''രണ്ടാമത്തെ ശ്ലോകംമുതല്‍ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉത്തരം നല്‍കുവാന്‍ തുടങ്ങി .18 അദ്ധ്യായങ്ങളിലുമായി ആകെ 41 ശ്ലോകങ്ങളേ സഞ്ജയന്റേതായിഉള്ളൂ. ഏറ്റവും ഒടുവിലത്തെ ശ്ലോകത്തില്‍ സഞ്ജയന്‍ ഗീതയുടെ സാരസംഗ്രഹമായി ധൃതരാഷ്ട്രന്നു നല്‍കുന്ന ഉത്തരം ഇതാണ്. യത്രയോഗേശ്വരഃ കൃഷ്‌ണോ യത്ര പാര്‍ത്ഥോ ധനുര്‍ദ്ധരഃ തത്ര ശ്രീര്‍വിജയോ ഭൂതിര്‍ ധ്രുവാ നീതിര്‍മ്മതിര്‍മ്മമ. മലയാളത്തിലാക്കി പറഞ്ഞാല്‍ യോഗേശ്വരന്‍ കൃഷ്ണനോടൊപ്പം കര്‍മ്മവില്ലാളി അര്‍ജുനന്‍ എങ്ങ,ങ്ങാണു ജയം, ഭൂതി നീതിയും എന്നു കാണ്മുഞാന്‍ ''തുടക്കത്തില്‍ ധൃതരാഷ്ട്രരുടെ 32 അക്ഷരങ്ങളിലുള്ള ഒരേ ഒരു ചോദ്യത്തിനു ഏറ്റവും ഒടുവില്‍ സഞ്ജയന്‍ നല്‍കുന്ന 32 അക്ഷരങ്ങള്‍ തന്നെയുള്ള കാച്ചിക്കുറുക്കിയ മറുപടി! അവയ്ക്കിടയിലാണ് അര്‍ജുനന്റെ മുപ്പതു ചോദ്യങ്ങള്‍ക്കുള്ള ഭഗവാന്‍ കൃഷ്ണന്റെ വിശദമായ മറുപടികളായി മഹത്തായ ജീവിത തത്ത്വങ്ങള്‍ -ഭഗവദ് ഗീത- വിടരുന്നത്. അവിടെയെങ്ങും ധൃതരാഷ്ട്രരുടെ മക്കളും പാണ്ഡുവിന്റെ മക്കളും തമ്മിലുള്ള യുദ്ധ ഭീകരതകള്‍ വിവരിക്കുന്നില്ല കേട്ടോ'' ''എന്നിട്ടും ഭഗവദ് ഗീത യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണെന്ന് ചിലര്‍ പറയുന്നല്ലോ മുത്തച്ഛാ?'' ''അത് തെറ്റായ പ്രചാരണമാണുണ്ണീ നിങ്ങളെപ്പോലെ മിടുക്കരായ കുട്ടികള്‍ വേണം അതിനെ പ്രതിരോധിക്കാന്‍. ആ പ്രതിരോധം വളരെ ശക്തമായിരിക്കുന്നതിനു ഗീതയുടെ അര്‍ത്ഥം വിശദമായി നാം മനസ്സിലാക്കിയേ പറ്റൂ. ''ഗീതയിലെ യുദ്ധം മനുഷ്യര്‍ തമ്മിലുള്ളതല്ല. അതു ബാഹ്യമല്ല; ആയുധങ്ങള്‍കൊണ്ടുള്ളതല്ല. അവനവനില്‍ത്തന്നെയുള്ള നന്മതിന്മകള്‍ തമ്മിലുള്ള യുദ്ധമാണ്. നന്മയെ ഉണര്‍ത്തുക. ശക്തമാക്കുക, ലോകത്തിനു മുഴുവന്‍ ക്ഷേമകരമായി പ്രവര്‍ത്തിക്കുക എന്നതാണ് സന്ദേശം. ഒറ്റ ശ്ലോകം കൊണ്ടതുവ്യക്തമാക്കാം. ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധു- രാത്മൈവ രിപുരാത്മനഃ 6-5 ''ആത്മാവിനെ ആത്മാവുകൊണ്ട് ഉണര്‍ത്തണം. ഉയര്‍ത്തണം ആത്മാവിനു വീഴ്ച പറ്റരുത്. താന്‍ തന്നെയാണ്. തന്റെബന്ധു; താന്‍ തന്നെയാണ് ശത്രുവും എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ? '''ഇല്ല മുത്തച്ഛാ ഒന്നു കൂടി വിശദമാക്കിത്തരൂ'' ഉമ ആവശ്യപ്പെട്ടു. ''ഒരാളെ ഉപദ്രവിക്കണം, മോഷ്ടിക്കണം, മദ്യപിക്കണം എന്നൊക്കെത്തോന്നുകയാണെങ്കില്‍ നമ്മുടെ മനസ്സിലെ ശത്രു ഉണരുകയാണ്. അപ്പോള്‍ ഉടനെ മനസ്സില്‍തന്നെയുള്ള ബന്ധുവിനെ വിളിച്ചുണര്‍ത്തി ശക്തനാക്കണം. ഉപദ്രവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ശത്രുവിനോട് ''അതുത് ; ഉപദ്രവിക്കരുത്'' എന്നുതുടര്‍ച്ചയായും ശക്തമായും പറഞ്ഞ്, ബന്ധു എതിര്‍ത്ത് നില്‍ക്കണം. അതിന്റെ ഫലമായി ശത്രുവിചാരം പിന്‍ വാങ്ങുന്നിടത്താണ് നമ്മുടെ വിജയം. അപ്പോള്‍ മൂന്നുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നാം നമ്മെത്തന്നെ രക്ഷിക്കുന്നു. മറ്റൊരാളെ രക്ഷിക്കുന്നു. അതിലൂടെ ശാന്തി സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നു.'' ''ഹായ്! ഗീത മനസ്സിലാക്കാന്‍ വിഷമമാണ്, കടുകട്ടിയാണ് സംസ്‌കൃതമാണ് എന്നൊക്കെ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ആ ധാരണയും തെറ്റാണെന്നു വരുന്നു. എത്രലളിതമായാണ് മുത്തച്ഛന്‍ ഞങ്ങള്‍ക്കു ഗീത മനലസ്സിലാക്കിത്തരുന്നത്!'' ഉണ്ണിപറഞ്ഞു. ''ഇത്തരത്തില്‍ വ്യാഖ്യാനിക്കാവുന്ന വേറെയും ചില ശ്ലോകങ്ങളുണ്ട്. ഗീതയില്‍, പറയുന്ന യുദ്ധം മനസ്സിലെ നന്മതിന്മകള്‍ തമ്മിലാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലാണ്. എന്നു നിങ്ങള്‍ക്ക് ക്രമേണ ബോദ്ധ്യപ്പെടും: അതിലുള്ളത് വ്യക്തിയെ ശുദ്ധീകരിക്കുകയും സമൂഹത്തില്‍ ശാന്തി വളര്‍ത്തുകയും ചെയ്യുന്ന വിശിഷ്ട മന്ത്രങ്ങളാണ്് എന്നു പറയുവാനും കഴിയും.'' മുത്തച്ഛന്‍ പറഞ്ഞു നിര്‍ത്തി.
janmabhumi
janmabhumi
No comments:
Post a Comment