Wednesday, May 02, 2018

പറയി പെറ്റ പന്തിരുകുലം

വരരുചിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കേരളീയര്‍ ഒരു കഥ പറഞ്ഞുവരുന്നുണ്ട്. ഒരിക്കല്‍ വരരുചി ഒരാല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ഒരു പറച്ചിയെ വിവാഹം ചെയ്യേണ്ടിവരുമെന്നു ചില വ്യോമചാരികള്‍ സംഭാഷണം ചെയ്തുപോകുകയും അതു കേട്ടു വിഷണ്ണനായി അദ്ദേഹം ആ പറയപ്പെണ്‍പൈതലേതെന്നു തിരക്കി, അവളെപ്പിടിച്ചു തലയ്ക്കൊരാണി തറച്ച് ഒരു പെട്ടിയിലാക്കി രാജഭടന്മാരെക്കൊണ്ട് ആ പെട്ടി പുഴയില്‍ ഒഴുക്കിക്കുകയും ചെയ്തു. അത് ഒരു ബ്രാഹ്മണന്‍ കണ്ടെടുത്തു.
കുട്ടിയെ തന്റെമകളെപ്പോലെ വളര്‍ത്തി. ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ വരരുചി ഒരു ദിവസം അതിഥിയായി ചെല്ലുകയും കന്യകയുടെ രൂപഗുണങ്ങളാല്‍ ആകൃഷ്ടനായി അവളെ വിവാഹം ചെയ്കയും ചെയ്തു. ആ യുവതിയുടെ പൂര്‍വ ചരിത്രം തലയിലെ ആണി കണ്ടു മനസ്സിലായപ്പോള്‍ ലജ്ജിച്ചു സ്വദേശത്തു താമസിക്കുന്നതു വിഹിതമല്ലെന്നു കരുതി അദ്ദേഹം സപത്നീകനായി ദേശസഞ്ചാരമാരംഭിക്കുകയും ആ വഴിക്കു കേരളത്തില്‍ വന്നു ചേരുകയും ചെയ്തു. പതിനൊന്നു ശിശുക്കളെ പത്നി കേരളത്തില്‍ ഓരോ സ്ഥലത്തായി പ്രസവിച്ചു. ഓരോ കുഞ്ഞിനെപ്പറ്റിയും ‘വായുണ്ടോ’ എന്നു വരരുചി ആ സാധ്വിയോടു ചോദിക്കുകയും ഉണ്ടെന്നു പറഞ്ഞാല്‍ അതിനെ പ്രസവിച്ച സ്ഥലത്തുതന്നെ ഇട്ടുംവെച്ചു പോകുകയും പതിവായിരുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിനു വായില്ലെന്ന് അവള്‍ പൊളി പറഞ്ഞപ്പോള്‍ അതു വാസ്തവത്തില്‍ വായില്ലാത്തതായിത്തന്നെ തീര്‍ന്നു. അതിനെ ഒരു കുന്നില്‍ കൊണ്ടു ചെന്നു ‘വായില്ലാക്കുന്നിലപ്പന്‍’ എന്നു പേരും കൊടുത്തു പ്രതിഷ്ഠിച്ചതിനുമേല്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു കേരളം വിട്ടുപോയി. ഇതാണ് ഐതിഹ്യം.
“മേഴത്തോളഗ്നിഹോത്രി, രജക,നുളിയനൂര്‍-
ത്തച്ചനും, പിന്നെ വള്ളോന്‍,
വായില്ലാക്കുന്നിലപ്പന്‍, വടുതലമരുവും
നായര്‍, കാരയ്ക്കല്‍ മാതാ,
ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ക-
ത്തെഴും പാണനാരും,
നേരേ നാരായണഭ്രാന്തനു, മുടനകവൂര്‍-
ച്ചാത്തനും, പാക്കനാരും.”
എന്ന ശ്ലോകത്തില്‍നിന്നു മറ്റു മക്കള്‍ ആരെന്നു ഗ്രഹിക്കാവുന്നതാണ്. മേഴത്തോള്‍ ജാതിയില്‍ നമ്പൂരിയും, പെരുന്തച്ചന്‍ കമ്മാളനും, ഉപ്പുകൂറ്റന്‍ മാപ്പിളയും (മുഹമ്മദീയനല്ല), ചാത്തന്‍ വൈശ്യനും, പാക്കനാര്‍ പറയനുമായിരുന്നു എന്നു പറയുന്നു. ഇളയതായ നാറാണത്തുഭ്രാന്തനാണത്രേ കേരളത്തില്‍ താന്ത്രികമതം അഭിവൃദ്ധിപ്പെടുത്തിയത്. ഓരോരു ത്തരെ ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തിയതിനാല്‍ അവര്‍ക്ക് ഭിന്നജാതിത്വം വന്നുചേര്‍ന്നുപോലും. പതിനൊന്നു പേരും ഓരോ തരത്തില്‍ ദിവ്യന്മാരായിരുന്നു. അവരില്‍ ചിലരെപ്പറ്റി ആശ്ചര്യകരങ്ങളായ പല ഐതിഹ്യങ്ങള്‍ കേട്ടുകേള്‍വിയുണ്ട്. ഏകദേശം ഇത്തരത്തില്‍ ഒരൈതിഹ്യം തമിഴ് നാട്ടിലും പ്രചരിക്കുന്നു. ഭഗവാന്‍ എന്ന ബ്രാഹ്മണന്റെയും ആതി എന്ന പറച്ചിയുടേയും സന്താനങ്ങളായി ഉപ്പൈ, ഉരുവൈ, വള്ളി, ഔവൈയാര്‍, അതികമാന്‍, കപിലര്‍, തിരുവള്ളുവര്‍ ഇങ്ങനെ ഏഴു പേര്‍ ജനിച്ചു എന്നും, അവരെയെല്ലാം മാതാപിതാക്കള്‍ വഴിയില്‍ തള്ളിയിട്ടുപോയി എന്നും, ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തി എന്നുമാണ് ആ ഐതിഹ്യത്തിന്റെ ചുരുക്കം. തിരുവള്ളുവര്‍ തിരുക്കുറളിന്റെ പ്രണേതാവും, കപിലര്‍ പ്രസിദ്ധനായ സംഘകവിയും, ഔവൈ ചെന്തമിഴ്ക്കവയിത്രിയുമാണ്. അതികമാനും ചേരമാന്‍ പെരുമാള്‍നായനാരും ഒന്നാണെന്നു പഴമക്കാര്‍ പറയുന്നു. കാരയ്ക്കലമ്മ ചോളദേശത്തില്‍ ജീവിച്ചിരുന്ന ഒരു കവയിത്രിയാണ്. തിരുവാലങ്കാട്ടു മൂത്ത തിരുപ്പതികം, ഇരട്ടൈ മണിമാലൈ, അര്‍പ്പുതത്തിരുവാന്താതി, ഈ ശിവസ്തുതിപരങ്ങളായ പ്രബന്ധങ്ങള്‍ ചെന്തമിഴില്‍ രചിച്ചത് ആ ഭക്തയാകുന്നു. ചോളരാജ്യത്തിലെ ഒരു ദേവതയായ കാരയ്ക്കലമ്മയേയും മൈലാപ്പൂരില്‍ ജനിച്ചതായി തമിഴര്‍ ഘോഷിക്കുന്ന തിരുവള്ളുവരെയും കേരളസന്താനങ്ങളായി ഗണിക്കുന്നതു സാഹസം തന്നെ. തിരുവരങ്കത്തു പാണനാരുടെ ജന്മഭൂമി ശ്രീരങ്ഗമാണെന്ന് അദ്ദേഹത്തിന്റെ പേരിനോടു ചേര്‍ത്തുകാണുന്ന വിശേഷണം തന്നെ പ്രഖ്യാപനം ചെയ്യുന്നു. ആകെക്കൂടി നോക്കുമ്പോള്‍ അഗ്നിഹോത്രി, പെരുന്തച്ചന്‍, വടുതലനായര്‍, നാറാണത്തുഭ്രാന്തന്‍, ചാത്തന്‍, പാക്കനാര്‍ എന്നീ ആറു പേരും, പക്ഷെ ഉപ്പുകൂറ്റനും കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിരിക്കാമെന്നും അവരെയെല്ലാം ഒരു ചരടിലിണക്കിക്കോര്‍ത്ത് ഏകോദരസഹോദരന്മാരാക്കി ഒരു കഥ കേരളീയര്‍ നിര്‍മ്മിച്ചതു ജാതിബ്ഭള്ളിന്റെ പൊള്ള വെളിപ്പെടുത്താനും സരസ്വതീഗോത്രം ഒന്നേ ഉള്ളൂ എന്നു കാണിക്കുവാനുമായിരിക്കുമെന്നും ഞാന്‍ ഊഹിക്കുന്നു. വൈയാകരണനായ വരരുചിക്ക് അഗമ്യാഗമനം കല്പിച്ച് അദ്ദേഹത്തെ പതിതപ്രായനായി ജനങ്ങള്‍ കരുതിയിരുന്നു എന്നുള്ളതു ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശത്തില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തില്‍നിന്നു വിശദമാകുന്നതാണ്.
“ധൂര്‍ത്തൈര്യല്‍ ശ്വപചീകൃതോ വരരുചി-
സ്സര്‍വ്വജ്ഞകല്പോപി സന്‍;
ജീവന്നേവ പിശാചതാഞ്ച ഗമിതോ
ഭര്‍ച്ചുര്യദഭ്യര്‍ച്യധീഃ;
ഛന്ദോഗോയമിതി പ്രഭാകരഗുരുര്‍-
ദ്ദേശാച്ച നിര്‍വാസിതാ
യദ് വൃത്താന്തവിജൃംഭിതേന മഹതാ
തത്സര്‍വമല്പീകൃതം”
പല ദേശങ്ങളിലെ പുരാവൃത്തങ്ങള്‍ കൂട്ടിക്കുഴച്ചുമറിച്ച് ഒന്നിച്ചു ചേര്‍ത്തു തട്ടിപ്പടച്ചിരിക്കുന്നതാണ് കേരളത്തിലെ ഈ ഐതിഹ്യം എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധപ്പെടാതിരിക്കുകയില്ല.

No comments: