Monday, April 30, 2018

മരണാനന്തരമുള്ള ആത്മാവിന്റെ ഗതി, പുനരാഗമനം മുതലായ വേദാദിയിലെ കല്‍പ്പനകളെക്കുറിച്ചുള്ള ഉപനിഷദ്ദാര്‍ശനികരുടെ ചര്‍ച്ചകളില്‍ നിന്നാവണം ക്രമേണ സംസാരത്തില്‍ നിന്നുള്ള മോചനം എന്ന നിലക്കുള്ള വേദാന്തത്തിലെ നിഷേധാത്മകമായ മോക്ഷപദം (വൈദികത്തിന്റെ പശ്ചാത്തലത്തില്‍ പില്‍ക്കാലത്ത് പരിഷ്‌കൃതങ്ങളായ ഷഡ്ദര്‍ശനങ്ങളിലും ഈ പദം അതാതിന്റെ തന്ത്രയുക്തിക്കനുസൃതമായി നിര്‍വചിക്കപ്പെട്ടു എന്നു കാണാം) ഉരുത്തിരിഞ്ഞത;് ഭൂത, ഭാവി, വര്‍ത്തമാനങ്ങള്‍, ജാഗ്രല്‍, സ്വപ്‌ന, സുഷുപ്തികള്‍ എന്നിങ്ങനെയുള്ള കാലത്രയങ്ങളിലെ മാറ്റമില്ലായ്മ എന്ന ഉണ്മയെക്കുറിച്ചുള്ള യുക്തിപരമായ നിര്‍വചനം ജഗത്തിനെ മിഥ്യയും ബ്രഹ്മത്തെ സത്യവും ആയി കാണാന്‍ വഴി ഒരുക്കി. മായ, അദ്ധ്യാസം, വിവര്‍ത്തം (ഈ പദം ബ്രഹ്മസൂത്രത്തിലില്ല എന്നു പലരും ചൂണ്ടിക്കാണിക്കുന്നു), രജ്ജുസര്‍പ്പ ഭ്രാന്തി, പ്രാതിഭാസികസത്യത്വം, വ്യാവഹാരികസത്യം മുതലായ നിരവധി സാങ്കേതികകല്‍പ്പനകളും ആവശ്യമായി വന്നു. ഉപനിഷത്തിലെ കാഴ്ചപ്പാടനുസരിച്ച് ബ്രഹ്മപദം പൂകാന്‍ വെമ്പുന്ന, വിരക്തി കൈവന്ന, ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഇതൊന്നും തന്നെ അശാസ്ത്രീയമല്ല എന്നു മാത്രമല്ല ലക്ഷ്യം നേടാന്‍ തികച്ചും സഹായകവുമാണ് എന്നും കാണാം. 
നാഥ, തന്ത്രാദി സമ്പ്രദായങ്ങളെ ആഴത്തില്‍ പഠിക്കുമ്പോള്‍ ആണ് ഈ ഗുപ്തധാരകള്‍ അടിസ്ഥാനമാക്കിയ ആദ്ധ്യാത്മികതയോടുള്ള, ആ അനുഭൂതിയോടുള്ള, മേല്‍പ്പറഞ്ഞ നിഷേധാത്മകമായ വൈദികസമീപനത്തില്‍ നിന്നും വ്യത്യസ്തമായ ഭാവാത്മകസമീപനത്തെക്കുറിച്ച്, നമുക്ക് കൂടുതല്‍ വ്യക്തമാകുന്നത്. കേവലം സച്ചിദാനന്ദരൂപമായ ബ്രഹ്മം ആകുക അല്ല മറിച്ച് ആ ആനന്ദത്തെ ആവോളം ആസ്വദിക്കുക എന്നതിനാണ് അവയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. തേന്‍കട്ട ആയിട്ടെന്ത്; തേനിന്റെ മാധുര്യം ആസ്വദിക്കുന്നതിലാണല്ലോ കാര്യം! തന്മൂലം പ്രപഞ്ചം, പ്രപഞ്ചത്തിന്റെ അന്തസ്സത്ത എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങളും അനുഷ്ഠാനചര്യകളും ആ ഊന്നലിന് അനുയോജ്യമായ തരത്തിലാണ് നാഥ, തന്ത്രാദിസമ്പ്രദായങ്ങളില്‍ കാണപ്പെടുന്നത്.
നാഥസമ്പ്രദായം- ഭാരതമാസകലം വ്യാപിച്ച ഒരു ആദ്ധ്യാത്മികപഥമാണ് ഇത്. തമിഴ് നാട്ടിലും കേരളത്തിലും നാഥസമ്പ്രദായം പ്രചരിച്ചിരുന്നു. നിരവധി പിരിവുകളും ഉള്‍പ്പിരിവുകളും ഇതിനുണ്ട്. മത്സ്യേന്ദ്രനാഥന്റെ ശിഷ്യനായ ഗോരഖ്‌നാഥിന്റെ അനുയായികളെ ആണ് പ്രധാനമായും നാഥസമ്പ്രദായികളായി കണക്കാക്കുന്നത്. അവര്‍ യോഗി, ഗോരഖ്‌നാഥി, ദര്‍ഷനി, കാന്‍ഫടാ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഹഠയോഗം അനുഷ്ഠിക്കുന്നതുകൊണ്ട് അവരെ യോഗികള്‍ എന്നു വിളിക്കുന്നു. ഗോരഖ്‌നാഥ് എന്ന സിദ്ധന്റെ ശിഷ്യപരമ്പരയായതിനാല്‍ ഗോരഖ്‌നാഥികള്‍ എന്നു പറഞ്ഞു വരുന്നു. ചെവിയില്‍ വലിയ തോട അണിയുന്നതിനാല്‍ ദര്‍ഷനി എന്നവരെ വിളിക്കുന്നു. ഈ തോട ഇടാനായി ചെവിയുടെ പ്രത്യേകഭാഗം തുളയ്ക്കുന്നതിനാല്‍ കാന്‍ഫടകള്‍ (കാന്‍ എന്നാല്‍ ചെവി) എന്നും ഇവര്‍ അറിയപ്പെടുന്നു. അവരിലെ സ്ത്രീയോഗിനികളെ നാഥിനി എന്നു പറയുന്നു. 
ഹഠയോഗപ്രദീപികയിലും മറ്റും ഈ സമ്പ്രദായത്തിലെ ആചാര്യന്മാരുടെ പേരുകള്‍ പറയുന്നുണ്ട്. ഒരു ഐതിഹ്യപ്രകാരം നീമനാഥനും പാര്‍ശ്വനാഥനും മത്സ്യേന്ദ്രനാഥന്റെ പുത്രന്മാരായിരുന്നു. അവര്‍ പിന്നീട് പ്രത്യേകസമ്പ്രദായങ്ങള്‍ക്കു രൂപം നല്‍കി എന്നും ജൈനസമ്പ്രദായത്തിന്റെ ഉല്‍ഭവവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും ജി.ഡബ്‌ള്യു. ബ്രിഗ്‌സ് പറയുന്നു (ഗോരഖ്‌നാഥ് ആന്‍ഡ് ദി കാന്‍ഫടാ യോഗീസ്, ചാപ്റ്റര്‍4, പേജ്. 72). ഗൈനിനാഥ് സന്ത് ജ്ഞാനേശ്വരന്റെ ഗുരുവായിരുന്നത്രേ (ബ്രിഗ്‌സ്, ചാ. 4, പേ. 74). ആചാര്യപരമ്പരയുടെ വ്യത്യസ്ത വിവരണങ്ങള്‍ ബ്രിഗ്‌സിന്റെ പുസ്തകത്തില്‍ കാണാം.
പരന്ന തോടയ്ക്ക് ദര്‍ഷന്‍ എന്നും ഉരുണ്ടതിന് കുണ്ഡല്‍ എന്നും പറയും. പൂര്‍ണ്ണദീക്ഷയുടെ ഭാഗമായാണ് ചെവി തുളച്ച് തോട ഇടുന്നത്. ഈ സമ്പ്രദായത്തില്‍ ചേരണം എന്ന ദൃഢവ്രതമുള്ളവരെ മാത്രമേ ഈ തോട ഗുരു അണിയിക്കൂ. ശിഷ്യന്റെ നിശ്ചയദാര്‍ഢ്യത്തെ ഗുരു പല തരത്തില്‍ പരീക്ഷിക്കും. പല സന്ദര്‍ഭങ്ങളിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമത്രേ. ഈ തോടകള്‍ മണ്ണ്, ലോഹം തുടങ്ങിയ പല ദ്രവ്യങ്ങള്‍ കൊണ്ടുമുണ്ടാക്കി ധരിക്കുന്നു. കാണ്ടാമൃഗത്തിന്റെ കൊമ്പ് കൊണ്ടുള്ളതിന് പ്രത്യേകവൈശിഷ്ട്യം ഉണ്ടെന്നു കരുതുന്നു. പടിഞ്ഞാറന്‍ ഭാരതത്തിലെ നാഥയോഗികള്‍ ഏഴ് ഇഞ്ച് വ്യാസവും രണ്ടര ഔണ്‍സില്‍ കൂടുതല്‍ ഭാരമുള്ളതുമായ തോടകളാണത്തേ ധരിക്കുക. ഗോരഖ്‌നാഥ് തുടങ്ങി വെച്ചതാണത്രേ ഈ തോട ധരിക്കല്‍.
1891-ല്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സെന്‍സസ്പ്രകാരം 214,546 യോഗികള്‍ ഭാരതത്തിലുണ്ടായിരുന്നത്രേ. അതില്‍ നാല്‍പ്പത്തിഅഞ്ചു ശതമാനം ഈ നാഥയോഗികള്‍ ആയിരുന്നു. 1901-ലെ സെന്‍സസ് പ്രകാരം 45,463 ഹിന്ദുനാഥ- നാഥിനികള്‍ ഉണ്ടായിരുന്നു. ഗോരഖ്‌നാഥ് ആന്‍ഡ് ദി കാന്‍ഫടാ യോഗീസ് എന്ന പുസ്തകത്തില്‍ ഈ സെന്‍സസ്സ് റിപ്പോര്‍ട്ടുകള്‍ വിശദമായി കാണാം.
ഭാരതത്തിലുടനീളം നാഥസമ്പ്രദായികളുടെ പുണ്യസ്ഥലങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. പ്രയാഗ്, കാശി, അയോധ്യാ, ത്ര്യംബകം, ദ്വാരകാ, ഹരിദ്വാര്‍, ബദരീനാഥ്, കേദാരനാഥ്, ബ്രിന്ദാവന്‍, പുഷ്‌കര്‍, രാമേശ്വരം, ഡാര്‍ജിലീങ്ങ്, നേപ്പാള്‍, ആസ്സാം, അമര്‍നാഥ്, ഹിങ്ഗ്ലാജ് (ബലൂചിസ്ഥാനില്‍) തുടങ്ങിയവ അവയില്‍ ചിലതാണ്.
ഇവര്‍ ഒന്‍പതു നാഥന്മാരെയും എണ്‍പത്തിനാലു സിദ്ധന്മാരെയും പൂജിക്കുന്നു. തന്ത്രപഥത്തിന്റെ ആചാര്യന്മാരായി ആദിസിദ്ധന്മാരായ അഞ്ച് നാഥഗുരുക്കന്മാരെപ്പറ്റി എന്‍. എന്‍ ഭട്ടാചാര്യ (ഹിസ്റ്ററി ഓഫ് താന്ത്രിക് റിലിജിയന്‍, ഇന്‍ട്രൊഡക്ഷന്‍, തേ. 23) പറയുന്നു- ഇവര്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരായിരുന്നു. ഇവരില്‍ മത്സ്യേന്ദ്രനാഥന്‍ മുക്കുവനായിരുന്നു. ഗോരക്ഷനാഥന്‍ ധീവരനോ കൈവര്‍ത്തകനോ ആയിരുന്നു. ഹാദി-പാ (ജാലന്ധരീ-പാ) വലവെച്ചു മീന്‍ പിടിക്കുന്ന വിഭാഗത്തില്‍ പെടും. ഇദ്ദേഹം പാടിക എന്ന രാജ്യത്തെ രാജ്ഞി ആയ മൈനാമതിയുടെ കൊട്ടാരത്തിലെ ലായം തൂക്കുന്ന ജോലി നോക്കിയിരുന്നു. മേല്‍പ്പറഞ്ഞ 84 സിദ്ധന്മാരില്‍ (ടിബറ്റന്‍ ഗ്രന്ഥങ്ങളില്‍ കൊടുത്തിരിക്കുന്നതനുസരിച്ച്) ലീയി-പാ, കങ്കാളീ-പാ, ഖഡ്ഗ-പാ, കന്ഹ-പാ, തഗണ-പാ, ക്ഷത്ര-പാ, തന്തി-പാ, കൂസൂലീ-പാ, മാഹില-പാ, രാഹുല-പാ, ചേലുക്-പാ, നിര്‍ഗുണ-പാ, ഭിക്ഖന-പാ, കലകല-പാ, ധാഹുരി-പാ, കമ്പള-പാ, സര്‍വഭക്ഷ-പാ, പുടുലി-പാ, അനങ്ഗ-പാ എന്നിവര്‍ ശൂദ്രര്‍ ആയിരുന്നു. അജോഗി-പാ, മെകോ-പാ, ഭലി-പാ, ഉധരി-പാ എന്നിവര്‍ കച്ചവടക്കാരായിരുന്നു. മീന-പാ, ഗോരക്ഷ-പാ എന്നിവര്‍ ധീവരരായിരുന്നു. ചമരീ-പാ തോല്‍പ്പണിക്കാരനായിരുന്നു. ധോമ്പി-പാ അലക്കുകാരനായിരുന്നു. അചിന്തി-പാ മരം വെട്ടുകാരന്‍ ആയിരുന്നു. കമ്പാരി-പാ കൊല്ലനായിരുന്നു. ജോഗി-പാ ഡോമവിഭാഗം ആയിരുന്നു. ഗുണ്ഡരീ-പാ (ഗൊരൂര്‍-പാ) നായാടി  (പക്ഷിപിടുത്തക്കാരന്‍) ആയിരുന്നു. ചര്‍പരീ-പാ കഹര്‍ ആയിരുന്നു. കന്ദളീ-പാ തയ്യല്‍ക്കാരനായിരുന്നു. പഞ്ച-പാ ചെരുപ്പുകുത്തി ആയിരുന്നു. യോഗിനി മണിഭദ്രാ വീട്ടുവേലക്കാരി ആയിരുന്നു. 
janmabhumi

No comments: