Wednesday, April 25, 2018

യസ്യപര്‍ണാനി ഛന്ദാംസി (15-1)
പ്രപഞ്ചമാകുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ ഛന്ദസ്സുകളാണ്-വേദങ്ങള്‍ ആണ്. ഛന്ദസ്സ് എന്ന വാക്കിന് ഛാദനം ചെയ്യുന്നത്-മൂടിവെയ്ക്കുന്നത്-എന്ന് അര്‍ത്ഥമുണ്ട്. ഒരു വൃക്ഷത്തിന്റെ ഇലകളാണ് വൃക്ഷത്തൈ മൂടിവച്ച്, സൂര്യന്റെ ചൂടേറ്റു ഉണങ്ങിപ്പോകാതെയും മഴകൊണ്ട് ചീഞ്ഞുപോകാതെയും സംരക്ഷിക്കുന്നത്. അതുപോലെ ഛന്ദസ്സുകളാണ്-വേദങ്ങളാകുന്ന ഇലകളാണ്-പ്രപഞ്ചമാകുന്ന വൃക്ഷത്തൈ മൂടിവച്ച് സംരക്ഷിക്കുന്നത്. വൃക്ഷത്തില്‍ പുതിയ പുതിയ തളിരുകള്‍ വന്ന് വൃക്ഷം വളരുന്നു. വെയില്‍കൊണ്ട് വിഷമിക്കുന്ന യാത്രക്കാര്‍ക്ക് വൃക്ഷത്തിന്റെ തണലില്‍ ഇരുന്ന് വിശ്രമിച്ച് ചെറിയ സുഖം അനുഭവിക്കാനും കഴിയുന്നു.
അതുപോലെ ഛന്ദസ്സുകള്‍-ഋക്, യജുസ്സ്, സാമം എന്നീ വേദങ്ങള്‍-പ്രപഞ്ചത്തിന്റെ ഇലകള്‍ ആണല്ലോ. അവയാണ് സംസാരവൃക്ഷത്തെ വളര്‍ത്തുന്നത്.
''വായവ്യം ശ്വേതമാല ഭേതഭൂതികാമഃ''
(=സമ്പത്ത് ആഗ്രഹിക്കുന്നവന്‍ ശ്വേതവായ വ്യാം എന്ന യാഗം കഴിക്കണം)
''സര്‍വം പാപ്മാനം തരതി,
തരതി ബ്രഹ്മഹത്യാം
യോളശ്വമേധേനയജതേ''
(=അശ്വമേധയാഗം ചെയ്തവന്‍ ബ്രഹ്മഹത്യ തുടങ്ങിയ എല്ലാ പാപങ്ങളെയും സ്പര്‍ശിക്കാതെ, അപ്പുറം എത്തിച്ചേരുന്നു.)
ഈ രീതിയില്‍ സുഖം വേണമെന്നാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെ വേദം ആകുന്ന ഇലകള്‍ ആകര്‍ഷിച്ച് സ്വന്തം തണലിലേക്ക്‌കൊണ്ടുവരുന്നു. ക്ഷണനേരത്തെ സുഖം-ഭൗതികസുഖം അവര്‍ക്കു കിട്ടുന്നു, സുഖത്തിനുവേണ്ടി വീണ്ടും അവര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരും. ഇങ്ങനെ സ്വര്‍ഗാദിലോകസുഖങ്ങളാകുന്ന ഫലങ്ങള്‍ ലഭിക്കുന്ന സംസാരവൃക്ഷം അവ്യയമായി നിലനില്‍ക്കുന്നു. ഇങ്ങനെ മീമാംസകന്മാര്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. പ്രപഞ്ചം ശാശ്വതമാണ്-സ്വര്‍ഗാദിലോകങ്ങള്‍ നാശമില്ലാത്തതാണ് എന്ന് പറയുന്നു.
യസ്തം വേദ (15-1)
വേദത്തിന്റെ യഥാരൂപമായ അര്‍ത്ഥം, വേദത്തിലെ കര്‍മ്മകാണ്ഡഭാഗം ഛാദനം ചെയ്യുകയാണ്-മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. സംസാരവൃക്ഷത്തെ രക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത് ഈ കര്‍മ്മകാണ്ഡമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍, അധാര്‍മിക കര്‍മ്മങ്ങള്‍, ഇവ ചെയ്യാനുള്ള കാരണം, അവയുടെ ഫലം എന്നിവ പ്രകാശിപ്പിച്ചുകൊണ്ടാണ് വേദങ്ങള്‍ സംസാരവൃക്ഷത്തെ നിലനിര്‍ത്തുന്നത്. വാസ്തവത്തില്‍ സംസാരമാകുന്ന വൃക്ഷം-അശ്വത്ഥമാണ്; മായാമയമാണ്. ഒരു വിത്തില്‍നിന്ന് മുളച്ചുവളരുന്ന വൃക്ഷത്തിന് ആ വിത്തിന്റെ രസം തന്നെയാണല്ലോ ഉണ്ടാവുക. കയ്പ് രസമുള്ള വേപ്പിന്റെ ബീജത്തില്‍നിന്ന് മുളച്ച വേപ്പിനും കയ്പ്പ് രസമാണ് ഉണ്ടാവുക. അക്കാര്യം മൂടിവച്ച്, വേപ്പിന് മധുരരസമാണ് എന്ന് പറയുന്നതുപോലെയാണ് അത്. ഈ യാഥാര്‍ത്ഥ്യം അറിയുന്നവനാണ് വേദത്തെ യഥാരൂപം അറിയുന്നവന്‍- ''സവേദവില്‍'' എന്ന് ഭഗവാന്‍ പറയുന്നു. വേദത്തിന്റെ യഥാരൂപമായ അര്‍ത്ഥം ഭഗവാന്‍ തന്നെ വിവരിക്കുന്നുണ്ട്...janmabhumi

No comments: