Friday, April 27, 2018

സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്‍ സീതാദേവിയെ ദര്‍ശിച്ചതിനുശേഷം അശോകവനം നശിപ്പിച്ചുതുടങ്ങി. ഇതുകണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചുകെട്ടി രാവണസന്നിധിയിലെത്തിച്ചു. അഹങ്കാരിയായ കുരങ്ങനെ ഒരു പാഠം പഠിപ്പിക്കണമെന്ന് രാവണന്‍ തീരുമാനിച്ചു. വാനരന്മാര്‍ക്ക് വാലിലാണ് ശൗര്യമെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നും രാവണന്‍ കല്‍പ്പിച്ചു. രാക്ഷസ കിങ്കരന്മാര്‍ രാവണന്റെ കല്‍പ്പനപ്രകാരം ഹനുമാന്റെ വാലില്‍ തുണി ചുറ്റാന്‍ തുടങ്ങി. എന്നാല്‍, ഈ സമയം ഹനുമാന്‍ ഒരു കുസൃതി കാണിച്ചു. യഥേഷ്ടം നീട്ടാനും ചുരുക്കാനും പറ്റുന്ന തന്റെ വാല്‍ രാക്ഷസര്‍ തുണി ചുറ്റുന്നതിനനുസരിച്ച് നീട്ടിക്കൊണ്ടിരുന്നു. നീണ്ടുവരുന്ന വാലില്‍ തുണിചുറ്റി രാക്ഷസര്‍ വശംകെട്ടു. ലങ്കാപുരിയിലെ തുണികളെല്ലാം ഉപയോഗിച്ചിട്ടും ഹനുമാന്റെ വാല്‍ നീണ്ടുതന്നെ കാണപ്പെട്ടു. ഒടുവില്‍ കൊട്ടാരവാസികളുടെ തുണികളും എടുത്തു. അപ്പോഴും വാല്‍ നീണ്ടിരിക്കുന്നു! വാലില്‍ ചുറ്റാന്‍ ഇനിയും തുണിയില്ലെന്നു കണ്ട രാക്ഷസര്‍ പറഞ്ഞു: “അശോക വനികയിലുള്ള സീത ധരിച്ചിരിക്കുന്ന തുണിയെടുക്കാം.” രാക്ഷസരുടെ വാക്കുകേട്ട ഹനുമാന്‍ ഞെട്ടിപ്പോയി. താന്‍ കാണിച്ച കുസൃതി തന്റെ സ്വാമിപത്‌നിക്കു ആപത്തായി വരുന്നതുകണ്ടയുടന്‍ ഹനുമാന്‍ വാല്‍ നീട്ടുന്നത് നിര്‍ത്തി. കുസൃതി അതിരുകവിഞ്ഞാല്‍ ആപത്താണെന്ന് ഹനുമാന് മനസ്സിലായി.
ഹനുമാന്‍ വളര്‍ന്നുവന്നപ്പോള്‍ മഹാകുസൃതിയായിരുന്നു. അവന്‍ മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ തുടങ്ങി. മാതാവിന്റെ വാക്കുകളൊന്നും അവന്‍ ചെവിക്കൊണ്ടില്ല. തന്റെ അപാരമായ ബലം അവന്‍ മഹര്‍ഷിമാരില്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഹനുമാന്റെ കുസൃതി ഏറിവന്നപ്പോള്‍ മഹര്‍ഷിമാര്‍ അവനെ ശപിച്ചു. ദീര്‍ഘകാലം ഹനുമാന്‍ തന്റെ ബലത്തെ മറന്നുപോകും എന്നതായിരുന്നു ശാപം. എന്നാല്‍, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ തന്റെ ബലത്തെ ആരെങ്കിലും ഓര്‍മപ്പെടുത്തിയാല്‍ മറന്നുപോയത് തിരിച്ചുകിട്ടുമെന്നു ശാപമോക്ഷവും കൊടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരന്മാരുടെ കൂട്ടത്തില്‍ ഹനുമാനും ഉണ്ടായിരുന്നു. അന്വേഷണത്തിനിടയില്‍ സീതാദേവി ലങ്കാപുരിയിലുണ്ടെന്നു അവര്‍ മനസ്സിലാക്കി. എന്നാല്‍ സമുദ്രലംഘനം ചെയ്ത് സീതാദേവിയെ കണ്ടെത്താന്‍ ആര്‍ക്കാണു കഴിയുക എന്ന ചര്‍ച്ചയ്ക്കിടയില്‍ ജാംബവാന്‍ ഹനുമാന്റെ മറന്നുപോയ കഴിവുകളെ ഓര്‍മപ്പെടുത്തി. ഈ ഓര്‍മപ്പെടുത്തലില്‍ തന്റെ ശക്തിയെക്കുറിച്ചോര്‍മ വന്ന ഹനുമാന്‍ നെഞ്ചുവിരിച്ച് ലോകം നടുങ്ങുമാറ് ഉച്ചത്തിലലറി.

No comments: