Wednesday, April 25, 2018

നാതന ധര്‍മ്മികളില്‍ പലര്‍ക്കും ചിന്താകുഴപ്പമുണ്ടാക്കുന്ന ഒന്നാണ് പുരാണങ്ങളിലെ മൂര്‍ത്തിത്രയത്തെക്കുറിച്ചുള്ള വിശ്വാസം, കാരണം ചില പുരാണങ്ങള്‍ വിഷ്ണുവിനെയും മറ്റു ചിലത് ശിവനെയും പരമപുരുഷനായി അവതരിപ്പിച്ചിരിക്കുന്നു. ഉപപുരാണങ്ങളില്‍ ഒന്നായ ദേവീപുരാണമാണെങ്കിലോ ദേവിയെ മൂര്‍ത്തിത്രയത്തിലും മുകളിലായി സ്ഥാപിച്ചിരിക്കുകയും ചെയ്യുന്നു.
പുരാണങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് കരുതപ്പെടുന്ന ശ്രീമദ് ഭാഗവതത്തില്‍ ഭഗവാന്‍ വിഷ്ണുവാണ് പരമപുരുഷന്‍. വിഷ്ണുവിന്റെ ഉള്ളില്‍ നിന്ന് നിര്‍ഗമിക്കുന്ന സര്‍ഗ്ഗശക്തിയത്രെ ബ്രഹ്മദേവന്‍. അതിനാല്‍ ഭാഗവതത്തിലെ സിദ്ധാന്തമനുസരിച്ച് ഈശ്വരന്‍ ഒന്നേ ഉള്ളൂ, അത് വിഷ്ണുവാണ്. മറ്റുള്ള മൂര്‍ത്തികള്‍ എല്ലാം തന്നെ ദൈവത്തിന്റെ ശക്തി സ്വരൂപങ്ങളാണ്, അതിനാല്‍ അവരെല്ലാം ദേവന്മാരും ദേവതകളുമാണ്. ദേവന്മാരില്‍ വച്ച് മുഖ്യന്മാര്‍ ബ്രഹ്മദേവനും രുദ്രദേവനും തന്നെയാകുന്നു.
ഈ സിദ്ധാന്തം തന്നെയാണ് വേദത്തിലും കാണാന്‍ സാധിക്കുന്നത്. വേദങ്ങളില്‍ അനേകം ദേവന്മാരെയും ദേവതകളെയും പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും പുരുഷസൂക്തത്തില്‍ വിഷ്ണുവിനെ സ്തുതിക്കുന്നത് അവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു, കാരണം, ഇതില്‍ പ്രകൃതി ശക്തികളെയും ജീവജാലങ്ങളെയും വിഷ്ണുവിന്റെ                   അവയവങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഭാഗവത സിദ്ധാന്തപ്രകാരം പരമപുരുഷനായ വിഷ്ണുവും അദ്ദേഹത്തിന്റെ ശക്തിയായ പ്രകൃതിയുമാണ് ലോകങ്ങള്‍ക്കെല്ലാം ആധാരം. ഇവയില്‍ പുരുഷന് സ്വരൂപ വ്യത്യാസം സംഭവിക്കുന്നില്ല, സദാ ചിദാനന്തസ്വരൂപമായി നിലകൊള്ളുന്നു. എന്നാല്‍ പ്രകൃതി പരിണമിച്ചു കൊണ്ടിരിക്കുന്നു.  ആദ്യം ഒരു ശക്തി മൂന്ന് വിവിധ ഗുണസ്വരൂപങ്ങളായി പിരിയുന്നു: രജസ്സ്, സത്വം, തമസ്സ് എന്നിങ്ങനെ. സ്വയം പ്രകാശിയായ പരമപുരുഷന്റെ തേജസ്സ് ഈ മൂന്ന് ശക്തികളിലും വ്യാപിച്ചു നില്‍ക്കുന്നതിനാല്‍ സൃഷ്ടിയിലെ ഈ ഘട്ടത്തില്‍ മൂര്‍ത്തിത്രയം സംജാതമാകുന്നു. സര്‍ഗ്ഗ ശക്തിയായ രജസ്സിനോട് ചേര്‍ന്ന് ബ്രഹ്മാവ്, സത്വഗുണത്തോട് ചേര്‍ന്ന് വിഷ്ണു, തമസ്സിനോട് ചേര്‍ന്ന് രുദ്രന്‍  എന്നിങ്ങനെ ആദിപുരുഷന്‍ തന്നെ മൂന്നവസ്ഥകളിലായി ഭവിക്കുന്നു.
ഇവിടെ വിഷ്ണു രണ്ടവസ്ഥകളില്‍ സ്ഥിതി ചെയ്യുന്നു: ഒന്ന്, സൃഷ്ടിക്ക് പുറത്ത് ആദിപുരുഷനും ഏക ദൈവവുമായിട്ട് ; രണ്ട്, സൃഷ്ടിക്കകത്ത് സാത്വിക ശക്തിയോടു ചേര്‍ന്ന് മൂര്‍ത്തിത്രയത്തില്‍ ഒന്നായിട്ട്.
വൈദിക ശാസ്ത്രങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ഒരു ശീലമെന്തെന്നാല്‍, ഇഷ്ടദേവന്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തെ മറ്റെല്ലാ ദേവന്മാരുടെയും മുകളില്‍ പരമമൂര്‍ത്തിയായി സ്ഥാപിക്കുക എന്നതാണ്.                     വേദത്തില്‍ ഇന്ദ്രാദികളെ സ്തുതിക്കുമ്പോഴും പുരാണങ്ങളില്‍ മൂര്‍ത്തിത്രയത്തിന്റെ കാര്യത്തിലായാലും ശാക്തേയന്മാര്‍ ശക്തിയെ സ്തുതിക്കുമ്പോഴും ഒക്കെ ഈ വസ്തുത ദൃശ്യമാകുന്നതാണ്. മറ്റൊരു കാര്യവും ശ്രദ്ധേയമാണ്: സൃഷ്ടിക്രമത്തിലെ ഓരോരോ തട്ടിലും അതത് ദേവതകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി കാണാം, ഉദാ: ഭൗതിക തലത്തില്‍ ഭൗതിക ദേവതകളായ ഗണപതി (പൃഥ്വി തത്ത്വം) ഗുഹന്‍ (ജലതത്ത്വം)  ദുര്‍ഗ്ഗ (അഗ്നി തത്ത്വം) തുടങ്ങിയവര്‍                          കൂടുതലായി ആരാധിക്കപ്പെടുന്നണ്ട്.
ദേവീപുരാണത്തില്‍ ദേവി മൂര്‍ത്തിത്രയത്തിനും  മേലെ ആരാധിക്കെപ്പെടുന്നതിന് കാരണമിതാണ്: ആദിപുരുഷനായ വിഷ്ണുവില്‍ നിന്ന് നിര്‍ഗമിക്കുന്നത് ഒരേ സ്വരൂപത്തിലുള്ള മഹത് ശക്തിയാണ്, ഇത് മൂന്ന് ശക്തികളായി പിരിയുമ്പോള്‍ മാത്രമാണ് ത്രിമൂര്‍ത്തികള്‍ (ത്രിഗുണ സ്വരൂപങ്ങള്‍) ഉടലെടുക്കുന്നത്,  അതിനാലാണ് മൂര്‍ത്തിത്രയങ്ങള്‍ക്ക് മേലെ ശക്തിയെ സ്ഥാപിക്കുന്നത്. എന്നാല്‍ ദേവീ പുരാണം ശക്തിയുടെ ഉത്ഭവം തുടങ്ങിയിട്ടുള്ളതു മാത്രമേ പരിഗണിക്കുന്നള്ളൂ, അതിനാലാണ് ശക്തിയെ ജയിച്ചു നില്‍ക്കുന്ന ആദിപുരുഷനെ അവഗണിച്ചതും ശക്തിയെ നാഥനില്ലാതാക്കിത്തീര്‍ത്തതും. ഇതേ ഗതി തന്നെയാണ് സാംഖ്യ ശാസ്ത്രത്തിനും സംഭവിച്ചത്: പുരാതന സാംഖ്യശാസ്ത്ര പ്രകാരം (ശ്രീമദ് ഭാഗവതത്തിലെ കപില ദേവന്റേത്) പ്രകൃതി എന്നത് ആദിപുരുഷനായ വിഷ്ണുവിന്റെ ശക്തിയാണ്, എന്നാല്‍ പില്‍ക്കാലത്തുണ്ടായ സാംഖ്യ ശാസ്ത്ര വിവരണത്തില്‍ ശക്തിയെ ജയിച്ചുനില്‍ക്കുന്ന ഈശ്വരനില്ല.    കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുവാനുള്ള മനുഷ്യരുടെ വ്യഗ്രതയായിരിക്കാം ഇത്തരം വ്യതിയാനത്തിനു പിന്നില്‍. ശക്തിയാര്‍ജ്ജിക്കുവാന്‍ ലക്ഷ്യമിടുന്നവര്‍ പൊതുവെ ബ്രഹ്മ ദേവനെയോ രുദ്രദേവനെയോഅതുമല്ലെങ്കില്‍                             സാക്ഷാല്‍ ശക്തിയെത്തന്നെ സമീപിക്കുന്നതും, മറിച്ച് ഈശ്വര പ്രീതി ആഗ്രഹിക്കുന്നവര്‍ വിഷ്ണുവിനെ      ആശ്രയിക്കുന്നതും ഇവിടെ ശ്രദ്ധേയമാണ്.
എന്തായാലും വൈഷ്ണവ സിദ്ധാന്തമനുസരിച്ച് സനാതന ധര്‍മ്മികള്‍ക്ക് അനേകം ദൈവങ്ങള്‍ ഇല്ല തന്നെ. ഒരു ദൈവവും പിന്നെ അദ്ദേഹത്തിന്റെ ശക്തിയില്‍ നിന്നുത്ഭവിക്കുന്ന അനേകം ദേവതാസ്വരൂപങ്ങളുമാണുള്ളത്. ദേവതകളെ ദൈവതുല്യമായിക്കരുതുവാന്‍ പാടില്ലെന്നും വൈഷ്ണവര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.  
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വകുപ്പിലെ മുന്‍മേധാവിയാണ് ലേഖിക. ഫോണ്‍ - 9495627908)

No comments: