപൊരുളിനെ അര്‍ഥപുഷ്ടിയുള്ള സ്തുതികളാല്‍ പുകഴ്ത്തുന്നു. (യമനെ സേവിച്ച് യമന്റെ സഭയില്‍ കഴിഞ്ഞുകൂടുന്ന ഒരു ദേവഗണമാണ് സിദ്ധന്മാര്‍ എന്ന് മഹാഭാരതം സഭാപര്‍വം എട്ടാമധ്യായത്തില്‍ പറയുന്നു.)
പ്രപഞ്ചമെന്ന മഹാക്ഷേത്രത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പായി കുരുക്ഷേത്രത്തെ കാണുമ്പോള്‍ വൈരുധ്യങ്ങളുടെ ഉല്‍ഗ്രഥനംതന്നെയാണ് 'ഇവിടെ' നടക്കുന്നതെന്ന് മനസ്സിലാവും. കാമക്രോധാദികളും പരംപൊരുളിന്റെ തന്നെ പ്രകാശങ്ങളാണ്, അഥവാ, ദേവന്മാരാണ്. ഈ രഹസ്യം ഉള്‍പ്പെടെ പരംപൊരുളിന്റെ നിജസ്ഥിതി അറിയാവുന്നവരാണ് സ്തുതിക്കുന്നത്.
മനുഷ്യരെല്ലാം ദേവന്മാരാണ്. പക്ഷേ, ചിലര്‍ അക്കാര്യം അറിയുന്നില്ല. അവര്‍ മരണത്തെ ഭയപ്പെടുന്നു, അതില്‍നിന്ന് രക്ഷിക്കണേ എന്ന് കേഴുന്നു. മറ്റു ചിലര്‍ ഈ മരണം ജന്മനാ കൂടെയുള്ളതാണെന്ന് അറിവുള്ളതിനാല്‍ ഭയപ്പെടുന്നില്ല. അവര്‍ കൃത്യനിര്‍വഹണം ജന്മലക്ഷ്യമായി കരുതുന്നു. അതിന്റെ ഭാഗമായി പരംപൊരുളിനെ അന്തിമശരണം പ്രാപിക്കുന്നു. തത്ത്വമറിയാവുന്നവര്‍ വൈരുധ്യങ്ങളുടെ ഉദ്ഗ്രഥനമെന്ന ഈ നാടകം മംഗളകരമായി ഭവിക്കട്ടെ എന്ന ആശംസയോടെ ഇതിന്റെ സൂത്രധാരനെ പുകഴ്ത്തുന്നു. ധര്‍മാധര്‍മങ്ങളുടെ സംഘര്‍ഷത്തില്‍ അവര്‍ ധര്‍മത്തിന്റെ ഭാഗത്താണെന്നു സാരം. തത്കാലം എങ്ങനെ ഇരുന്നാലും സുഖപര്യവസായിയാണ് ഈ നാടകം എന്ന് അവര്‍ക്കറിയാം.
(തുടരും.....)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.
No comments:
Post a Comment