Monday, April 30, 2018

പദ്മപുരാണം, സ്‌കന്ദ പുരാണം, ബ്രഹ്മാണ്ഡ പുരാണം, ബ്രഹ്മ വൈവര്‍ത്ത പുരാണം മുതലായ പുരാണങ്ങളില്‍ ഗോലോകത്തെപ്പറ്റി വിവരിക്കുന്നുണ്ട്. 
മഹാകവി വള്ളത്തോള്‍, 'ശിഷ്യനും മകനും' എന്ന ലഘുകാവ്യം രചിച്ചിട്ടുള്ളത് ബ്രഹ്മാണ്ഡപുരാണത്തിലെ കഥയെ ആശ്രയിച്ചാണല്ലോ. പരശുരാമന്‍, പരശു എറിഞ്ഞ് ഗണപതിയുടെ ഒരു കൊമ്പ് മുറിച്ചപ്പോള്‍ പാര്‍വ്വതീ ദേവി-
''കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍നിന്നി ദാനീം?''
എന്നൊക്കെ ആവലാതി പറഞ്ഞു കരഞ്ഞുകൊണ്ട് ഗണേശനേയും കൂട്ടി അച്ഛന്റെ ഗൃഹത്തിലേക്ക് പുറപ്പെട്ടു. മഹാദേവന്‍ തന്റെ കുടുംബ കലഹം തീര്‍ക്കാന്‍  ഗോലോകനാഥനായ ശ്രീകൃഷ്ണനെയാണ് സ്മരിച്ചത്. ശ്രദ്ധിക്കൂ.
സസ്മാര മനസാ കൃഷ്ണം
പ്രണത ക്ലേശനാശനം 
ഗോലോക നാഥം ഗോപീശം
നാനാനുനയകോവിദം
സ്മൃതമാത്രേളഥ ഭഗവാന്‍
കേശവഃ പ്രണതാര്‍ത്തിഹാ
ആജഗാമ ദയാസിന്ധുഃ
ഭക്തവശ്യോളഖിലേശ്വരഃ
(അധ്യാ: 42-ഗ്ലോ.18-19)
(=ഗോലോകനാഥനും ഗോപിമാരുടെ നായകനും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്ക് ജ്ഞാനവും ഐശ്വര്യവും കൊടുക്കുന്നവനും നമസ്‌കരിക്കുന്നവരുടെ ദുഃഖത്തെ നശിപ്പിക്കുന്നവനുമായ ശ്രീകൃഷ്ണനെ സ്മരിച്ചും ഭക്തവശ്യനും അഖിലേശ്വരനും  ദയാവാരിധിയുമായ ഭഗവാന്‍ അവിടേക്ക് എഴുന്നെള്ളി. ആ ശ്രീകൃഷ്ണ ഭഗവാന്റെ ആവിര്‍ഭാവ രൂപങ്ങളാണ്, കാരണസമുദ്രത്തില്‍ ശയിക്കുന്ന ആദിപുരുഷനും, പാലാഴിയിലും വൈകുണ്ഠത്തിലും സാന്നിദ്ധ്യം ചെയ്യുന്ന നാരായണനും എന്ന് മനസ്സിലാക്കണം. ശ്രീകൃഷ്ണ ഭഗവാന്റെ ഗോലോകം, ആ പേരുകൊണ്ട് തന്നെ അന്വര്‍ത്ഥമാണ്. ഗോക്കള്‍-പ്രകാശം പൊഴിയുന്ന രശ്മികള്‍-നിറഞ്ഞത് എന്ന് അര്‍ത്ഥം. ആ തേജസ്സ് ഭൗതികമല്ല, ഭഗവാന്റെ ആത്മീയ പ്രകാശമാണ് എന്ന് ഭഗവാന്‍ വിവരിക്കുന്നു.
സൂര്യഃ തത് ന ഭാസയതേ (15-6)
ഈ ഭൗതിക ലോകത്തെ പ്രകാശിപ്പിക്കുന്ന സൂര്യഗ്രഹത്തിന് ഗോലോകത്തെ പ്രകാശിപ്പിക്കാനുള്ള തേജസ്സ് സ്വായത്തമല്ല, യോഗശക്തിയും ഇല്ല. പകല്‍  സമയത്തെ മിന്നാമിനുങ്ങിന്റെ വെളിച്ചമേ സൂര്യനുള്ളൂ. അതാണ്-
ന ശശാങ്കഃ ന പാവകഃ (15-6)
ചന്ദ്രന് പ്രകാശം കിട്ടുന്നത് സൂര്യനില്‍നിന്നാണ്. പിന്നെ ആ ചന്ദ്രന് എങ്ങനെ ഭഗവത്സ്വരൂപം തതന്നെ ആയ ഗോലോകത്തെ പ്രകാശിപ്പിക്കാന്‍ കഴിയും? അഗ്നിക്ക്-നമ്മുടെ ഗൃഹാന്തര്‍ഭാഗത്തെ പോലും പ്രകാശിപ്പിക്കാനുള്ള കഴിവില്ല. വേദത്തില്‍ ഈ വസ്തുത മുന്‍പേ പ്രസ്താവിച്ചിട്ടുണ്ട്.
''ന തത്ര സൂര്യോ ഭാതി, 
ന ചന്ദ്രതാരകം''
നേമാ വിദ്യുതോ ഭാന്തികുതോയമഗ്നിഃ
(കഠോപനിഷത് (2-2-15)
ഭഗവാന്റെ അന്തരംഗം ശക്തികൊണ്ടുതന്നെ എന്നെന്നും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നു, ആ ലോകം.
യദ്ഗത്വാന നിവര്‍ത്തന്തേ (15-6)
പരമജ്യോതിര്‍മയമായ ആ ലോകത്തില്‍ എത്തിച്ചേര്‍ന്നവര്‍, പിന്നീട് ഈ ഭൗതിക പ്രപഞ്ചത്തിലേക്ക് തിരിച്ചുവരുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.
അപരാശക്തിയുടെ ഉല്‍പ്പന്നമായ ഈ ഭൗതികപ്രപഞ്ചത്തില്‍ നിന്ന് മുക്തിനേടിയവര്‍- ''നിര്‍മ്മാണ മോഹാഃ'' എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ പ്രകാരം പരമഭക്തിയിലൂടെ ഭഗവാനെ അറിയുകയും സേവിക്കുകയും ചെയ്യുന്നവര്‍ ഭഗവത്പദത്തിലെത്തി ഭഗവാന്റെ സന്തതസഹചാരികളും ദാസന്മാരുമായി ആനന്ദം അനുഭവിക്കുന്നു.
പതിനൊന്നാം അധ്യായം 54-ാം ശ്ലോകത്തില്‍ ഭഗവാന്‍ സ്വയം ഈ കാര്യം മുന്‍പേ പറഞ്ഞിട്ടുമുണ്ട്.
''ഭക്ത്യാ ത്വനന്യയാശക്യ 
അതിമേവം വിധോ
ര്‍ജ്ജുനാ ജ്ഞാതും ദ്രഷ്ടും 
ചതത്വേന
പ്രവേഷ്ടും ച'' പരന്തപ''
 9961157857

No comments: