നിത്യാനന്ദമയിയും നിരാകാരയും ആയ പരബ്രഹ്മ സ്വരൂപിണിയായ ഉമാദേവിക്ക് ഒരിക്കല്‍ സാകാര രൂപത്തില്‍ അവതരിക്കേണ്ടിവന്നു. ദേവന്മാരുടെ അഹങ്കാരം ശമിപ്പിക്കുവാന്‍ വേണ്ടിയാണ് ജഗന്മാതാവ് സരൂപയായത്.
ഒരിക്കല്‍ ദേവന്മാരും അസുരന്മാരും പരസ്പരം ഘോരയുദ്ധം ചെയ്തു. ആ ഘോരയുദ്ധത്തില്‍ മഹാമായാപ്രഭാവത്താല്‍ ദേവന്മാര്‍ വിജയിച്ചു. അസുരന്മാര്‍ പരാജിതരായി പാതാളത്തിലേക്ക് പോയി.
ഗര്‍വ്വിഷ്ഠരായ ദേവന്മാര്‍ തങ്ങളുടെ കഴിവ് കൊണ്ടാണ് വിജയം നേടിയതെന്ന് അഹങ്കരിച്ചു. അപ്പോള്‍ അവരുടെ മുന്നില്‍ കുടയുടെ രൂപത്തില്‍ ഒരു തേജസ്സ് ആവിര്‍ഭവിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത ആ രൂപവും തേജസ്സും ദേവന്മാരെ ആശ്ചര്യഭരിതരാക്കി. അഹങ്കാരനാശിനിയായ പരാശക്തിയുടെ മഹിമ മനസ്സിലാക്കാത്തതുകൊണ്ടാണ് അവര്‍ക്ക് അത്ഭുതം ഉണ്ടായത്.
ദേവേന്ദ്രന്‍ ദേവന്മാരോട് ആ തേജസ്സ് എന്താണെന്ന് പരീക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. വായുദേവനാണ് തേജസ്സിന്റെ മുന്നില്‍ ആദ്യം എത്തിയത്. അപ്പോള്‍ തേജസ്സ് ആരാണെന്ന് ചോദിച്ചു. താന്‍ ജഗത്പ്രാണനായ വായുവാണെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞു. ചരാചരങ്ങളെല്ലാം തന്നിലാണ് വ്യാപിച്ചിരിക്കുന്നതെന്നും താനാണ് എല്ലാം ചലിപ്പിക്കുന്നതെന്നും കൂടി വായുദേവന്‍ പറഞ്ഞു. അപ്പോള്‍ ഒരു തൃണം (പുല്ല്) അവിടെ വച്ചിട്ട് അത് ഇളക്കുവാന്‍ തേജസ്സ് ആവശ്യപ്പെട്ടു. സര്‍വ്വശക്തിയും പ്രയോഗിച്ചിട്ടും വായുദേവന്‍ അത് അനക്കുവാന്‍ സാധിച്ചില്ല. ലജ്ജിതനായ അദ്ദേഹം നടന്ന കാര്യവും തന്റെ പരാജയവും ദേവന്മാരോട് പറഞ്ഞു.
തുടര്‍ന്ന് ദേവന്മാരും ദേവേന്ദ്രനും ആ തേജസ്സിന്റെ രൂപം ചെന്ന് തൃണം ഇളക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോള്‍ കരുണാമയിയായ ദേവി ദേവന്മാരുടെ അഹങ്കാരം തീര്‍ക്കുവാനും അവരെ അനുഗ്രഹിക്കുവാനും ആയി പ്രത്യക്ഷപ്പെട്ടു. ചൈത്രത്തിലെ (മേടമാസം) ശുക്ലപക്ഷത്തിലെ നവമി തിഥിയില്‍ മദ്ധ്യാഹ്ന സമയത്താണ് സച്ചിദാനന്ദ രൂപിണി അവതരിപ്പിച്ചത്. ചുമന്ന വസ്ത്രവും ചുമന്ന മാലയും ധരിച്ച് ചുമന്ന ലേപനങ്ങളോടുകൂടി ചതുര്‍ഭുജയായിട്ടാണ് ദേവന്മാര്‍ക്ക് ദേവി ദൃശ്യയായത്.
താന്‍ തന്നെയാണ് പരബ്രഹ്മമെന്നും പരംജ്യോതിയെന്നും ദേവി അവരോട് പറഞ്ഞു. ആകാരമില്ലാത്തവളാണെങ്കിലും ചിലപ്പോള്‍ സാകാരയായും ഭവിക്കും. ചിലപ്പോള്‍ പുരുഷനായിട്ടും മറ്റു ചിലപ്പോള്‍ നാരിയായിട്ടും താന്‍ വര്‍ത്തിക്കുന്നു എന്ന് പരാശക്തി പറഞ്ഞു. തനിക്ക് സഗുണമെന്നും നിര്‍ഗുണമെന്നും രണ്ട് രൂപങ്ങള്‍ ഉണ്ടെന്ന് ദേവി അറിയിച്ചു. കാളിയും വാണിയും രമയും തന്റെ അംശത്തില്‍ നിന്ന് ഉണ്ടായവരാണെന്ന് പറഞ്ഞ ദേവി മൂര്‍ത്തിത്രയവും താന്‍ തന്നെയാണെന്ന് പറഞ്ഞു. വായുവിനെക്കൊണ്ടും അഗ്നിയെക്കൊണ്ടും ഒക്കെ അതത് കര്‍മ്മങ്ങള്‍ അനുഷ്ഠിപ്പിക്കുന്നത് ദേവിയാണ്. ചിലപ്പോള്‍ അസുരന്മാരേയും ചിലപ്പോള്‍ ദേവന്മാരേയും ദേവി പരാജയപ്പെടുത്താറുണ്ട്.
ദേവന്മാര്‍ തങ്ങളുടെ അഹങ്കാരത്തിന് ക്ഷമായാചനം നടത്തുകയും ഇനി അഹങ്കാരം ഉണ്ടാകാതിരിക്കുവാന്‍ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അവര്‍ യഥാവിധി പൂജ നടത്തി.
janmabhumi
No comments:
Post a Comment