Friday, April 27, 2018

അരയാല്‍ വൃക്ഷത്തില്‍ തന്നെയാണ് എല്ലാ ജീവികളും താമസിക്കുന്നത്. എങ്കിലും എല്ലാവര്‍ക്കും ഈ വൃക്ഷത്തെപ്പറ്റി അറിയുകയില്ല. മനുഷ്യരില്‍ പലരും വേദങ്ങളും വേദാര്‍ത്ഥങ്ങളും അറിയുന്നവരും പണ്ഡിതന്മാരും ആയിരിക്കാം. പക്ഷേ അവരും, അജ്ഞാനം, അത്യാഗ്രഹം എന്നിവയ്ക്ക് അടിമപ്പെട്ടവരായിരിക്കും അതിനാല്‍ ഈ സംസാരവൃക്ഷത്തെ ഞാന്‍ വിവരിച്ചതുപോലെ, യഥാരൂപം അറിയാന്‍ കഴിയാത്തവരാണ്-എന്ന് ഭഗവാന്‍ പറയുന്നു.
''അന്യരൂപം തഥാന ഉപലഭ്യതേ''
അതുപോലെ തന്നെ-
''അസ്യ അന്തഃ ന ഉപലഭ്യതേ (15-3)
ഈ വൃക്ഷം നശിക്കുന്നതാണ് എന്നും അറിയുന്നില്ല. വേദത്തില്‍-
''കര്‍മ്മചിതോ ലോകഃ ക്ഷീയതേ''
(=കര്‍മ്മങ്ങളുടെ ഫലമായി നമുക്കു കിട്ടുന്ന സ്വര്‍ഗാദി ലോകങ്ങള്‍ നശിക്കുന്നതാണ്) എന്നു പറഞ്ഞിട്ടുണ്ടെങ്കിലും- ''ധ്രുവാ ദ്യൗഃ ധ്രുവാഃ പൃഥിവീ
''സ്വര്‍ഗലോകാ അമൃതത്വം ഭജന്തേ''
(= സ്വര്‍ഗാദിലോകങ്ങള്‍ നശിക്കാത്തതാണ്, ഭൂമിയും നശിക്കാത്തതാണ്-ധ്രുവാ)
സ്വര്‍ഗലോകങ്ങള്‍ അമൃതമയങ്ങളാണ്-നശിക്കാത്തതാണ്) എന്നിങ്ങനെയുള്ള പ്രരോചന ശ്രുതിവാക്യങ്ങള്‍ കേട്ട് വേദപണ്ഡിതന്മാര്‍ സ്വയംഭ്രമിക്കുകയും മറ്റുള്ളവരെ ഭ്രമിപ്പിക്കുകയും ചെയ്യുന്നു.
ന ആദിഃ ഉപലഭ്യതേ (15-3)
ജനനമരണങ്ങളുടെയും സുഖദുഃഖങ്ങളുടെയും പ്രവാഹം നിരന്തരം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എവിടെനിന്നാണ് ഈ പ്രവാഹം ആരംഭിച്ചത് എന്നും അറിയുന്നില്ല.
സംപ്രതിഷ്ഠാ ച ന ഉപലഭ്യതേ (15-3)
ഈ സംസാര വൃക്ഷം നിലനില്‍ക്കുന്നത് എങ്ങനെയാണ് എന്നും അറിയുന്നില്ല.
വാസ്തവത്തില്‍ ഈ പ്രപഞ്ച വൃക്ഷത്തിന് ആദിയുണ്ട്. ചതുര്‍മുഖ ബ്രഹ്മാവില്‍നിന്നാണ് മുളച്ചത്. അതാണ്-ഊര്‍ധ്വമൂലം എന്ന് പറഞ്ഞത്. കീഴ്‌പ്പോട്ടുള്ള ശാഖകളുടെ അന്തം മനുഷ്യനാണ്. ചെറുശാഖകള്‍ ഇതരലോകങ്ങളില്‍ പാര്‍ക്കുന്നവരാണ്; അവര്‍ സുഖമോ ദുഃഖമോ  അനുഭവിക്കുന്നു. ബ്രഹ്മാവ് ആവിര്‍ഭവിച്ചത് പാലാഴിയില്‍ യോഗനിദ്ര ചെയ്യുന്ന വിഷ്ണുവില്‍നിന്നാണ്. ആ വിഷ്ണുവാകട്ടെ ശ്രീകൃഷ്ണഭഗവാന്റെ സാത്ത്വികമായ ആവിര്‍ഭാവവുമാണ്. അതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ 10-ാം അധ്യായത്തില്‍ പറഞ്ഞത്.
''അഹം സര്‍വ്വസ്യ പ്രഭവോ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ'' (ശ്ലോ.8)
(=എന്നില്‍നിന്നാണ് ആത്മീയവും ഭൗതികവുമായ എല്ലാം ഉണ്ടായിട്ടുള്ളത്. ഞാന്‍ കാരണമാണ് എല്ലാം നിലനില്‍ക്കുന്നതും).
janmabhumi

No comments: