Friday, April 27, 2018

ജിതാക്ഷായ ശാന്തായ സക്തായ മുക്തൗ
വിഹീനായ ദോഷൈരസക്തായ ഭുക്തൗ
അഹീനായ ദോഷേതരൈരുക്തകര്‍ത്രേ
പ്രദേയോ നദേയോ ഹഠശ്ചേതരസ്‌മൈ.
അക്ഷങ്ങളെ (ഇന്ദ്രിയങ്ങളെ) ജയിച്ചവനും ശാന്തനും മുക്തിയില്‍  ശ്രദ്ധയുള്ളവനും ദോഷരഹിതനും ഭുക്തിയില്‍ ശ്രദ്ധയില്ലാത്തവനും ഗുണങ്ങള്‍ (ദോഷേതരൈഃ) നിറഞ്ഞവനും (അഹീനായ) ഋജുബുദ്ധിയുള്ളവനും (ഉക്തകര്‍ത്ത്രേ) ഹഠവിദ്യ നല്‍കണം. മറ്റുള്ളവര്‍ക്ക് കൊടുക്കരുത്. 
യാജ്ഞവല്‍ക്യന്‍ പറയുന്നത് കാണുക.
വിധ്യുക്ത കര്‍മസംയുക്തഃ 
കാമസങ്കല്‍പ വര്‍ജിതഃ
യമൈശ്ച നിയമൈര്യുക്തഃ 
സര്‍വസംഗവിവര്‍ജിതഃ
വിധിപ്രകാരമുള്ള കര്‍മം ചെയ്യുന്ന കാമചിന്തയില്ലാത്ത യമ-നിയമങ്ങളനുഷ്ഠിക്കുന്ന സര്‍വസംഗ പരിത്യാഗിയായവന് നല്‍കണം.
കൃതവിദ്യോ ജിതക്രോധഃ 
സത്യധര്‍മപരായണഃ
ഗുരുശുശ്രൂഷണരതഃ 
പിതൃമാതൃ പരായണഃ
വിദ്യാസമ്പന്നനായ, ക്രോധത്തെ ജയിച്ച, സത്യവും ധര്‍മവുമനുഷ്ഠിക്കുന്ന, ഗുരുശുശ്രൂഷ ചെയ്യുന്ന, അച്ഛനമ്മമാരെ പരിചരിക്കുന്നവന് കൊടുക്കണം.
സ്വാശ്രമസ്ഥഃ സദാചാരോ
വിദ്വദ്ഭിശ്ച സുശിക്ഷിതഃ
നല്ല ആശ്രമത്തിലായിരിക്കുന്ന, സദാചാരനിരതനായ വിദ്വാന്മാരില്‍നിന്ന് ജ്ഞാനം നേടിയവന് നല്‍കണം. 
ശിശ്‌നോദര രതായൈവ നദേയം 
വേഷധാരിണേ. 
ലിംഗത്തിലും വയറിലും മാത്രം ശ്രദ്ധയുള്ള വേഷംകെട്ടുകാരന് നല്‍കരുത്.
വായു സംഹിതയില്‍ പറയുന്നു:-
ദൃഷ്‌ടേ തഥാനുശ്രവികേ വിരക്തം
 വിഷയേ മനഃ
യസ്യ തസ്യാധികാരോസ്മിന്‍ 
യോഗേ നാന്യസ്യകസ്യചിത്.
ഈ ലോകത്തിലും (ദൃഷ്‌ടേ) മറുലോകത്തും ഉള്ള സുഖങ്ങളില്‍ (വിഷയേ) വിരക്തിയുള്ള മനസ്സോടുകൂടിയവനേ ഈ യോഗത്തില്‍ അധികാരമുള്ളൂ.
ഇത്തരത്തില്‍ അധികാരികളെയും അനധികാരികളെയും പറയുകയും അപാത്രത്തിലുള്ള ദാനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
സുരാജ്യേ ധാര്‍മികേ ദേശേ 
സുഭിക്ഷേ നിരൂപദേവേ
ധനുഃ പ്രമാണപര്യന്തം 
ശിലാഗ്നി ജലവര്‍ജിതേ
ഏകാന്തേ മഠികാമധ്യേ സ്ഥാതവ്യം 
ഹഠയോഗിനാ.(ഹ.യോ.പ്ര. 1-12). 
സദ്ഭരണം നടക്കുന്ന, ധാര്‍മികമായ, സുഭിക്ഷത നിറഞ്ഞ, നിരുപദ്രവമായ ദേശത്ത് പാറ, വെള്ളം, അഗ്നി എന്നിവയില്‍ നിന്ന് വില്‍പ്പാട് അകലത്തായി ഏകാന്തമായ ഒരു മഠിക (കൊച്ചു ആശ്രമം) ഉണ്ടാക്കി അതിലാണ് ഹഠയോഗി ഇരിക്കേണ്ടത്.
യോഗി സുരാജ്യത്തു താമസിക്കണം. ഒരു കൊച്ചു ആശ്രമം (മഠം എന്നാല്‍ ആശ്രമം, മഠിക എന്നുപറഞ്ഞാല്‍ ചെറിയ ആശ്രമം അഥവാ കുടില്‍)വച്ച് അതില്‍ കഴിയണം. പൊങ്ങച്ചമോ മറ്റുള്ളവര്‍ക്ക് അസൂയ തോന്നിക്കുകയോ അരുത്. ''എളിയ ജീവിതം ഉയര്‍ന്ന ചിന്ത'' എന്നതാണ് മുദ്രാവാക്യം. പക്ഷേ അത് അനുവദിക്കപ്പെടുന്ന ഭരണകൂടമായിരിക്കണം. മുമ്പത്തെ കണക്കിന് രാജാവ്. സുരാജ്യം, എന്നാല്‍ നല്ല രാജാവ് ഭരിക്കുന്ന ഇടം. ധര്‍മത്തിനനുസരിച്ച് ജീവിക്കുന്നവരായിരിക്കണം ചുറ്റുപാടും. അഞ്ചോ പത്തോ വര്‍ഷം സാധനവേണ്ടിവരും എന്നു ചിന്തിക്കണം. വലിയ പാറക്കല്ല് അടുത്തുണ്ടെങ്കില്‍  അത് ഉരുണ്ടുവരാനോ ഉരുട്ടി വിടാനോ സാധ്യതയുണ്ട്. തീയും അപ്രകാരം തന്നെ അഗ്നി പര്‍വതത്തിനടുത്ത് ആരും താമസിക്കില്ലല്ലൊ. കുടിലിന് തീപ്പിടിക്കാനും മതി. കുളത്തിന്റെയോ പുഴയുടെയോ സാമീപ്യം കുഴപ്പമില്ല, പക്ഷേ വളരെ തൊട്ടാകരുത്, അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. യോഗിക്കുവേണ്ട ഭക്ഷണങ്ങള്‍ യഥേഷ്ടം കിട്ടുന്ന സ്ഥലമായിരിക്കണം. അതാണ് സുഭിക്ഷ ദേശം. ആശ്രമത്തില്‍ പശു വളര്‍ത്തല്‍ പ്രായോഗികമല്ല.  എന്നാല്‍ പാലും നെയ്യും ധാന്യങ്ങളും ഒക്കെ യഥേഷ്ടം ലഭിക്കുന്ന സ്ഥലമാവണം. ഭിക്ഷ എന്നാല്‍ ദാനംകൊടുക്കുന്ന ഭക്ഷണം എന്നും അര്‍ത്ഥമുണ്ട്. ഭിക്ഷകൊടുക്കാന്‍ സന്മനസ്സുള്ളവരുടെ സ്ഥലമാവണമെന്നര്‍ത്ഥം. നിരുപദ്രവം എന്നുപറയുമ്പോള്‍ ഇഴജന്തുക്കളും മൃഗങ്ങളും സൂചിപ്പിക്കപ്പെട്ടു. ഭൗതികമായ പ്രയാസങ്ങളെപ്പറ്റി ചിന്തിക്കാതെ മനസ്സിന്റെ ലോകത്തു വിഹരിക്കാന്‍ ഉള്ള സാഹചര്യം വേണമെന്നു ചുരുക്കം.
പണ്ട് മനുഷ്യജീവിതം ആശ്രമവ്യവസ്ഥക്കനുസൃതമായിരുന്നു. ആയുസ്സിന്റെ ആദ്യത്തെ 25 വര്‍ഷം ബ്രഹ്മചര്യാശ്രമം, പഠനകാലം. രണ്ടാമത്തെ 25 വര്‍ഷം അതായത് 50 വയസ്സുവരെ ഗാര്‍ഹസ്ഥ്യം. പിന്നീട് 25 വര്‍ഷം വാനപ്രസ്ഥം, ''സേവാനിവൃത്ത'' ജീവിതം. പിന്നീട് സന്ന്യാസാശ്രമം. ഗൃഹസ്ഥന്മാരാണ് മറ്റുള്ളവരെ പോറ്റേണ്ടത്. അവരാണ് സന്ന്യാസിക്ക് ഭിക്ഷ കൊടുക്കേണ്ടത്. വ്യവസായവല്‍ക്കരണത്തിന്റെയും മത്സരത്തിന്റെയും ചൂഷണത്തിന്റേതുമായ ഈ കാലഘട്ടത്തില്‍ യോഗിയുടെ മഠം എങ്ങനെ വേണമെന്നത് ചിന്തനീയമാണ്. നിര്‍മത്സരമായ, യൗഗിക അന്തരീക്ഷത്തെ വിറ്റു കാശാക്കാന്‍ ഇരിക്കുന്നവരാണ് ചുറ്റുപാടുമെങ്കില്‍ അതിനെ മറികടക്കാന്‍ സാധകന്‍ വഴികണ്ടെത്തണം. സാധകനും മണ്ടനല്ലല്ലോ. ബാഹ്യലോകം അന്തരംഗ സാധനയ്ക്ക് ബാധകമാകാതിരിക്കത്തക്കവണ്ണമുള്ള ചുറ്റുപാട് സാധനയുടെ ഒരു മുന്നൊരുക്കമാണെന്നു ചുരുക്കം. കാലത്തിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ സാധകനറിയണം. ""Letter and spirit''  എന്ന ഒരു ശൈലിയുണ്ട്. ഇവിടെ പറയപ്പെടുന്നവയും അക്ഷരാര്‍ത്ഥത്തിലെടുക്കാതെ താല്‍പ്പര്യാര്‍ത്ഥത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത് പറഞ്ഞുതന്നവരോട് ഒരു നമസ്‌കാരം പറയാനും സമയം കണ്ടെത്തുക.
''യുക്താഹാര വിഹാരേണ ഹഠയോഗസ്യസിദ്ധയേ'' എന്ന ഒരു പാദം ചില പതിപ്പില്‍ കാണാം. ആഹാരം യുക്ത(യോജിച്ചത്)മാവണം. വിഹാരവും യുക്തമാവണം. എന്നാലേ സിദ്ധിയുണ്ടാവൂ എന്നു താല്‍പ്പര്യം.
 janmabhumi

2 comments:

മോഹൻ said...

നല്ല വിവരങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി
..

മോഹൻ said...

നല്ല വിവരങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി
..