Monday, April 23, 2018

തത്വചിന്താധാരയായ, വേദാന്തസാരമായ ഭഗവദ്ഗീതയെ സ്പര്‍ശിക്കാന്‍പോലും അല്‍പജ്ഞനായ ഞാന്‍ അനര്‍ഹനാണ്. എങ്കിലും വൈക്കത്ത് വച്ച് നടക്കുന്ന ഏകദിന ശിബിരത്തെപ്പറ്റി രക്ഷാധികാരി എന്ന നിലയ്ക്ക് എന്റെ കടമ ഞാന്‍ നിര്‍വഹിക്കണമല്ലോ! ഗീത, കൃഷ്ണാര്‍ജുന സംവാദരൂപത്തിലുള്ള യോഗ സമവായമാണ്. അതില്‍ അടങ്ങാത്ത ജീവിതസത്തകള്‍ ഇല്ല. ആത്മാവ് അന്വേഷിക്കേണ്ട മാര്‍ഗ്ഗങ്ങളോടൊപ്പം യോഗാനുഷ്ഠാനങ്ങളും വിശദീകരിച്ചിരിക്കുന്നു. ഇഹപരങ്ങളെ ബന്ധിച്ച് നിര്‍ത്തുന്ന സുവര്‍ണ്ണ ശൃംഖലയാണത്. ജീവിതമരണ ദ്വന്ദങ്ങളില്‍നിന്നുകൊണ്ടുള്ള സുവ്യക്തമായ അവലോകനംകൂടിയാണത്. ''യത്ര യോഗേശ്വരഃ കൃഷ്‌ണോ യത്ര പാര്‍ത്ഥോ ധനുര്‍ധരഃ'' ഗുരുശിഷ്യരൂപത്തില്‍ കൃഷ്ണാര്‍ജുനന്മാരെ ഗീത നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അവരുടെ സംവാദം നമ്മുടെയെല്ലാം സംശയനിവൃത്തിക്കും ഉള്ളതാണ്. അവിടെ പ്രതിപാദിക്കപ്പെടാത്ത ഒന്നും ഇഹപരങ്ങളില്‍ അവശേഷിക്കുന്നില്ല. ശ്രുതികളും സ്മൃതികളും കാച്ചിക്കുറുക്കിയ സാരസര്‍വ്വസ്വമാകുന്നു ഭഗവദ്ഗീത. മഹാഭാരതമെന്ന മഹാമേരുവില്‍നിന്നാണ് അത് ഉറവെടുക്കുന്നത്. വ്യാസമുനി അതിന്റെ പ്രോദ്ഘാടകനുമാണ്. യോഗേശ്വരനായ കൃഷ്ണനെ-ധനുര്‍ധരനായ പാര്‍ത്ഥനെ അനശ്വരമായ മോക്ഷത്തിന്റെയും ക്ഷണഭംഗുരമായ മര്‍ത്ത്യജീവിതത്തിന്റെയും പ്രതീകമായി ഇവിടെ കാണണം. ഭൗതികതലവും ആദ്ധ്യാത്മികതലവും ജീവിതത്തിന്റെ രണ്ടറ്റമാണല്ലോ? അതു രണ്ടും സമന്വയിപ്പിച്ച് പരാമര്‍ശിക്കെപ്പടുന്നു എന്നത് ഗീതയ്ക്ക് മാത്രമുള്ള സിദ്ധിയാണ്, വിസ്മയമാണ്. സത്യധര്‍മ്മങ്ങള്‍ പാലിച്ച് ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച് പരമലക്ഷ്യമായ സായൂജ്യമടയണം. ഇതത്രെ ഗീതയുടെ ലക്ഷ്യവും സന്ദേശവും.
janmabhumi

No comments: