Sunday, April 29, 2018

യമ ഭഗവാന്റെ കണക്കു സൂക്ഷിപ്പുകാരനും സാഹായിയുമായ ചിത്രഗുപ്തനെ സ്മരിക്കുന്ന ദിനമാണ് ചിത്ര പൂര്‍ണിമ. ഹിന്ദു പുരാണങ്ങള്‍ പ്രകാരം മനുഷ്യരുടെ നല്ലതും ചീത്തയുമായ കര്‍മങ്ങളുടെ കണക്കാണ് ഇദ്ദേഹം സൂക്ഷിക്കുന്നത്. തമിഴ് കലണ്ടര്‍ പ്രകാരം ചിത്തിരൈ മാസത്തിലെൃ പൂര്‍ണിമ ദിനത്തിലാണ് ഇത് ആചരിക്കുന്നത്. അതിനാല്‍ ചിത്തിരൈ പൂര്‍ണിമ എന്നും ഇതിനെ വിളിക്കുന്നു. അന്നേ ദിവസം വളരെ പവിത്രമായാണ് കണക്കാക്കുന്നത്.
മരണശേഷം ആത്മാവ് യമ ദേവന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, ചിത്രഗുപ്തന്റെ കണക്കുപുസ്തകം നോക്കിയാണ്, ആ ആത്മാവ് നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചിത്രഗുപ്തനെ സ്മരിച്ചാല്‍ എല്ലാ പാപങ്ങളും മാറി മോക്ഷപ്രാപ്ത്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഈ ദിനത്തിന് പലതരത്തിലുള്ള പ്രസക്തിയുണ്ട്. ചാന്ദ്ര കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വേദിക് കലണ്ടറിലെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനുദിക്കുന്നത് ഈ ദിനത്തിലാണ്. ആരോഗ്യം, സമ്പത്ത്, ബന്ധങ്ങള്‍ എന്നിവ അകറ്റുന്ന എല്ലാ കര്‍മ്മദോഷങ്ങളെയും മാറ്റാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്നാണ് വിശ്വാസം.
എല്ലാ ദുഷ്‌കര്‍മ്മഫലങ്ങളും മാറി നല്ല കര്‍മ്മങ്ങള്‍ ജീവിതത്തില്‍ നിറയുവാനായി ചിത്രഗുപ്തനെ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ഇനിയുള്ള ജീവിതത്തിലും നല്ല കര്‍മ്മങ്ങള്‍ മാത്രം ഉണ്ടാകുവാനായും പ്രാര്‍ത്ഥിക്കാറുണ്ട്. പരോപകാരത്തിലൂടെയും ദാനകര്‍മ്മത്തിലൂടെയും നന്മകള്‍ ചെയ്ത് ചിത്രഗുപ്തനെ പ്രീതിപ്പെടുത്തുന്നുണ്ട്.
പല ക്ഷേത്രങ്ങളിലും അന്നേ ദിവസത്തില്‍ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. കാഞ്ചിപുരത്തുള്ള ചിത്രഗുപ്ത ക്ഷേത്രം, തിരുവക്കറയിലുള്ള ചന്ദ്രമൌലിശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ അന്നത്തെ പൂജകള്‍ വളരെ പ്രസിദ്ധമാണ്. ഇവിടെയൊക്കെ അന്ന് ദര്‍ശനം നടത്തുന്നതും പുണ്യമായാണ് കരുതപ്പെടുന്നത്.
സത്യസന്ധമായ ജീവിതം നയിക്കുവാനും, ജീവിതത്തില്‍ ഉയര്‍ച്ചകളുണ്ടാകുവാനുമായിട്ടുള്ള ചിന്തകളിലുമാകണം അന്നത്തെ പ്രാര്‍ത്ഥനകള്‍. പുണ്യനദികളില്‍ അന്ന് സ്‌നാനം ചെയ്താല്‍ സകല പാപവും കഴുകിക്കളയപ്പെടും എന്നാണ് വിശ്വാസം.
ചക്കരപൊങ്കല്‍ പോലെയുള്ള മധുര പലഹാരങ്ങള്‍ അന്നെ ദിനം ദേവന് സമര്‍പ്പിക്കുന്നത് ഐശ്വര്യദായകമാണ്. മാത്രവുമല്ല ഈ പലഹാരങ്ങള്‍ കൂടെയുള്ളവര്‍ക്കും വിതരണം ചെയ്യുന്നതും സുകൃതകരമാണ്. അന്ന് പാചകം ചെയ്യുമ്പോള്‍ ഉപ്പ് ഒഴിവാക്കുന്ന ഒരു ആചാരംകണ്ടുവരാറുണ്ട്. പാലും പാലടങ്ങിയ ആഹാരങ്ങളും അന്നേദിവസം കഴിക്കുന്നത് ഐശ്വര്യകരമായും പറയപ്പെടുന്നു.
ഇന്ദ്രദേവനേയും അദ്ദേഹത്തിന്റെ ഗുരുവായ ഭഗവാന്‍ ബൃഹസ്പതിയെയും പറ്റിയുള്ള കഥകളും മറ്റും വായിക്കുന്നതും, അവരെ വിചാരിച്ച് ധ്യാനിക്കുന്നതും ഫലപ്രദമാണെന്നും ഐശ്വര്യദായകമാണെന്നും വിശ്വസിക്കുന്നു. വസ്ത്രദാനവും, അരി പച്ചക്കറികള്‍ എന്നിവ ദാനം ചെയ്യുന്നതും ഭക്ഷണം ദാനം ചെയ്യുന്നതും ഈ ദിനാചരണത്തിന്റെ ഫലസിദ്ധി കൂട്ടുമെന്നും ആചാര്യന്‍മാര്‍ പറയുന്നു
*കടപ്പാട്*

No comments: