Tuesday, April 24, 2018

ഛാന്ദോഗ്യോപനിഷത്ത് - 3
ഓങ്കാര രൂപമായ ഉദ്ഗീഥത്തെ പരമാത്മാവായി കണ്ട് ആരാധിക്കാന്‍ കഴിഞ്ഞ ഖണ്ഡത്തില്‍ പറഞ്ഞു. രണ്ടാം ഖണ്ഡത്തില്‍ പ്രാണനായി ഉപാസിക്കേണ്ടതിനെ പറ്റി പറയുന്നു.
ഒരിക്കല്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. അസുരന്‍മാരെ തോല്പിക്കാന്‍ വേണ്ടി ദേവന്‍മാര്‍ ഉദ്ഗീഥത്തെ ആഹരിച്ചു. അവര്‍ നാസികയിലെ പ്രാണനായി ഉദ്ഗീഥത്തെ ഉപാസിച്ചു. അസുരന്‍മാര്‍ അതിനെ പാപം കൊണ്ട് വേധിച്ചു. നാസികയിലെ പ്രാണനില്‍ പാപം ചേര്‍ന്നതിനാല്‍ ഘ്രാണേന്ദ്രിയം കൊണ്ട് സുഗന്ധത്തോടൊപ്പം ദുര്‍ഗന്ധത്തേയും അറിയേണ്ടി വരുന്നു.
 പിന്നെ ദേവന്‍മാര്‍ ഉദ്ഗീഥത്തെ വാക്കായി ഉപാസിച്ചു. അസുരന്‍മാര്‍ അതിനെയും പാപം കൊണ്ട് വേധിച്ചു. അതിനാല്‍ വാക്കു കൊണ്ട് സത്യവും അസത്യവും പറയുന്നു.പിന്നെ കണ്ണിലെ പ്രാണനായി ഉപാസിച്ചപ്പോള്‍ അതിനേയും പാപത്താല്‍ മലിനമാക്കി. അതുകൊണ്ട് കണ്ണ് നല്ലതിനേയും ചീത്തയേയും കാണുന്നു.
പിന്നെ കാതിലെ പ്രാണനായി ഉപാസിച്ചു.അതിലും പാപം കലര്‍ത്തി. അതിനാല്‍ കേമമായതിനേയും മോശമായതിനേയും കേള്‍ക്കുന്നു. പിന്നെ മനോഗത പ്രാണനായി ഉപാസിച്ചു. അസുരര്‍ അതിലും പാപം ചേര്‍ത്തു. അതിനാല്‍ സദ് വിചാരവും ദുര്‍വിചാരവും ഉണ്ടാകുന്നു.
പിന്നീട് ദേവന്‍മാര്‍ മുഖത്തിലുള്ള മുഖ്യ പ്രാണനായി ഉദഗീഥത്തെ ഉപാസിച്ചു. അസുരന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.അവര്‍ കഠിനമായ പാറമേല്‍ തട്ടി മണ്ണാങ്കട്ട തകരും പോലെ നശിച്ചു.
ഇപ്രകാരം പ്രാണനെ അറിയുന്നയാളില്‍ ദോഷം ചെയ്യാനാഗ്രഹിക്കുന്നവനും ഉപദ്രവിക്കുന്നവനും മണ്ണാങ്കട്ട തകര്‍ന്ന് നശിക്കും പോലെ നശിച്ചുപോകും.മുഖ്യ പ്രാണനില്‍ പാപം ഇല്ലാത്തതിനാല്‍ സുഗന്ധമോ ദുര്‍ഗന്ധമോ ബാധകമല്ല. അത് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതിനാല്‍ മറ്റു പ്രാണങ്ങളെ രക്ഷിക്കുന്നു. മരണകാലത്ത് മുഖ്യ പ്രാണന്റെ വൃത്തിയായ അന്നപാനങ്ങളെ കിട്ടാത്തതിനാല്‍ ശരീരം വിട്ടു പോകുന്നു. മരണസമയത്ത് വായ തുറക്കുന്നത് അതുകൊണ്ടാണ്.
 അംഗിരസ്സ് ഋഷി മുഖ്യ പ്രാണനായി ഉദ്ഗീഥത്തെ ഉപാസിച്ചു. ഋഷികള്‍ അതിനെ ആംഗിരസം എന്നു വിചാരിക്കുന്നു. അത് അംഗങ്ങളുടെ എല്ലാം രസമാണ്.
ബൃഹസ്പതി മുഖ്യ പ്രാണനെ ഉദ്ഗീഥമായി ഉപാസിച്ചു. ഋഷികള്‍ അതിനെ ബൃഹസ്പതി എന്ന് കരുതുന്നു. വാക്കിനെ ബൃഹതി എന്നു പറയുന്നു.മുഖ്യ പ്രാണന്‍ വാക്കിന്റെ പതിയാണ്.
ആയാസ്യന്‍ മുഖ്യപ്രാണനായി ഉദ്ഗീഥത്തെ ഉപാസിച്ചു. ഋഷികള്‍ അതിനെ ആയാസ്യന്‍ എന്ന് വിചാരിക്കുന്നു. എന്തെന്നാല്‍ അത് മുഖത്ത് നിന്നു പുറപ്പെടുന്നതാണ്.
ദല്ഭ്യന്റെ മകനായ ബകന്‍ മുഖ്യ പ്രാണനായി ഉദ്ഗീഥത്തെ സാക്ഷാത്കരിച്ചു. അദ്ദേഹം നൈമിശാരണ്യത്തിലെ ഋഷിമാരുടെ യാഗത്തില്‍ ഉദ്ഗാതാവായിത്തീര്‍ന്നു. അവര്‍ക്കു വേണ്ടി കാമങ്ങളെ നന്നായി പാടി. ഇങ്ങനെ അക്ഷരമാകുന്ന ഉദ്ഗീഥത്തെ മുഖ്യ പ്രാണനായി അറിഞ്ഞ് ഉപാസിക്കുന്നയാള്‍ കാമങ്ങളുടെ ഉദ്ഗാതാവായിത്തീരും. ഇത് അദ്ധ്യാത്മമായ ഉപാസനാ വിവരണമാണ്. പ്രണവ രൂപമായ  ഉദ്ഗീഥത്തിന്റെ ദേഹ സംബന്ധിയായ വിവരണമാണ് അദ്ധ്യാത്മം. മുഖ്യ പ്രാണനായി ഉപാസിക്കലും അതിന്റെ ദൃഷ്ടഫലവും ഇവിടെ പറഞ്ഞു.
 ദേവന്‍മാരും അസുരന്‍മാരും എന്ന് വിശേഷിപ്പിച്ചത് ഇന്ദ്രിയ വൃത്തികളെയാണ്. ജ്ഞാന കര്‍മ്മങ്ങള്‍ക്കധികാരിയായ പ്രജാപതിയുടെയോ ഒരു മനുഷ്യന്റെയോ നല്ലതും ചീത്തയുമായ മനസ്സിലെ ചിന്തകളെയാണ്  ദേവാസുരന്‍മാരായി പറഞ്ഞത്. സാത്വിക അന്തക്കരണ വൃത്തികളായ ദേവന്‍മാരോട് തമോ വൃത്തികളായ അസുരന്‍മാര്‍ നമ്മുടെ ഉള്ളില്‍ നിരന്തരം പോരാടി കൊണ്ടിരിക്കുന്നു.സദ് വിചാരങ്ങളും വിചാരങ്ങളും ഇങ്ങനെ പോരടിക്കുമ്പോള്‍ അവയെ പ്രതിനിധീകരിക്കുന്ന ദേവന്‍മാരോ അസുരരോ ജയിക്കാം. ലൗകിക സുഖഭോഗങ്ങളിലേക്ക് പോകുന്നത് ആസുരികതയും അന്തര്‍മുഖമാകുന്നത് ദൈവീകതയുമാണ്. അസുരന്‍മാരെ വെല്ലാന്‍ ദേവന്‍മാര്‍ ഓങ്കാരമെന്ന ഉദ്ഗീഥത്തെ ഉപാസിക്കുന്നതാണ് ഇവിടെ. മുഖ്യ പ്രാണനായി ഉപാസിച്ചപ്പോള്‍ ഫലം കണ്ടു.
janmabhumi

No comments: