മൂലഗണപതി, ശ്വേതഗണപതി, വിനായകന്‍ ഇത്യാദി ഗണപതിയുടെ വിവിധ സ്വരൂപങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ പലര്‍ക്കും സംശയം. ഗണപതിക്ക് ഇങ്ങനെ പല മുഖങ്ങളുണ്ടോ.
സംശയങ്ങള്‍ സ്വാഭാവികം. ഭഗവാന്മാരുടെ അവതാരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സാധാരണക്കാരായ നാമാര്. ഭഗവാന്‍ എലിയായും പുലിയായും വരും. തീയായും വെള്ളമായും വരും. കാക്കയായും പരുന്തായും വന്നേക്കാം. വിരുന്നുകാരനായും ഭിക്ഷക്കാരനായും വരാം.
ചിലപ്പോള്‍ വിഘ്‌നേശ്വരന്‍ കല്ലായും ഹര്‍ത്താലായുമെല്ലാം വരുന്നത് നാം കണ്ടിട്ടുണ്ട്. പാലാഴിയില്‍ കടക്കോലില്‍ കേറി കളിച്ചതും നാം കേട്ടറിഞ്ഞിട്ടുണ്ട്. യക്ഷികള്‍ക്കു മുന്നില്‍ കോഴിയായി കൂകിയതും നമുക്കറിയാം. ഓരോ ഘട്ടങ്ങളില്‍ ഓരോ രൂപമായി ഭഗവാന്മാര്‍ അവതരിക്കും.
ശ്രീകൈലാസ ചൈതന്യമായ ശിവലിംഗത്തെ രാവണന്‍ കൊണ്ടുപോയപ്പോള്‍ ബ്രാഹ്മണകുമാരനായി വിനായകന്‍ വന്നു. അഗസ്ത്യമഹര്‍ഷിക്കു മുന്നില്‍ കാക്കയായി വന്നു കളിച്ചു. അങ്ങനെ എന്തെല്ലാം.
ഒരിക്കല്‍ ശ്രീഗണപതി വക്രതുണ്ഡനായി അവതരിച്ചു. വളഞ്ഞ ചുണ്ടോടുകൂടിയവനാണ് വക്രതുണ്ഡന്‍. തത്തയുടെ ചുണ്ടും പരുന്തിന്റെ രൂപവും പറയാം.
'വക്രതുണ്ഡമഹാകായം സൂര്യകോടി സമപ്രഭം' എന്നു കേട്ടിട്ടില്ലേ.
എപ്പോഴാണ് വക്രതുണ്ഡാവതാരം? എന്തിനു വേണ്ടിയായിരുന്നു അത്?
ഒരിക്കല്‍ ദേവേന്ദ്രന്റെ അഹങ്കാരത്തില്‍നിന്നും ഒരു അസുരന്‍ ജന്മമെടുത്തു. മത്‌സരാസുരന്‍ മാല്‍സര്യബുദ്ധിയില്‍നിന്നും പിറന്നതിനാല്‍ ആ പേരുവന്നു. മദത്തില്‍നിന്നും ഉണ്ടായതിനാല്‍ മദാസുരന്‍ എന്നും പേരുവന്നു.
ദേവേന്ദ്രന്റെ മാല്‍സര്യത്തിനെതിരെ പോരാടാന്‍ മല്‍സരാസുരന്‍ ക്രമേണ ശക്തി നേടി. ശുക്രാചാര്യരുടെ ഉപദേശപ്രകാരം ശിവനെ ഭജിച്ച് അധികാര ശക്തി സംഭരിച്ചു. അസുരാധിപത്യം നേടിയ ആ മഹാശക്തന്‍ പാതാളലോകവും ഭൂലോകവും മുഴുവനായി തന്റെ വരുതിയിലാക്കി.
ദേവലോകത്തിലേക്കുള്ള പടപ്പുറപ്പാടായതോടെ ദേവേന്ദ്രന്‍ ഭയപ്പെട്ടു. ദേവേന്ദ്രന്റെ കാലിടറി. കസേരയിളകി. ഇന്ദ്രാസനത്തില്‍നിന്നും ഇന്ദ്രന്‍ താഴെ വീണു. ഭയപ്പാടോടെ ഓടിനടന്നു. അഭയം തേടി ബ്രഹ്മലോകത്തിലെത്തി.
ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി വിഷയം ശ്രീപരമേശ്വരന്റെ മുന്നില്‍തന്നെയെത്തി.
സര്‍വജ്ഞനായ ശ്രീമഹാദേവന്‍, അനുകൂലകാലത്തിനായി കാത്തിരിക്കാന്‍ ഇന്ദ്രാദികളെ ഉപദേശിച്ചു.
പരിഹാരം കാണാതെ അവര്‍ അലഞ്ഞുനടന്നു. സ്വര്‍ഗത്തില്‍ പ്രവേശനമില്ല. ഒളിച്ചു നടന്നു. ഒളിവില്‍ പോയ ഇന്ദ്രാദികളെത്തേടി മല്‍സുരാസുരനും അലഞ്ഞു.
janmabhumi
No comments:
Post a Comment