സത്യമംഗലം
ശ്രീ രമണഭഗവാൻ വിരൂപാക്ഷ ഗുഹയിൽ വസിക്കുമ്പോൾ സത്യമംഗലം വെങ്കടരമണയ്യ എന്നൊരു സാധു വന്നിരുന്നു. അമാനുഷികമായ തേജസ്സുകൊണ്ട് ജ്വലിക്കുന്ന പ്രശാന്ത മുഖം, ആരോടും സംവാദം ചെയ്യാത്ത മൗന ഭാവം, വിദൂരതയിലേക്ക് നോക്കുന്ന നിർന്നിമേഷ ദൃഷ്ടി ഇതെല്ലാമായിരുന്നു ആ താപസന്റെ വൈശിഷ്ട്യങ്ങൾ. ഇദ്ദേഹം അഞ്ചുദിവസം വിരൂപാക്ഷ ഗുഹയിൽ താമസിച്ചു. ഓരോ ദിവസവും ശ്രീരമണ ഭഗവാന്റെ മുന്നിൽ വന്ന് മണിക്കൂറുകളോളം നിശ്ചലമായി ധ്യാനത്തിൽ ഇരിക്കും. ഉണർന്നാൽ ശ്രീ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഒരു പാട്ടു പാടും. അങ്ങനെ അഞ്ചു ദിവസം കൊണ്ട് അഞ്ചു പാട്ടുകൾ പാടി. അലൗകികമായ ശബ്ദ ഘടനയോടെ അവാച്യമായ തുരീയാനന്ദ രസം തുളുമ്പുന്ന ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഈ പാട്ടുകൾ ഇത് രചിച്ച വ്യക്തിയുടെ ഹൃദയത്തിൻറെ ആഴം വിളിച്ചോതുന്നു . ഇദ്ദേഹം അഞ്ചാമത്തെ ദിവസം തിരുവണ്ണാമലയിൽ നിന്നും എങ്ങോട്ടോ പോയി. പിന്നീടൊരിക്കലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് സത്യ മംഗലത്തിൽ അന്വേഷിച്ചപ്പോഴും കണ്ടെത്താൻ സാധിച്ചില്ല. ശ്രീ രമണ ഭഗവാനോട് ഇദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ "അത് സത്യമംഗലം അയ്യാ!" എന്ന് സൂത്ര പ്രായത്തിൽ പറഞ്ഞു. ഇദ്ദേഹത്തിനെ നേരിൽ കണ്ടവർ പലരും ഏതോ സിദ്ധ മണ്ഡലത്തിൽനിന്നും പരമേശ്വര സ്വരൂപനായ ഭഗവാനെ സന്ദർശിച്ച ഏതോ മഹാ സിദ്ധൻ ആണെന്നു തന്നെ കരുതുന്നു.
വെങ്കട രമണയ്യ രചിച്ച അഞ്ചു പാട്ടുകൾ "ശ്രീരമണ സ്തുതി പഞ്ചകം" എന്ന പേരിൽ ഇന്നും രമണാശ്രമത്തിൽ ഗാനം ചെയ്യപ്പെടുന്നു.
- ആത്മ സാക്ഷാത്കാരം
(ശ്രീ നൊചൂർ വെങ്കടരാമൻ
(ശ്രീ നൊചൂർ വെങ്കടരാമൻ
No comments:
Post a Comment