Tuesday, April 24, 2018

പതിനഞ്ചാം അധ്യായം
കഴിഞ്ഞ അധ്യായത്തില്‍ ജീവാത്മാവായ പുരുഷന്‍ മായയുടെ സത്ത്വരജസ്തമോഗുണങ്ങളാകുന്ന കയറുകള്‍കൊണ്ട്, ഭൗതിക പ്രപഞ്ചത്തില്‍ ബന്ധിക്കപ്പെട്ടു കിടക്കുകയാണെന്ന് വിസ്തരിച്ചു പറഞ്ഞു, പിന്നീട്-
''മാം ച യോളവ്യഭിചാരേണ
ഭക്തിയോഗേന സേവതേ
സഗുണാന്‍ സ ഗുണാന്‍ 
സമതീതൈ്യതാന്‍
ബ്രഹ്മഭൂയായ കല്‍പതേ''
(=ഭഗവാനില്‍ നിന്ന് ഒരു നിമിഷംപോലും വേര്‍പിരിയാത്തതും വേറെ ഒരു ആഗ്രഹവും ഇല്ലാത്തതുമായ ഭക്തിയോഗത്തിലൂടെ ഭഗവാനെ സേവിക്കുന്ന ഭക്തന് ത്രിഗുണങ്ങളെ അതിക്രമിച്ച്, ബ്രഹ്മഭാവം നേടാനുള്ള യോഗ്യത ലഭിക്കും.) എന്ന് വിശദീകരിച്ചു.
ഈ അധ്യായത്തില്‍ ഭജനീയമായ ഭഗവാന്റെ സ്വരൂപത്തെയാണ് വിവരിക്കുന്നത്. ഭഗവാന്റെ എണ്ണമറ്റ സദ്ഗുണങ്ങള്‍ നിറഞ്ഞ രൂപം ധ്യാനിക്കുന്നവര്‍ക്ക്, ഈ പ്രപഞ്ചത്തിലെ ക്ഷരവും അക്ഷരവുമായ പദാര്‍ത്ഥങ്ങളെക്കാള്‍ അതിശ്രേഷ്ഠമായ ഭഗവദ്‌രൂപത്തിന്റെ പുരുഷോത്തമഭാവം വര്‍ണിക്കാന്‍വേണ്ടി ഈ അധ്യായം ആരംഭിക്കുന്നു.
ഭൗതിക പ്രപഞ്ചം അരയാല്‍ വൃക്ഷത്തെപോലെയാണ് (15-1)
സാധാരണ ഒരു വൃക്ഷത്തിനുള്ളതുപോലെ വേര്, തടി, കമരങ്ങള്‍, വലിയ കൊമ്പുകള്‍, ചില്ലക്കൊമ്പുകള്‍, ഇലകള്‍, കായകള്‍ മുതലായവയെല്ലാം ഈ പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിനുമുണ്ട്.
ഊര്‍ധ്വമൂലം-ഒരു വൃക്ഷത്തിന്റെ പ്രധാനമായ ഭാഗം മൂലം-അതായത് വേര്-ആണല്ലോ. ഭൂമിയ്ക്കടിയിലേക്കു താഴ്ന്നു ഇറങ്ങിനില്‍ക്കുന്നതുകൊണ്ട് വേരുകള്‍ കാണാന്‍ കഴിയുകയില്ല. ഈ സംസാരവൃക്ഷത്തിന്റെയും വേരുകള്‍ കാണുകയില്ല. കാരണം അതിന്റെ വേരുകള്‍ ഊര്‍ധ്വം-മേല്‍ഭാഗത്താണ്. മേല്‍ഭാഗത്ത് എന്നുവച്ചാല്‍ എവിടെയാണ്? പതിനാലു ലോകങ്ങള്‍ ഒരു ബ്രഹ്മാണ്ഡത്തിനുള്ളില്‍ ഉണ്ട്. ആ ബ്രഹ്മാണ്ഡത്തെ ത്രിഗുണ സ്വരൂപിണിയായ പ്രകൃതി ആവരണം ചെയ്ത് നില്‍ക്കുന്നു.  അതിനും മേല്‍ഭാഗത്താണ്-ഊര്‍ധ്വഭാഗത്താണ്, ഈ അധ്യായത്തില്‍ 6-ാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ പറയുന്ന, ഭഗവദ്ധാകം-ബ്രഹ്മതേജസ്സ് പ്രവഹിക്കുന്നതും എല്ലാത്തിനെക്കാളും ഉത്കൃഷ്ടവുമായ ഗോലോകം. ഭൗതിക പ്രപഞ്ചത്തിനെല്ലാം ഊര്‍ധ്വഭാഗത്ത് പ്രകൃതി ശക്തി. അതില്‍ ഈ പ്രപഞ്ച വൃക്ഷത്തിന്റെ വേരുകള്‍ കിടക്കുന്നു. ഇതാണ് ഈ പ്രപഞ്ചവൃക്ഷത്തിന്റെ മൂലം വേര്-ഊര്‍ധ്വഭാഗത്താണ് എന്ന് ആദ്യം തന്നെ പറഞ്ഞത്.
(15-1) അധശ്ശാഖം-ഭഗവാന്റെ പ്രകൃതി ശക്തിയില്‍നിന്ന് മുളച്ച ഈ വൃക്ഷം കീഴ്‌പ്പോട്ടാണ് വളരുന്നത്; കൊമ്പുകള്‍ ഉണ്ടാവുന്നത്. ഈ പ്രപഞ്ചവൃക്ഷത്തിന്റെ കൊമ്പുകള്‍-സത്യലോകം മുതല്‍ കീഴ്‌പ്പോട്ട് പാതാളം വരെയുള്ള ലോകങ്ങളാണ്. ബ്രഹ്മാവ്, മഹാദേവന്‍, ഇന്ദ്രന്‍, വരുണന്‍,അഗ്നി തുടങ്ങിയ ലോകനാഥന്മാരാണ് വലിയകൊമ്പുകള്‍, മനുഷ്യാദികള്‍ ചെറിയകൊമ്പുകള്‍.
(15-1) അശ്വത്ഥം-അരയാല്‍ വൃക്ഷത്തിന്റെ സംസ്‌കൃതനാമമാണ് അശ്വത്ഥം. പത്താമധ്യായത്തില്‍ വിഭൂതി പറയുമ്പോള്‍-
''അശ്വത്ഥഃ സര്‍വ്വ വൃക്ഷാണാം''
(=എല്ലാ വൃക്ഷങ്ങളിലും വച്ച്, അരയാല്‍ എന്റെ വിഭൂതിയാണ്) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭൗതിക പ്രപഞ്ചവും ഭഗവാന്റെ വിഭൂതിതന്നെയാണ്. അതുകൊണ്ടാണ് സംസാരം അശ്വത്ഥംപോലെയാണ് എന്നുപറഞ്ഞത്. 'അശ്വത്ഥം' -എന്ന വാക്കിന് വേറൊരു അര്‍ത്ഥം കൂടിയുണ്ട്. ശ്വത്ഥം-എന്നാല്‍-നാളെയും നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.
''ന ശ്വത്ഥം =അശ്വത്ഥം''-നാളെ നിലനില്‍ക്കാത്തത് എന്നര്‍ത്ഥം. പ്രപഞ്ചം കല്‍പകാലത്തിന്റെ അവസാനം ഭഗവാനില്‍ ലയിക്കുകയും, കല്‍പാരത്തില്‍ വീണ്ടും ആവിര്‍ഭവിക്കുകയുമാണല്ലോ. അതുകൊണ്ട് പ്രപഞ്ചത്തെ അശ്വത്ഥമായി വര്‍ണിച്ചത് യുക്തം തന്നെ. 'അശ്വത്ഥം-എന്ന വാക്കിന് വേറൊരു അര്‍ത്ഥം കൂടി ആചാര്യന്മാര്‍ പറയുന്നു'' അശ്വവത് ചഞ്ചലത്വേനതിഷ്ഠതി'' അശ്വത്തെപ്പോലെ-കുതിരയെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത്.
അവ്യയം പ്രാഹുഃ (15-1)
പ്രപഞ്ചം, വൃക്ഷത്തെപ്പോലെ നശിക്കുന്നതാണ്, അശ്വത്ഥമാണ്. അതുപോലെ നശിക്കാത്തതുമാണ് എന്ന് പറയുന്നു. ആരാണ് പറയുന്നത്? വേദങ്ങള്‍ തന്നെ പറയുന്നു.
''ഊര്‍ധ്വമൂലമവാക്ശാഖഃ
ഏഷോളശ്വത്ഥഃ സനാതനഃ'' 
(കഠോപനിഷത്ത്)
(=വേരുകള്‍ മുകള്‍ ഭാഗത്തും ശാഖകള്‍ കീഴ്‌പ്പോട്ടും ഉള്ള ഈ അരയാല്‍(എന്നും നിലനില്‍ക്കുന്നതാണ്-സനാതനമാണ്) ഒരു വൃക്ഷം ഉണങ്ങുകയോ, മുറിച്ച് മാറ്റുകയോ ചെയ്താലും, അതിന്റെ  കായ്കള്‍ വീണ് വീണ്ടും മറ്റൊരു വൃക്ഷം മുളയ്ക്കാനും വളരാനും സാധ്യതയുണ്ടല്ലോ. അതുപോലെ ഈ ഭക്തി പ്രപഞ്ചം പ്രളയത്തില്‍ നശിക്കുമെങ്കിലും, അടുത്ത കല്‍പത്തില്‍ വീണ്ടും ആവിര്‍ഭവിക്കുമല്ലോ. അതുകൊണ്ട് പ്രപഞ്ചം അവ്യയമാണ്, നശിക്കാത്തതാണ് എന്നു പറയാം.
janmabhumi

No comments: