Friday, April 27, 2018

വേദമാര്‍ഗ്ഗം എന്നോ വൈദിക മാര്‍ഗ്ഗം എന്നോ വിളിക്കാവുന്ന വിശ്വാസപദ്ധതിയുടെ ഒരു ഏകദേശചിത്രമാണ് നാം കണ്ടത്. കര്‍മ്മ, ജ്ഞാനകാണ്ഡങ്ങള്‍ രണ്ടിനേയും ചേര്‍ത്ത് ഒരു ഏകമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് പൂര്‍വികര്‍ കണ്ടിരുന്നത് എന്നാണ,് ക്രിയാരത്‌നമാല പോലുള്ള, നമ്പൂതിരിമാരുടെ ചടങ്ങുപുസ്തകങ്ങള്‍ പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്. അതനുസരിച്ച് വൈദിക ബ്രാഹ്മണന്റെ, അഥവാ ബ്രാഹ്മണ്യം ഉള്ള വ്യക്തിയുടെ മുമ്പിലുള്ള വഴികള്‍ മൂന്നായിരുന്നു എന്നു കാണാം.  കര്‍മ്മകാണ്ഡം അനുസരിച്ച് ഗര്‍ഭാധാനാദി സംസ്‌കാരങ്ങള്‍ ചെയ്ത് ഗൃഹസ്ഥനായി അഗ്ന്യാധാനവും ചെയ്ത് മരണശേഷം അന്ത്യേഷ്ടി- സപിണ്ഡി വഴി പിതൃലോകത്ത് എത്തി സന്തതിപരമ്പരകള്‍ അനുഷ്ഠിക്കുന്ന ശ്രാദ്ധാദികളിലൂടെ  ലോകത്തെ ആനന്ദം അനുഭവിച്ച് കഴിയുക, 'സ്വര്‍ഗകാമോ യജേത' എന്ന വേദവാക്യപ്രകാരം യാഗം ചെയ്ത് മരണാനന്തരം സ്വര്‍ഗം പൂകുക, അവിടുത്തെ സുഖം അനുഭവിച്ചു കഴിയുക, പുനര്‍ജന്മ•സിദ്ധാന്തമനുസരിച്ച് ആണെങ്കില്‍ കര്‍മ്മപരിപാകമനുസരിച്ച് പിതൃ, സ്വര്‍ഗലോകങ്ങളില്‍ നിന്നും തിരിച്ച് ഭൂലോകത്തു തന്നെ വരിക. ഈ ജനനമരണചക്രത്തിലൂടെ സംസരിച്ച്, സംസരിച്ച് വിരക്തി വരുമ്പോള്‍ സന്ന്യസിച്ച് ('യദഹരേവ വിരജേല്‍ തദഹരേവ പ്രവ്രജേല്‍'- എപ്പോള്‍ വിരക്തി തോന്നുന്നുവോ അപ്പോള്‍ത്തന്നെ സന്ന്യസിക്കുക) ആചാര്യനില്‍ നിന്നും ബ്രഹ്മോപദേശം നേടി ശ്രവണ, മനന, നിദിധ്യാസനത്തിലൂടെ ബ്രഹ്മജ്ഞാനം സമ്പാദിച്ച് ജനന, മരണരൂപമായ സംസാരചക്രത്തില്‍ നിന്നും എന്നന്നേക്കും മുക്തനാകുക. എന്നാല്‍ രണ്ടിനേയും സ്വതന്ത്രമാര്‍ഗ്ഗങ്ങളായിട്ടാണ് പണ്ഡിതന്മാര്‍ കരുതിവരുന്നത്. 
ദാസ്ഗുപ്ത, കര്‍മ്മ- ജ്ഞാനകാണ്ഡചിന്തകളിലെ മൗലികമാറ്റത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട വശം കൂടി എടുത്തുപറയുന്നുണ്ട്- വസ്തുനിഷ്ഠതയില്‍ (ലോകബാഹ്യനായ ഒരു സൃഷ്ടികര്‍ത്താവിന്റെ കല്‍പ്പന) നിന്നും  ആത്മനിഷ്ഠത ( അന്തര്യാമി ആയ ആത്മാവാണ് സൃഷ്ടിക്കടിസ്ഥാനം) യിലേക്കുള്ള ഈ മാറ്റം തത്ത്വചിന്താപരമായ വിശദചര്‍ച്ചകളിലൂടെയോ മനശ്ശാസ്ത്രപരമായ വിശകലനങ്ങളിലൂടെയോ ഉരുത്തിരിഞ്ഞതാണെന്നു കരുതാന്‍ വേണ്ട തെളിവുകള്‍ ഉപനിഷത്തുകളില്‍ കാണുന്നില്ല, മറിച്ച് അവരുടെ നേരിട്ടുള്ള അനുഭവമാണ് ബ്രഹ്മവാദത്തിലേക്ക് ഉപനിഷദ്ദാര്‍ശനികരെ നയിച്ചത് എന്ന് അവരുടെ വാക്കുകളിലെ ഉറപ്പ് കൊണ്ട് തന്നെ ആര്‍ക്കും വ്യക്തമാകും. അതല്ലാതെ ബ്രാഹ്മണങ്ങളിലെ അര്‍ത്ഥശൂന്യങ്ങളായ ഊഹങ്ങളില്‍ നിന്നും ആണ് ഈ സിദ്ധാന്തം രൂപപ്പെട്ടത് എന്നു കരുതാന്‍ പ്രയാസമാണ ്( എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി, 1.3.5).
ഇവിടെയാണ് പില്‍ക്കാലത്തെ തന്ത്ര, നാഥ, സിദ്ധാദി സമ്പ്രദായങ്ങളുടെ അനുഭൂതിദായകങ്ങളായ സാധനാതലങ്ങള്‍ക്കു രൂപമേകിയ അന്തര്‍ധാരകളുടെ പ്രസക്തി. ഈ ഗുപ്തധാരകള്‍ ഇവിടെ സജീവമായിരുന്നു എന്നതിനു വേണ്ട തെളിവുകള്‍ പുരാവസ്തുശാസ്ത്രം തന്നെ വേണ്ടത്ര തരുന്നുണ്ട്. ഹിന്ദുക്കളുടെ ഉപബോധത്തില്‍ ഈ അടിയൊഴുക്കുകള്‍ ശക്തമായിരുന്നു. കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നു മൂന്നായി ബ്രാഹ്മണ, ആരണ്യക, ഉപനിഷത്ത് ഭാഗങ്ങളെ സാധാരണ വിഭജിക്കുന്നുണ്ട്. നാം മുകളില്‍ കണ്ടതുപോലെ, വേദബന്ധുവും മറ്റും പിന്തുടര്‍ന്ന പാതയിലൂടെയല്ലാതെ, വേദസംഹിതയിലെ മന്ത്രങ്ങളെ കേവലം ബാഹ്യമായ അര്‍ത്ഥം കൊണ്ടു തന്നെ, ഈ മൂന്നു വിഭാഗങ്ങളിലായി തരം തിരിക്കുവാന്‍ കഴിയും. അപ്പോള്‍ മേല്‍പ്പറഞ്ഞ സാധനാപഥങ്ങളിലൂടെ സഞ്ചരിച്ചപ്പോളുയിര്‍ക്കൊണ്ട അനുഭൂതിപരങ്ങളായ പല ഋക്കുകളും നമുക്കു കാണാന്‍ കഴിയും.
  മേല്‍പ്പറഞ്ഞ ഗുപ്തധാരകള്‍ പ്രകടമായി ലക്ഷ്യം വെക്കുന്ന ആദ്ധ്യാത്മികാനുഭൂതിയുടെ അടിസ്ഥാനത്തില്‍ ആണ് ഉപനിഷത്തിലെ ബ്രഹ്മവാദത്തിനു രൂപം നല്‍കപ്പെട്ടതെങ്കിലും സൈദ്ധാന്തികസമീപനത്തിലും തന്മൂലം സാധനാപദ്ധതിയിലും കാര്യമായ വ്യത്യാസം കാണാം. ഉപനിഷത്തുകളില്‍ ലൗകികവിരക്തിയോടെ ചെയ്യേണ്ട ശ്രവണ, മനന, നിദിധ്യാസനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിക്കാണുന്നത്. യദഹരേവ വിരജേത് തദഹരേവ പ്രവ്രജേല്‍ ( എപ്പോഴാണോ വിരക്തി തോന്നുന്നത് അപ്പോള്‍ സന്ന്യസിക്കുക) എന്നാണ് ജ്ഞാനകാണ്ഡ (ഉപനിഷത്) ത്തിന്റെ അനുശാസനം. വേദാന്തം അനുശാസിക്കുന്ന ഈ സന്ന്യാസത്തിനു സമാനമായ പിന്‍വാങ്ങലുകള്‍ തന്നെയാണ് ജൈന, ബൗദ്ധസമ്പ്രദായങ്ങളും (സൈദ്ധാന്തികമായി വ്യത്യസ്ത ദര്‍ശനങ്ങളാണെങ്കിലും) അനുവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
 ഗൗതമബുദ്ധനും മഹാവീരനും എല്ലാം ഇത്തരം സാധനാപഥങ്ങളിലൂടെ കടന്നു വന്നവരാണെന്നു ചരിത്രം പറയുന്നു. ശുക്‌ളാജി സങ്ഘവിയുടെ ദര്‍ശന്‍ ഔര്‍ ചിന്തന്‍ (ഹിന്ദി) എന്ന പുസ്തകത്തിലെ അഭിപ്രായം ദേബീപ്രസാദ് ചതോപാദ്ധ്യായ ഇങ്ങനെ സംക്ഷിപ്തരൂപത്തില്‍ കൊടുത്തിരിക്കുന്നു- ജൈനപദ്ധതിയുടെ മഹാപ്രവാചകനായ മഹാവീരന്‍ പന്ത്രണ്ടു വര്‍ഷം പ്രധാനമായും യോഗസാധനകളില്‍ മുഴുകിയിരുന്നു. ജൈനസമ്പ്രദായത്തിന്റെ സിദ്ധാന്തഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളായ യോഗാംഗങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുത്തു കാണുന്നു. ബുദ്ധനും, ബോധോദയത്തിനു മുമ്പ്, തുടര്‍ച്ചയായി ആറു വര്‍ഷങ്ങള്‍ യോഗസാധനകള്‍ അനുഷ്ഠിച്ചിരുന്നു. ബൗദ്ധപ്രമാണഗ്രന്ഥങ്ങളിലും ഈ പ്രാചീന അനുഷ്ഠാനങ്ങള്‍ക്ക് ചെറിയ പ്രാധാന്യമൊന്നും അല്ല കൊടുത്തു കാണുന്നത്. 
മുഖ്യമായും പ്രമാണങ്ങളെ (എപ്പിസ്റ്റമോളൊജി) സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ന്യായശാസ്ത്രം പോലും ഈ പരിശീലനപദ്ധതികളെ ചര്‍ച്ച ചെയ്യുന്നു. ന്യായ, വൈശേഷികസൂത്രങ്ങള്‍ രണ്ടും അവയെ അംഗീകരിച്ചുകൊണ്ടുതന്നെ പല തവണ പരാമര്‍ശിക്കുന്നു. ബ്രഹ്മസൂത്രത്തിലെ മൂന്നാം അദ്ധ്യായത്തിന്റെ തലവാചകം തന്നെ സാധന എന്നതാണ്. ധ്യാനം, ആസനം തുടങ്ങിയ അറിയപ്പെടുന്ന യോഗഘടകങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. വേദാന്തത്തില്‍ യോഗത്തിനുള്ള പ്രാധാന്യം ഇതില്‍ നിന്നും സുവ്യക്തമാണ്. 
ഇതിനെല്ലാം പുറമേ, ശുക്‌ളാജി ചൂണ്ടിക്കാണിക്കുന്നതുപോലെ, യോഗസൂത്രത്തിന്റെ ഉള്ളില്‍ത്തന്നെയുള്ള തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് യോഗം ആശ്രയിച്ചിരുന്ന പല ദര്‍ശനങ്ങളില്‍ ഒന്നു മാത്രമാണ് സാംഖ്യം എന്നതിലേക്കാണ്. യോഗസൂത്രത്തിന്റെ ഓരോ അദ്ധ്യായവും അവസാനിക്കുന്നത് യോഗസൂത്രേ സാംഖ്യപ്രവചനേ... എന്നാണ്. ഇത് പതഞ്ജലിയുടെ കാലത്തു തന്നെ സാംഖ്യസിദ്ധാന്തത്തെ കൂടാതെയുള്ള മറ്റു സിദ്ധാന്തങ്ങളേയും ആശ്രയിക്കുന്ന യോഗമാര്‍ഗങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് (ദേബീപ്രസാദ് ചതോപാദ്ധ്യായ, ഇന്ത്യന്‍ ഫിലോസഫി). വൈദികഗോത്രങ്ങളിലെ ബ്രാഹ്മണാദി വിഭാഗങ്ങള്‍ക്കും ഈ ഗുപ്തധാരകള്‍ പരിചിതങ്ങളായിരുന്നു എന്ന് ഇവയില്‍ നിന്നെല്ലാം ന്യായമായും അനുമാനിക്കാം. 
janmabhumi

No comments: