പ്രഭാകരമിശ്രന്‍ — ദേശം
പൂര്‍വമീമാംസ കേരളത്തില്‍ വേരൂന്നുവാന്‍ പ്രധാനകാരണം കേരളീയനായ പ്രഭാകരമിശ്രന്റെ ആവിര്‍ഭാവമാണ്. പ്രഭാകരന് ശൂകപുരം ഗ്രാമത്തില്‍ പെട്ട പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലേ ഒരു നമ്പൂരിയായിരുന്നു എന്നാണ് ഐതിഹ്യം. കേരളോല്പത്തിയില് പള്ളിവാണപ്പെരുമാള്‍ നമ്പൂരിമാരെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ഭട്ടാചാര്യരെ (കുമാരിലഭട്ടന്) വരുത്തി ചെലവിനു കൊടുത്തു പാര്‍പ്പിച്ചു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായി വെളിയില്‍നിന്നു പ്രഭാകരഗുരുക്കളും വന്നുചേര്‍ന്നു എന്നും പ്രഭാകരന് കേരളത്തില്‍തന്നെ സ്ഥിരമായി താമസിച്ച് നമ്പൂരിമാരെ പൂര്‍വമീമാംസ അധ്യയനം ചെയ്യിച്ചു എന്നും അദ്ദേഹത്തിനു പെരുമാള്‍ ഏഴായിരം കലവും ഉദയതുങ്ഗന്‍ചെട്ടി അയ്യായിരം കലവും വസ്തുദാനം ചെയ്തു എന്നും പ്രസ്താവിച്ചു കാണുന്നു. എങ്കിലും ആ പ്രസ്താവന ആദ്യന്തം വിശ്വസനീയമല്ലെന്നും അദ്ദേഹം ഒരു കേരളീയന് തന്നെയായിരുന്നു എന്നുമാണ് എനിക്കു തോന്നുന്നത്. ഛന്ദോഗന്‍ (സാമവേദാധ്യായി) എന്ന കാരണത്താല്‍ അദ്ദേഹത്തെ ദേശത്തില്‍നിന്നു നിഷ്കാസനം ചെയ്തു എന്നു ശൃങ്ഗാരപ്രകാശത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു താന്‍ ഉത്തരഭാരതത്തില്‍ പൂര്‍വമീമാംസ അഭ്യസിച്ച ദേശമായിരിക്കാം. അദ്ദേഹത്തെ അകേരളീയനാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏതായാലും ആ മഹാത്മാവു കേരളത്തില്‍ പൂര്‍വമീമാംസാചാര്യനായി പരിലസിച്ചിരുന്നു എന്നുള്ളതു നിര്‍വിവാദമാണ്. ഉദയതുങ്ഗേശ്വരത്തു സഭാമഠത്തില്‍ അദ്ദേഹത്തിന്റെ മെതിയടി വച്ചു പൂജിച്ചുവന്നതായി കേരളോല്പത്തിയില് പ്രത്സാവനയുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹം ‘തദിദമന്യദീയമന്യസ്യോച്യമാനം മാതുലധനകഥനന്യായ മാവഹതി’ എന്ന പങ്ക്തിയില്‍ മരുമക്കത്തായത്തെ കടാക്ഷിക്കുന്നതായി അഭ്യൂഹിക്കാവുന്നതാണ്.
കാലം
കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരന് എന്നാണ് ഭാരതമെങ്ങും പണ്ടേക്കുപണ്ടേയുള്ള പ്രസിദ്ധി. ക്രി.പി. 650-ല്‍ ചരമം പ്രാപിച്ച ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തെ ഭട്ടന് തന്ത്രവാര്‍ത്തികത്തില്‍ സ്മരിക്കുന്നതുകൊണ്ടും ഉംവേകന്‍ എന്ന നാമാന്തരത്തോടുകൂടിയ ഭവഭൂതി (655–725) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നതുകൊണ്ടും അദ്ദേഹം ക്രി.പി. 620 മുതല്‍ 680 വരെ ജീവിച്ചിരുന്നിരിക്കണമെന്നാണ് പല പണ്ഡിതന്മാരുടെയും മതം. കുമാരിലന് ശിഷ്യന്മാരെ പഠിപ്പിക്കുമ്പോള്‍ “അത്രാപി നോക്തം; തത്ര തുനോക്തം; ഇതി ദ്വിരുക്തം” എന്ന പങ്ക്തിക്ക് അര്‍ത്ഥം തോന്നാതെ സ്വല്പം കുഴങ്ങി എന്നും അതു കണ്ട കുശാഗ്രബുദ്ധിയായ പ്രഭാകരന് “അത്ര അപിനാ ഉക്തം; തത്ര തുനാ ഉക്തം; ഇതി ദ്വിഃ ഉക്തം” അതായത് “ഇവിടെ ‘അപി’ കൊണ്ടും അവിടെ ‘തു’കൊണ്ടും ഇങ്ങനെ രണ്ടുതവണ പറഞ്ഞിട്ടുണ്ട്” എന്നാണ് ആ പങ്ക്തിയുടെ അര്‍ത്ഥമെന്ന് ആചാര്യനെ അറിയിച്ചു എന്നും, അപ്പോള്‍ വിസ്മിതനായ അദ്ദേഹം ആ ശിഷ്യനു ‘ഗുരു’ എന്ന ബിരുദം നല്കി എന്നും പഴമക്കാര്‍ പ്രസ്താവിക്കുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ മതത്തെ ഗുരുമതമെന്നു പറയുന്നു. ശിഷ്യനായിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ പ്രഭാകരന് കുമാരിലന്റെ ജീവഹാനി വരുത്തുവാന്‍ തട്ടിന്‍പുറത്തു കേറി ഒളിഞ്ഞിരിക്കുകയും, കുമാരിലന് തന്റെ പത്നിയോടു പൂര്‍ണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ച് ആ ചന്ദ്രനു തന്റെ പ്രഭാകരന്റെ കാന്തിയില്ലെന്നു പറയുകയും അതു കേട്ടു ശിഷ്യന് താഴെയിറങ്ങി ഗുരുദ്രോഹത്തിനു പ്രായശ്ചിത്തമായി ഉമിത്തീയില്‍ ഇറങ്ങിനിന്നു മരിക്കുവാന്‍ നിശ്ചയിക്കുകയും, അത് ആചാര്യന് പണിപ്പെട്ടു തടയുകയും ചെയ്തതായി ഒരു കഥയുണ്ട്. വിദ്യാരണ്യന്റേതാണെന്ന് അബദ്ധമായി പറയുന്ന ശങ്കരവിജയത്തില്‍ കാണുന്നതു കുമാരിലന് ഒരു ബൗദ്ധനോടു ബുദ്ധദര്‍ശനം അഭ്യസിച്ചു എന്നും ആ അഭ്യാസം ബൗദ്ധമതഖണ്ഡനത്തിനു വേണ്ടിയായിരുന്നതിനാല്‍ ബൗദ്ധന്മാരെ വാദത്തില്‍ മടക്കിയതിനുശേഷം ഗുരുദ്രോഹഭീതിയാല്‍ ഉമിത്തീയില്‍ ചാടി മരിച്ചു എന്നുമാകുന്നു. സുകുമാരകവിയെപ്പറ്റിയും ഈ ഐതിഹ്യംതന്നെ പ്രകാരാന്തരേണ പ്രചരിക്കുന്നു. പ്രസ്തുത സംഭവം ആരെസ്സംബന്ധിച്ചാണ് വാസ്തവത്തില്‍ ഉണ്ടായതെന്ന് അറിവാന്‍ നിവൃത്തിയില്ല. ഏതായാലും ചില വിദ്വാന്മാര് വിപരീതാഭിപ്രായക്കാരാണെങ്കിലും പ്രഭാകരന് കേരളത്തില്‍നിന്ന് ഉത്തരഭാരതത്തില്‍ പോയി ഭട്ടന്റെ അന്തേവാസിത്വം സ്വീകരിക്കുകയും ഭട്ടനോടുകൂടി തിരിയെ സ്വദേശത്തു വന്നു ബൗദ്ധമതത്തെ അസ്തമിതപ്രായമാക്കുകയും ചെയ്തതായി നമുക്ക് അനുമാനിക്കാം. ആ അനുമാനം അസങ്ഗതമല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതകാലം ക്രി.പി. 650-നും 720-നും ഇടയ്ക്കാണെന്നു വന്നുകൂടുന്നു.
No comments:
Post a Comment