Saturday, April 28, 2018

നമ്മുടെ വിവാഹസമ്പ്രദായത്തിന്റെ പിന്നിലുള്ള ആശയങ്ങളിലൂടെമാത്രമേ ശരിയായ ഒരു പരിഷ്‌കാരമുണ്ടാകൂ: മറ്റൊരാശയത്തിലൂടെയും സാദ്ധ്യമല്ല. പുരുഷനും സ്ര്തീക്കും മറ്റേതൊരു സ്ര്തീയെയും പുരുഷനെയും ഭാര്യയെയും ഭര്‍ത്താവുമായെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നുവന്നാല്‍, വ്യക്തിയുടെ സുഖത്തെയും മൃഗീയവാസനകളുടെ തര്‍പ്പണത്തെയും സമുദായത്തില്‍ യഥേഷ്ടം വ്യാപരിക്കുവാനനുവദിച്ചാല്‍, ഫലം തിന്മയാകാതെ തരമില്ല: ദുഷ്ടന്മാരും അസുരസ്വഭാവികളും പാപികളുമായ സന്തതികളുണ്ടാകാതെ തരമില്ല. അതേ, ഒരു വശത്ത്, ഓരോ രാജ്യത്തെയും മനുഷ്യന്‍ ഈ മൃഗപ്രായരായ സന്തതികളെ ഉത്പാദിപ്പിക്കയാണ്: മറുവശത്ത് ഈ മൃഗപ്രായരെ നിലയ്ക്കു നിര്‍ത്താന്‍ പോലീസ് ശക്തി വര്‍ദ്ധിപ്പിക്കയും. അത്തരത്തില്‍ തിന്മയ്ക്ക് എങ്ങനെ പരിഹാരം ചെയ്യാമെന്നതല്ല പ്രശ്‌നം: തിന്മയുടെ ഉത്പത്തിതന്നെ എങ്ങനെ തടയാമെന്നതാണ്. നിങ്ങള്‍ സമുദായത്തില്‍ ജീവിക്കുന്നിടത്തോളം കാലം, നിങ്ങളുടെ വിവാഹം അതിലുള്ള ഓരോ അംഗത്തെയും തീര്‍ച്ചയായും സ്പര്‍ശിക്കുന്നുണ്ട്. അതിനാല്‍ ആരെ വിവാഹം കഴിക്കാമെന്നും ആരെ അരുതെന്നും നിര്‍ദ്ദേശിക്കാന്‍ സമുദായത്തിന്നവകാശമുണ്ട്. ഈ മാതിരി വമ്പിച്ച ആശയങ്ങളാണ് ഇവിടത്തെ വിവാഹപദ്ധതിക്കു പിമ്പിലുള്ളത്. ഇതിനെ ദമ്പതികളുടെ ജ്യൗതിഷ’ജാതി’ അല്ലെങ്കില്‍ പൊരുത്തം എന്നാണ് പറയുന്നത്. പ്രാസംഗികമായി ഒരു സംഗതികൂടി പറയാം. വെറും കാമംകൊണ്ടുണ്ടായ ശിശു, മനുവിന്റെ അഭിപ്രായത്തില്‍, ആര്യനല്ല. ശരിയാണ്, ഓരോ നാട്ടിലും ആര്യസന്താനങ്ങളുടെ സംഖ്യ കുറയുകയാണ്: ഫലം, നാം കലിയുഗമെന്നു വിളിക്കുന്ന പാപസംഹതിയും. ഈ ആദര്‍ശങ്ങളെല്ലാം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു: ഇവയെല്ലാം തികച്ചും പ്രായോഗികമാക്കാവതല്ലെന്നതു വാസ്തവംതന്നെ. വലുതായ ഈ ആശയങ്ങളില്‍ ചിലതിനെ നാം മിക്കവാറും പരിഹാസ്യമാക്കിയിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ പണ്ടത്തവരെപ്പോലെയല്ല എന്നതു ഖേദകരമായ ഒരു സത്യമാണ്: അതുപോലെ സമുദായവും പണ്ടത്തെപ്പോലെ സുശിക്ഷിതമല്ല. പണ്ടു വ്യക്തികളോടുണ്ടായിരുന്ന സ്നേഹവും ഇന്നത്തെ സമുദായത്തിന്നില്ല. പക്ഷേ പ്രക്രിയയിലുള്ള ദോഷമെത്രയായാലും തത്ത്വം സാധുവാണ്. പ്രയോഗത്തില്‍ ദോഷമുണ്ടായാല്‍, ഒരുപായവിശേഷം പരാജയപ്പെട്ടാല്‍ തത്ത്വം സ്വീകരിച്ചു മെച്ചപ്പെട്ട മട്ടില്‍ പ്രയോഗിക്കുക. തത്ത്വത്തെ നിഹനിക്കുന്നതെന്തിന്? ഇതുതന്നെ ആഹാരപ്രശ്‌നത്തിന്റെയും കഥ. പ്രവൃത്തിയും സൂക്ഷ്മാംശങ്ങളും ചീത്ത, വളരെ ചീത്തതന്നെ. പക്ഷേ ഇതുകൊണ്ടു തത്ത്വത്തിനു തകരാറൊന്നുമില്ല. തത്ത്വം സനാതനമാണ്: ഉണ്ടായിരിക്കേണ്ടതാണ്. അതു പുതിയ മട്ടില്‍ പ്രയോഗിക്കണം: നവീകരിച്ച ഒരു പ്രയോഗപദ്ധതിയുണ്ടാകണം...Swami Vivekanandan.

No comments: