ഭ്രാതര്യദീദം പരിദൃശ്യതേ ജഗ
ന്മായൈവ സര്‍വ്വം പരിഹൃത്യ ചേതസാ
മല്‍ഭാവനാഭാവിതശുദ്ധമാനസഃ
സുഖീഭവാനന്ദമയോ നിരാമയഃ. (58)
ഹേ സഹോദരാ, ഈ കാണുന്ന ലോകം മായയാണെന്ന് ഉറച്ച് എല്ലാറ്റിനെയും മനസ്സുകൊണ്ട് ഉപേക്ഷിക്കുക. എന്നെത്തന്നെ ധ്യാനിച്ച് മനസ്സിന് ശുദ്ധിവരുത്തുക. എന്നിട്ട് സദാ ആനന്ദമയനുമായി ദുഃഖങ്ങളില്ലാതെ സുഖിയായിട്ടിരിക്കുക.
യഃ സേവതേ മാമഗുണം ഗുണാല്‍പരം
ഹൃദാ കദാ വാ യദി വാ ഗുണാത്മകം
സോയം സ്വപാദാഞ്ചിത രേണുഭിഃസ്പൃശന്‍
പുനാതി ലോകത്രിതയം യഥാ രവിഃ (59)
ആരെങ്കിലും എപ്പോഴെങ്കിലും മനസ്സുകൊണ്ട് നിര്‍ഗ്ഗുണനും സഗുണനോ അല്ല ഗുണാതീതനോ ആയ എന്നെ സേവിക്കുകയാണെങ്കില്‍ അവന്‍ ഞാന്‍ തന്നെയായിത്തീരും. അവന്‍ തന്റെ പാദങ്ങളിലെ പൊടികൊണ്ട് മൂന്നുലോകത്തെയും പരിശുദ്ധമാക്കും.
കുറിപ്പ്- ആത്മാവിനെ അറിയാനും പ്രാപിക്കാനും പരിശ്രമിക്കുന്നവരെ ഭഗവാന്‍ എപ്പോഴും സഹായിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍ അവരും ഈശ്വരനും ഒന്നാണ്. ഈശ്വരതുല്യരായ ആ ഭക്തന്മാര്‍ എത്തുന്ന സ്ഥലങ്ങളൊക്കെ പരമപവിത്രമായിത്തീരും.
വിജ്ഞാനമേതദഖിലം ശ്രുതിസാരമേകം
വേദാന്ത വേദ്യചരണേന മയൈവ ഗീതം
യഃ ശ്രദ്ധയാ പരിപഠേല്‍ ഗുരുഭക്തിയുക്തോ
മദ്രൂപമേതി യദി മദ്വചനേഷു ഭക്തിഃ(60)
വേദാന്തവേദ്യ ചരണനായ( വേദാന്തങ്ങളില്‍ പ്രതിപാദിക്കുന്നവനായ) ഞാന്‍ തന്നെ പാടിയതും, വേദാന്തങ്ങളുടെയെല്ലാം സാരവും, ഏറ്റവും മുഖ്യവുമായ, രാമഗീതയെന്ന ഈ വിജ്ഞാനത്തെ ശ്രദ്ധയോടും ഭക്തിയോടും കൂടി പഠിക്കുന്നവന് എന്റെ ഈ വാക്യങ്ങളില്‍ ഭക്തിയുണ്ടെങ്കില്‍ അവന് എന്റെ സാരൂപ്യമുക്തി ലഭിക്കുന്നതാണ്.
കുറിപ്പ്- ലക്ഷ്മണന് ശ്രീരാമചന്ദ്രന്‍ നേരിട്ടുപദേശിച്ചുകൊടുത്ത വേദാന്ത സാരമായ ഈ രാമഗീത രാമഭക്തിയോടെയും ശ്രദ്ധയോടെയും പഠിക്കുന്നവര്‍ക്ക് ഭഗവാന്‍ സാരൂപ്യമുക്തി നല്‍കും എന്നുറപ്പു നല്‍കുന്നു. ..janmabhumi
No comments:
Post a Comment