Monday, April 23, 2018

ഋഷിയുടെ വാക്കുകള്‍ കേള്‍ക്കണമെന്നു പോലുമില്ല. അദ്ദേഹത്തിന്റെ ഒരു നോട്ടമോ ഒരു സ്പര്‍ശമോ മതി. ഏഷ്യാ വന്‍കരയിലും സമീപദേശങ്ങളിലും നിന്നും യൂറോപ്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നും വന്ന മറ്റനേകം പ്രസംഗകരോടൊപ്പം വേദിയിലേക്കു വന്ന മാത്രയില്‍തന്നെ അനേകം പ്രേക്ഷകരുടെ മനോമണ്ഡലത്തെ സ്വാമി വിവേകാനന്ദന്‍ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. അന്നത്തെ സംഭവങ്ങളെപ്പറ്റി പലരാല്‍ എഴുതപ്പെട്ട കുറിപ്പുകളില്‍ ഇതെല്ലാം സൂചിതമായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ക്കു തികച്ചും അപരിചിതമായ വേഷം ധരിച്ച് കാഴ്ചയില്‍ മങ്ങിയനിറമുള്ളവനെങ്കിലും  സൂര്യശോഭതിങ്ങുന്ന കണ്ണുകളോടെ വേദിയിലിരുന്ന ആ ചെറുപ്പക്കാരന്‍ സ്വന്തം ഹൃദയത്തിനുള്ളലിരിക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടു കഴിഞ്ഞിരുന്നു. സദസ്യരോടോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ചൈതന്യവും താനും രണ്ടല്ലെന്നു അപ്രത്യക്ഷമായറിയുന്ന മഹായോഗിയാണു സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ ഏകത്വാനുഭവമാണ് ഏവരെയും ഹേതുകണ്ടെത്താന്‍ കഴിയാത്ത ആത്മബന്ധത്തില്‍പ്പെടുത്തിയത്. അതാണു ആ മഹാസാന്നിധ്യത്തെ അമൃതഹൃദ്യമാക്കിത്തീര്‍ത്ത മൗലികകാരണം. യോഗനടപടികളെ നിയന്ത്രിക്കുന്ന അച്ചടക്കസംഹിതയുടെ കെട്ടുപാടുകളില്‍ നിന്നു നിര്‍മുക്തമാകാന്‍ നേരിയ ഒരു കാരണം മാത്രമേ പിന്നെ വേണ്ടിയിരുന്നുള്ളു. അതാണു പില്ക്കാലത്തു വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ആ സംബോധനയിലൂടെ സംഭവിച്ചത്.
punyabhumi

No comments: