Monday, April 30, 2018

ഛാന്ദോഗ്യോപനിഷത്ത്-11
പഞ്ചവിധ ഉപാസന തുടരുന്നു-
പ്രാണങ്ങളില്‍ അഞ്ചുവിധത്തില്‍ മേല്‍ക്കുമേല്‍ ശ്രേഷ്ഠതരമായ ഗുണത്തോടുകൂടിയ സാമത്തെ ഉപാസിക്കണം. പ്രാണന്‍ ഹിം കാരവും വാക്ക് പ്രസ്താവവും ചക്ഷുസ്സ് ഉദ്ഗീഥയും ശ്രോത്രം പ്രതിഹാരവും മനസ്സ് നിധനവുമാണ്.
പശു ഉപാസനയ്ക്ക് ശേഷമാണ് ഇന്ദ്രിയരൂപമായ ഉപാസനയെ പറഞ്ഞിരിക്കുന്നത്. പാല്, നെയ്യ് തുടങ്ങിയ പോഷകങ്ങളിലൂടെ ഇന്ദ്രിയങ്ങള്‍ പുഷ്ടിപ്പെടുന്നത് നമുക്കറിയാം. ഇവിടെ പ്രാണന്‍ എന്ന് പറഞ്ഞത് ഘ്രാണേന്ദ്രിയത്തേയാണ്. ഇന്ദ്രിയങ്ങളിലുള്ള പ്രാണന്റെ പ്രാധാന്യത്തെ കണക്കാക്കി ഹിംകാരമായി പറയുന്നു. വാക്കുകൊണ്ട് എല്ലാം പ്രസ്താവിക്കുന്നതിനാല്‍ അത് പ്രസ്താവമാണ്. കണ്ണിന്റെ പ്രാധാന്യം കണക്കാക്കി അതിനെ ഉദ്ഗീഥമായി കാണിക്കുന്നു. എല്ലാ ഭാഗങ്ങളില്‍നിന്നും ഉള്ള ശബ്ദത്തെ പ്രതിഹരിക്കുന്നതിനാല്‍ കാത് പ്രതിഹാരമാണ്. ഇന്ദ്രിയങ്ങള്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ ചെന്നു ചേരുന്നതിനാല്‍ മനസ്സിനെ നിധനം എന്ന് പറയുന്നു.
ഈ പറയുന്ന ഇവയ്‌ക്കെല്ലാം ഒന്നിനൊന്ന് മേല്‍ക്കുമേല്‍ മെച്ചമായ അവസ്ഥയെ പരോഹീയസ്ത്വം ഉണ്ട്. മുന്നില്‍ വരുന്ന ഗന്ധത്തെ മാത്രമേ ഘ്രാണേന്ദ്രിയത്തിന് അറിയാനാകൂ. വാക്കിന് ഈ പരിമിതിയില്ല. മുന്നിലെത്താവയെക്കൂടി പറയാനാകും. അതിനാല്‍ വാക്ക് പ്രാണനേക്കാള്‍ ശ്രേഷ്ഠമാണ്. വാക്കിനെക്കാള്‍ വിഷയങ്ങളെ കൂടുതലായി പ്രകാശിപ്പിക്കുന്നതിനാല്‍ കണ്ണ് വാക്കിനേക്കാള്‍ കേമമാണ്. എന്നാല്‍ കണ്ണിനും പരിമിതിയുണ്ട്. മുന്നിലുള്ളവയെ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ കാതിന് എല്ലാ വശത്തുനിന്നുമുള്ള ശബ്ദങ്ങളെ കേള്‍ക്കാന്‍ സാധിക്കും. അതിനാല്‍ കണ്ണിനേക്കാള്‍ ഉയര്‍ന്നതാണ്. എല്ലാ ഇന്ദ്രിയങ്ങളിലും ഒരുപോലെ വ്യാപിക്കുന്നതിനാല്‍ മനസ്സ് കാതിനേക്കാള്‍ കേമം. ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ വിഷയങ്ങളിലും മനസ്സിനും എത്താനാകും. ഇങ്ങനെയാണ് പരോവരീയസ്ത്വത്തെ അറിയേണ്ടത്.
ഇപ്രകാരം അറിഞ്ഞ് ഇന്ദ്രിയങ്ങളില്‍ മേല്‍ക്കുമേല്‍ ശ്രേഷ്ഠതരങ്ങളായ പഞ്ചവിധ സാമങ്ങളെ ഉപാസിക്കുന്നയാള്‍ക്ക് വിശിഷ്ടമായ ജീവനം ലഭിക്കുന്നു. പരോവരീയസ്സുകളായ ലോകങ്ങളെ ജയിക്കുകയും ചെയ്യുന്നു. ഇതാണ് പഞ്ചവിധസാമ ഉപാസനം.
ഏഴുവിധത്തിലുള്ള സാമത്തിന്റെ ഉപാസനമാണ് ഇനി. വാഗ്ദൃഷ്ടിയോടുകൂടി സപ്തവിധ സാമത്തെ ഉപാസിക്കണം. വാക്കില്‍ 'ഹും' എന്ന അക്ഷരം തന്നെയാണ് ഹിങ്കാരം 'പ്ര' എന്നത് പ്രസ്താവം. 'ആ' എന്നത് ആദി. 'ഉദ്' എന്നത് ഉദ്ഗീഥം പ്രതി എന്നത് ഉപദ്രവം നീ എന്നത് നിധനം. ഏഴ് വിധമുള്ള വാക്കുകളെ ഏഴു വിവിധ സാമമായി ഉപാസിക്കണം. ഇങ്ങനെ അറിഞ്ഞ് സപ്തവിധ സാമത്തെ ഉപാസിക്കുന്നത് വാക്കിന്റെ കനം ഉണ്ടാകും. നല്ലവാക് ദൈവം ഉണ്ടാകും. അനായാസ ഫലം ലഭിക്കുമെന്നര്‍ത്ഥം. ആ സാധകന്‍ വളരെ അന്നമുള്ളവനായും ധാരാളം അന്നം കഴിക്കാവുന്നത്ര അഗ്‌നിബലമുള്ളവനായും മാറും.
പിന്നീട് ആ ആദിത്യനായി സപ്തവിധ സാമത്തെ ഉപാസിക്കണം. എല്ലായ്‌പ്പോഴും ഒരേ നിലയില്‍ ഇരിക്കുന്നതിനാല്‍ ആദിത്യന്‍ സാമമാണ്. എന്റെ നേരെയാണ്, എന്റെ നേരെയാണ് എന്ന് എല്ലാവര്‍ക്കും തോന്നുന്നതിനാല്‍ എല്ലാവരോടും തുല്യനായിരിക്കുന്നതിനാലും ആദിത്യന്‍ സാമമാണ്. മുന്‍പ് ഒന്നാം അധ്യായത്തിലും രണ്ടിലും ആദിത്യനായി സാമ അവയവങ്ങളെ ഉപാസിക്കാന്‍ പറഞ്ഞിരുന്നു. അതേ ആദിത്യനെയാണ് സപ്തവിധ സാമമായി കണ്ട് ഉപാസിക്കാന്‍ ഇവിടെ പറയുന്നത്. ആദിത്യന്റെ സമത്വധര്‍മ്മംകൊണ്ടാണ് സാമമായി കാണുന്നത്.
ആദിത്യനില്‍ എല്ലാ ഭൂതങ്ങളും ഒത്തുചേര്‍ന്നിരിക്കുന്നു. ഉദയത്തിന് മുമ്പുള്ള ആദിത്യന്റെ സുഖകരമായ രൂപം ഹിംകാരമാണ്. ആ രൂപത്തെ പശുക്കള്‍ ആശ്രയിക്കുന്നു. അതുകൊണ്ട് അവ 'ഹിം' എന്ന ശബ്ദത്തെ ഉണ്ടാക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവയ്ക്ക് ഈ സാമത്തിന്റെ ഹിംകാര ഭക്തിയെ ഭജിക്കുക ശീലമുള്ളവയാണ്.
സൂര്യന്‍ ഉദിച്ച് കഴിഞ്ഞ ഉടനെയുള്ള രൂപം സാമത്തിന്റെ പ്രസ്താവമാണ്. മനുഷ്യര്‍ ഇതിനെ ആശ്രയിക്കുന്നവര്‍ ആണ്. ഈ സാമത്തിന്റെ പ്രസ്താവ ഭക്തിയെ അനഗതരായിരിക്കുന്നതിനാല്‍ മനുഷ്യര്‍ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള സ്തുതിയെ ആഗ്രഹിക്കുന്നവരാണ്. പ്രത്യക്ഷമായ സ്തുതി സ്തുതിയും പരോക്ഷ സ്തുതി പ്രശംസയുമാണ്.
പിന്നെ പശുക്കള്‍ (ഗോക്കള്‍) ഒന്നിച്ച് ചേരുന്ന സമയത്ത് ആദിത്യന്റെ രൂപം ഈ സാമത്തിന്റെ ആദിയാണ്. പക്ഷികള്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഈ സാമത്തിന്റെ ആദിഭക്തിയെ ചേര്‍ന്നിരിക്കുന്നതിനാല്‍ പക്ഷികള്‍ ആകാശത്തില്‍ യാതൊരു അവലംബവുമില്ലാതെ പറന്നുപോകുന്നു. ഗോക്കള്‍ ഒന്നിച്ചു പോകുക എന്നതിന് രശ്മികള്‍ ഒന്നിച്ചു ചേരുന്ന സമയം എന്നോ പശു അതിന്റെ കുട്ടിയോട് ഒന്നിച്ചു ചേരുന്ന സമയം എന്നോ അര്‍ത്ഥമെടുക്കാം.
മധ്യാഹ്ന സമയത്തെ സൂര്യന്റെ രൂപം ഉദ്ഗീഥമാണ്. ദേവന്മാര്‍ അതിനെ ആശ്രയിക്കുന്നു. ഈ സാമത്തിന്റെ ഉദ്ഗീഥകാന്തിയെ അനുഗതമായിരിക്കുന്നതിനാല്‍ ദേവന്മാര്‍ പ്രജാപതിയുടെ സന്തിതികളില്‍വച്ച് ശ്രേഷ്ഠമാകുന്നു. ദേവന്മാരും മധ്യാഹ്‌ന സൂര്യനും ഒരുപോലെ പ്രകാശ സ്വരൂപമാണ്.
ആദിത്യന്റെ മധ്യാഹ്‌നത്തിനും അപരാഹ്‌നത്തിനും ഇടയ്ക്കുള്ള രൂപമാണ് പ്രതിഹാരം. ഗര്‍ഭങ്ങള്‍ അതിനെ ആശ്രയിച്ചിരിക്കുന്നു. ഈ സാമത്തിന്റെ പ്രതിഹാര ഭക്തിയോട് ചേര്‍ന്നിരിക്കുന്നതിനാല്‍ അവ മുകളില്‍ പിടിച്ച് താഴേക്ക് വീഴാതിരിക്കുന്നു. പ്രതി എന്നതാണ് സാമാന്യധര്‍മ്മം. പ്രതിഹാരത്തെ ആശ്രയിക്കുന്നതിനാലാണ് ഗര്‍ഭം പ്രതിഹൃതമായത്.
ആദിത്യന്റെ അസ്മയത്തിന് മുമ്പുള്ള രൂപം ഉപദ്രവ ഭക്തിയാണ്. കാട്ടിലുള്ള ജന്തുക്കള്‍ അതിനെ ആശ്രയിച്ചിരിക്കുന്നു. സാമത്തിന്റെ ഉപദ്രവഭക്തിയോട് ചേര്‍ന്നിരിക്കുന്നതിനാല്‍ കാട്ടുജന്തുക്കള്‍ മനുഷ്യരെ കാണുമ്പോള്‍ അഭയസ്ഥാനമായ കാട്ടിലേക്ക് മടങ്ങുന്നു. സന്ധ്യാസമയത്തെ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലേക്കും കാട്ടുജീവികള്‍ കാട്ടിലേക്കും പോകുന്നു.
അസ്തമിക്കുവാന്‍ തുടങ്ങുന്ന സൂര്യന്റെ രൂപം നിധനമാണ്. പിതൃക്കള്‍ ആ രൂപത്തെ ആശ്രയിക്കുന്നവരാണ്. ഈ സാമത്തിന്റെ നിധന ഭക്തിയെ അനുഗതന്മാരായിരിക്കുന്നതിനായാണ് പിതൃക്കളെ നിധനം ചെയ്യുന്നത്. ഇങ്ങനെയാണ് ഏഴ് വിധത്തില്‍ ആദിത്യനെ സാമമായി ഉപാസിക്കുന്നത്. നിധനം ചെയ്യുക എന്നാല്‍ ദര്‍ഭ വിരിച്ച് പിതൃക്കള്‍, പിതാമഹന്മാര്‍ എന്ന നിലയില്‍ അതില്‍ ഇരുത്തുന്നതോ ശ്രാദ്ധാദികളില്‍ പിണ്ഡം വയ്ക്കുന്നതോ ആണ്. ബ്രാഹ്മമുഹൂര്‍ത്തം മുതല്‍ സായംസന്ധ്യാ സമയംവരെയുള്ള സൂര്യനെ 3 വിധത്തില്‍ വിഭജിച്ച് സാമമായി ഉപാസിക്കുന്നു. ആദിത്യ പ്രാപ്തിയാണ് ഫലം.
 9495746977..janmabhumi

No comments: