Wednesday, May 02, 2018

ശ്രീമദ് ഭാഗവതം (10-28) 14, 15, 17 ഈ ശ്ലോകങ്ങളില്‍ ആ സംഭവം വര്‍ണിക്കുന്നുണ്ട്.
ഇതി സഞ്ചിന്ത്യ ഭഗവാന്‍
മഹാകാരുണികോഹരിഃ
ദര്‍ശയാമാസ ലോകം സ്വം
ഗോപാനാം തമസഃ പരം (14)
സത്യം ജ്ഞാനമനന്തം യദ്
ബ്രഹ്മജ്യോതിസ്സനാതനം
യദ്ധിപശ്യന്തി മുനയോ
ഗുണാപായേ സമാഹിതാഃ (15)
നന്ദാഭയസ്തുതം ദൃഷ്ട്വാ
പരമാനന്ദ നിര്‍വൃതാഃ
കൃഷ്ണം ച തത്ര ഛന്ദോഭിഃ
സ്തൂയമാനം സുവിസ്മിതാഃ (17)
(=മഹാകാരുണികനായ ഭഗവാന്‍ കൃഷ്ണന്‍ ഗോപന്മാര്‍ക്ക്, അജ്ഞാനമാകുന്ന ഇരുട്ടുനിറഞ്ഞ ഈ ഭൗതിക പ്രപഞ്ചത്തിന്നപ്പുറത്ത്, ബ്രഹ്മജ്യോതിസ്സ് പ്രവഹിക്കുന്നതും സനാതനവുമായ തന്റെ സ്വന്തം ലോകം കാട്ടിക്കൊടുത്തു. ത്രിഗുണങ്ങളുടെ പ്രവര്‍ത്തനത്തിന് അതീതമായ ആ ലോകം സമാധിനിഷ്ഠരായ മുനികള്‍ക്ക് ഹൃദയത്തില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. നന്ദാദികളായ ഗോപന്മാര്‍ ആ ലോകം കണ്ട്, പരമാനന്ദത്തില്‍ മുഴുകി, ആ ലോകത്തില്‍ തന്നെ വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന കൃഷ്ണനേയും കണ്ടപ്പോള്‍ അവര്‍ വിസ്മയിച്ചു പോയി) വൈകുണ്ഠലോകത്തിന് അപ്പുറത്ത് 50 കോടി യോജന ഉയരത്തില്‍, ശ്രീകൃഷ്ണ ഭഗവാന്റെ ഗോലോകം സ്ഥിതിചെയ്യുന്നതായി പുരാണങ്ങള്‍ വര്‍ണിക്കുന്നു. അതാണ് നമ്മുടെ എല്ലാം അന്തിമമായ പ്രാപ്യസ്ഥാനം എന്ന് ഓര്‍ക്കണം.
ഭഗവല്ലോകം പ്രാപിച്ചവര്‍ തിരിച്ചുവരാത്തതിന്റെ കാരണം (15-7)
ജീവാത്മാക്കള്‍ പരമപ്രേമലക്ഷണയായ ഭക്തിയിലൂടെ ഭഗവത്പദം പ്രാപിക്കുന്നു; തിരിച്ച് ഭൗതികതയിലേക്ക് ഇറങ്ങിവരുന്നില്ല. സ്വര്‍ഗം തുടങ്ങിയ മറ്റു ദേവന്മാരുടെ ലോകങ്ങളില്‍ ചെല്ലുന്ന ജീവാത്മക്കള്‍ക്ക് മടങ്ങിവരേണ്ടിവരുന്നു. എന്താണ് കാരണം? ഭഗവാന്‍ പറയുന്നു-
മമ ഏവ അംശഃ ജീവഭൂതഃ (15-17)
എന്റെ മാത്രം അംശങ്ങളാണ്-ജീവലോകത്തില്‍-ഭൗതിക പ്രപഞ്ചത്തിന്റെ മായാബദ്ധരായി കഴിയുന്ന ജീവാത്മാക്കള്‍ എന്ന് ആദ്യമായി മനസ്സിലാക്കണം. ജീവാത്മാക്കള്‍ എന്നു പറയുമ്പോള്‍ മനുഷ്യരും മൃഗാദികളും മാത്രമല്ല, ഭൗതികപ്രപഞ്ചം ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാവിഷ്ണു ശിവാദികളായ ദേവന്മാരും എന്റെ അംശങ്ങള്‍ തന്നെയാണ്. ക്ഷണനേരത്തേക്കു മാത്രമല്ല, അവരുടെ വ്യക്തിത്വം നിലനില്‍ക്കുന്നത്. ബദ്ധാവസ്ഥയിലും മുക്താവസ്ഥയിലും എപ്പോഴും അവര്‍ സനാതനന്മാരാണ്- ''സനാതനഃ''
മുക്താവസ്ഥയില്‍ ആരും-ഏതു ജീവനും-
ഭഗവാനില്‍ ലയിക്കുന്നില്ല. ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ജീവാത്മക്കളില്‍, ഭഗവച്ചൈതന്യം കൂടുതലുള്ളതിനാല്‍ സ്വാശം-എന്ന് ശാസ്ത്രങ്ങളില്‍ വിവരിക്കുന്നു. മനുഷ്യാദി ശരീരങ്ങളിലുള്ള ജീവാത്മാക്കളെ 'അംശം' എന്ന് പറയുന്നു. ഭഗവാന്റെ ജ്ഞാനം, ഐശ്വര്യം തുടങ്ങിയ എല്ലാ ഗുണങ്ങളും ഈ ജീവാത്മാക്കളിലും ഉണ്ട്. പക്ഷേ, തനിക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്, ജീവാത്മാവ്, ഭൗതികതയിലേക്ക് വീഴുകയാണ്. മുക്തനായ ജീവാത്മാവ് ഭൗതിക പ്രകൃതിക്ക് അടിമയല്ല. മുക്തനായ ജീവാത്മാവ് ഭഗവല്ലോകത്തിലെത്തി ഭഗവദ്ദാസ്യം കൈവരിച്ച് ആനന്ദം അനുഭവിക്കുന്നു. ഏതവസ്ഥയിലും സനാതനനാണ്.   
 9961157857

No comments: