Wednesday, May 02, 2018

പ്രാഭാകരമതവും ഭാട്ടമതവും

പ്രഭാകരന്റേയും ഭട്ടന്റേയും മതങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇവിടെ പ്രപഞ്ചനം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നില്ല. വൈദികങ്ങളായ ശബ്ദങ്ങളെ മാത്രമേ പ്രഭാകരന്‍ പ്രമാണത്വേന അങ്ഗീകരിക്കുന്നുള്ളു. പദങ്ങളെക്കൊണ്ട് അഭിഹിതങ്ങളായ പദാര്‍ത്ഥങ്ങള്‍തന്നെയാണ് വാക്യാര്‍ത്ഥത്തെ ബോധിപ്പിക്കുന്നത് എന്നുള്ള ഭട്ടന്റെ പക്ഷം പ്രഭാകരനു സമ്മതമല്ല. അദ്ദേഹത്തിനു വാക്യമാണ് ഘടകം; തന്നിമിത്തം ഭട്ടനെ അഭിഹിതാന്വയവാദിയെന്നും പ്രഭാകരനെ അന്വിതാഭിധാനവാദിയെന്നും പറയുന്നു. ഭട്ടന് അഭാവം ഒരു പദാര്‍ത്ഥമാണ്. പ്രഭാകരന്‍ അത് കേവലം അധികരണസ്വരൂപമാണെന്നു കരുതുന്നു; അതു കൊണ്ട് അനുപലബ്ധി അദ്ദേഹത്തിനു പ്രമാണമല്ല. വിപരീതഖ്യാതിവാദിയാണ് ഭട്ടന്‍; അഖ്യാതിവാദിയാണ് പ്രഭാകരന്‍; ഇതു ഭ്രമജ്ഞാനവിഷയകമായുള്ള മതഭേദമാകുന്നു. ഖ്യാതിയെന്നാല്‍ ജ്ഞാനമെന്നര്‍ത്ഥം. ഇങ്ങനെ പൂര്‍വമീമാംസ ഭാട്ടമെന്നും പ്രഭാകരമെന്നും രണ്ടു വലിയ ശാഖകളായി പ്രവഹിച്ചുതുടങ്ങി. കാലാന്തരത്തില്‍ ഭാട്ടമതത്തിനാണ് പ്രാബല്യം സിദ്ധിച്ചത്. എങ്കിലും രണ്ടു മതങ്ങളേയും ഒന്നുപോലെ കേരളീയര്‍ ബഹുമാനിച്ചു. രണ്ടിനും സമാനകക്ഷ്യയില്‍ പട്ടത്താനങ്ങളിലും മറ്റു സ്ഥാനം നല്‍കി. നമ്പൂരിമാരുടെ ഗ്രാമങ്ങളെക്കൂടി ഭാട്ടം, പ്രാഭാകരം, വ്യാകരണം എന്നിങ്ങനെ വിഭജിച്ചിരുന്നതായി കേരളോല്‍പത്തിയില്‍നിന്നു വെളിപ്പെടുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭട്ടനു കേരളത്തില്‍ ലഭിച്ച ഒരു ശിഷ്യനായിരുന്നു വടക്കന്‍കോട്ടയം രാജവംശത്തിന്റെ കൂടസ്ഥനെന്നു പറയുന്ന ഹരിശ്ചന്ദ്രമഹാരാജാവ്. അദ്ദേഹമാണ് ഇവിടെ ഭാട്ടമതത്തിനു പ്രചാരം വരുത്തിയത്.
“യേഷാം വംശേ സമജനി ഹരി-
ശ്വന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപതിഃ പതഗ, യദുപ-
ജ്ഞഞ്ച കൗമാരിലാനാം”
എന്നു കോകിലസന്ദേശത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ ആ മഹാരാജാവിനെ വാഴ്ത്തുന്നു.

പ്രഭാകരന്റെ യശസ്സ്

പ്രഭാകരനെപ്പറ്റി പില്‍ക്കാലക്കാര്‍ക്ക് ഏത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ തെളിയിക്കുന്നതാണ്. ശാലികാനാഥന്‍ ഋജുവിമല ഇങ്ങനെ ആരംഭിയ്ക്കുന്നു:-
“സൃഷ്ടാവിദ്യാനിശാധ്വംസിനിബന്ധനിബിഡൗജസം
ഉദ്ഭാസിതജഗജ്ജാഡ്യം നമസ്യാമഃ പ്രഭാകരം.
പ്രഭാകരഗുരോരര്‍ത്ഥാന്‍ മിതഗംഭീരഭാഷിണഃ
അഞ്ജസാ വ്യഞ്ജയിഷ്യന്തീ പഞ്ചികാ ക്രിയതേ മയാ.”
മഹാത്മാവായ രാമാനുജാചാര്യര്‍ തന്ത്രരഹസ്യത്തില്‍
“ആലോച്യ ശബ്ദബലമര്‍ത്ഥബലം ശ്രുതീനാം
ടീകാദ്വയം വ്യരചയദ് ബൃഹതീം ച ലഘ്വീം
ഭാഷ്യം ഗഭീരമധികൃത്യ മിതാക്ഷരം യ-
സ്സോയം പ്രഭാകരഗുരുര്‍ജ്ജയതി ത്രിലോക്യാം.”
എന്നു ഗുരുവിനേയും
“ബൃഹതീം തഥൈവ ലഘ്വീം
ടീകാമധികൃത്യ ശാലികാനാഥഃ
ഋജുവിമലാം ദീപശിഖാം
വിശദാര്‍ത്ഥമകൃത പഞ്ചികാം ക്രമശഃ”
എന്നു ശിഷ്യനേയും പ്രശംസിക്കുന്നു. എല്ലാംകൊണ്ടും പ്രഭാകരമിശ്രന്‍ കേരളഭൂമിയുടെ മഹനീയന്മാരായ പുത്രന്മാരില്‍ ശങ്കര ഭഗവല്‍പാദരെ കഴിച്ചാല്‍ അടുത്ത സ്ഥാനത്തിനവകാശിയാണെന്നു സ്ഥാപിക്കാവുന്നതാണ്.

ഭവരാതന്‍; മാതൃദത്തന്‍; രാമശര്‍മ്മാ

ക്രി.പി. 635 മുതല്‍ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികള്‍ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി.പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്‍റേയും (വാഴ്ചക്കാലം ക്രി.പി. 600–630) സദസ്യപ്രവേകനും കിരാതാര്‍ജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയില്‍ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യന്‍ ക്രി.പി. 655-ആമാണ്ടിടയ്ക്ക് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവര്‍മ്മനെന്ന പല്ലവരാജാവ് (വാഴ്ചക്കാലം ക്രി.പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോള്‍ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീര്‍ന്നു. അവിടെവെച്ചു കാവ്യാദര്‍ശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ദശകുമാരചരിതത്തില്‍ പൂര്‍വപീഠികയൊഴികെയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ട്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കല്‍പ്പേട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയന്‍ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താന്‍ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാന്‍ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോള്‍ രണമല്ലനെന്ന സേനാപതിയുടെ പുത്രന്‍ ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാര്‍ശ ചെയ്തുകൊണ്ട് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാര്‍ കേരളത്തില്‍നിന്ന് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാല്‍ ചുവടെ ഉദ്ധരിക്കുന്നു:-
“മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശല്‍കുതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമര്‍ത്ഥസ്യ, ബ്രഹ്മര്‍ഷേര്‍ഭവരാതനാമ്നഃ പുത്രഃ, തല്‍പുത്രാണാം തത്സമാനമേധാദിസര്‍വസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിര്‍വഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമഹേശ്വരോ ലബ്ധവര്‍ണ്ണ കര്‍ണ്ണധാരഃ, കര്‍ണ്ണമപി നാപരയാ ത്യാഗരക്ത്യാതിക്രാന്തോ, തന്ത്രാര്‍ത്ഥതത്വവ്യാഖ്യാനചതുരശ്ചതുവേര്‍ദവിത്, സര്‍വജനമാതൃ ഭൂതകരുണാവൃത്തിര്‍മ്മാതൃദത്തഃ”.
ഇതില്‍നിന്ന് അക്കാലത്തു കേരളത്തില്‍ ഭവരാതന്‍ എന്നു പേരോടുകൂടി ഒരു ബ്രഹ്മര്‍ഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കര്‍മ്മഠനും കല്പസൂത്രത്തിനു ടീക നിര്‍മ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തന്‍ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിര്‍മ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തന്‍ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതില്‍നിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയില്‍
“അപിച സ്പൃഹണീയം തേ സുഹൃദാമപി ദര്‍ശനം
മിത്രാണി മാതൃദത്താദ്യാഃ കേരളേഷ്വ ദ്വിജോത്തമാഃ
ത്വദ്ദര്‍ശനാര്‍ത്ഥമായാതാസ്തസ്മിന്‍ സന്നിദധത്യമീ.”
എന്ന് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തന്‍ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ട്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശര്‍മ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയില്‍ സ്മരിക്കുന്നുണ്ട്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശര്‍മ്മാവു പ്രഹേളികാരൂപത്തില്‍ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹന്‍ കാവ്യാലങ്കാരത്തില്‍ പ്രസ്താവിക്കുന്നു.
“സ പീതവാസാഃ പ്രഗൃഹീതശാര്‍ങ്ഗോ
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”
എന്ന ശ്ലോകം ‘ഉപമാനത്തില്‍ അധികപദത്വം’ എന്ന കാവ്യദോഷത്തിന് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശര്‍മ്മാവിനെയായിരിക്കാം അവന്തിസുന്ദരിയില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.

കുലശേഖര ആഴ്വാരും മുകുന്ദമാലയും

ക്രി.പി. 767 മുതല്‍ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഞാന്‍ ഊഹിക്കുന്ന കുലശേഖര ആഴ്വാരുടെ ചെന്തമിഴ് കൃതികളെപ്പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണ് മുകുന്ദമാല. അതിന്റെ കാശ്മീരപാഠത്തില്‍ 34-ഉം കേരളീയപാഠത്തില്‍ 31-ഉം ശ്ലോകങ്ങള്‍ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാര്‍ക്കു വളരെ പ്രയോജനമുള്ളതാണ്. അതു താഴെ ഉദ്ധരിക്കാം.
“യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ”
‘ശ്രുതധരൗ’ എന്നു പാഠാന്തരം. ഇതില്‍നിന്നു കുലേശേഖരന്‍ ഒരു രാജാവായിരുന്നു എന്നും അദ്ദേഹത്തിനു മഹാവിദ്വാന്മാരായ രവി എന്ന ബ്രാഹ്മണനും ലോകവീരനെന്ന വാരിയരും മിത്രങ്ങളായിരുന്നു എന്നും വെളിവാകുന്നു. ഈ പാഠം ശരിയല്ലെന്നും തമിഴ്‌നാട്ടില്‍ ഇതു “യസ്യ പ്രിയൗ ശ്രുതിധരൗ കവിലോക വീരൗ മിത്രേ ദ്വിജന്മവരപത്മശരാവഭൂതാം” എന്നാണ് പാരായണം ചെയ്യാറുള്ളതെന്നും ഒരു വാദം ചിലര്‍ പുറപ്പെടുവിക്കാറുണ്ട്. കാശ്മീരപാഠം “യസ്യ പ്രിയൗ ശ്രുതധരൗ കവിലോക ഗീതൗ മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം” എന്നാണ്. ഈ പാഠങ്ങളനുസരിച്ചു പ്രസ്തുതശ്ലോകാര്‍ദ്ധത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്കറിഞ്ഞുകൂടാ. കേരളപാഠം ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല. ഒരു പ്രാചീനമായ ഭാഷാവ്യാഖ്യാനത്തില്‍ “ശ്രുതധരൗ, എല്ലാ വിദ്യകളിലും പരിപൂര്‍ണ്ണന്മാരായി, പ്രിയൗ, പ്രിയന്മാരായി, വീരൗ, രവി എന്‍റും ലോകവീരനെന്‍റും പേരായിരിക്കിന്റ ദ്വിജന്മവരപാരശവൗ, ദ്വിജന്മവരനും പാരശവനും, മിത്രേ, മിത്രമായി, ബന്ധുക്കളായി, അഭൂതാം, ഭവിച്ചു” എന്നു കാണുന്നു. മുകുന്ദമാലയ്ക്കു കേരളീയനായ രാഘവാനന്ദന്‍ ക്രി.പി. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തില്‍ രചിച്ച താത്പര്യദീപിക എന്ന വ്യാഖ്യാനത്തിലും “ശ്രുതിധരൗ, സര്‍വശാസ്ത്രജ്ഞൗ, പ്രിയൗ, ഇഷ്ടൗ, രവിലോകവീരൗ, രവിശ്ച ലോകവീരശ്ച തൗ, തന്നാമാനൗ, ദ്വിജന്മവരപാരശവൗ യസ്യ മിത്രേ അഭൂതാം” എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. പാരശവപദത്തിന്റെ അര്‍ത്ഥം ശരിയ്ക്കു മനസ്സിലാകായ്കയാലാണ് പാരദേശികന്മാര്‍ പാഠവ്യത്യാസം വരുത്തിയതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീ വൈഷ്ണവസമ്പ്രാദായത്തില്‍ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ട് അത് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിര്‍വാദമുള്ളതും സാധുവല്ല. മറ്റുള്ള ആഴ്വാരന്മാര്‍ തമിഴിലല്ലാതെ കവനം ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാഴ്വാരുടെ സംസ്കൃതഗ്രന്ഥത്തെ മാത്രം അവര്‍ രാമാനുജാദ്യാചാര്യന്മാരുടെ സമ്പ്രദായ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നേ ഞാന്‍ കരുതുന്നുള്ളു. സമ്പ്രദായഗ്രന്ഥമല്ലെങ്കിലും ശ്രീവൈഷ്ണവന്മാര്‍ നിത്യപാരായണത്തിന് ഉപയോഗിക്കുന്നതാണെന്നുള്ള പരമാര്‍ത്ഥം മറയ്ക്കുവാന്‍ പാടുള്ളതുമല്ല.

മുകുന്ദമാലയുടെ പ്രചാരം

മുകുന്ദമാലയ്ക്കു വളരെ വേഗത്തില്‍ ഭാരതമെങ്ങും പ്രശസ്തി സിദ്ധിച്ചു. വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായ ശ്രീധരദാസന്‍ ക്രി.പി. 1205-ല്‍ രചിച്ച സദുക്തികര്‍ണ്ണാമൃതം എന്ന സുഭാഷിതഭണ്ഡാഗാരത്തില്‍ അതില്‍നിന്നു ഹരിഭക്തിക്ക് ഉദാഹരണമായി ‘ബദ്ധേനാജ്ഞലിനാ’ ‘നാസ്ഥാ ധര്‍മ്മേ’ ‘മജ്ജന്മനഃ ഫലമിദം’ എന്നീ മൂന്നു പദ്യങ്ങളും ‘ശ്രീകുല ശേഖരസ്യ’ എന്നു നാമഗ്രഹണം ചെയ്തും ‘നാഹം വന്ദേ തവ ചരണയോഃ’ എന്നും ‘മുകുന്ദ മൂര്‍ദ്ധ്‌നാ പ്രണിപത്യ യാചേ’ എന്നീ രണ്ടു പദ്യങ്ങളും ‘കസ്യചില്‍’ എന്നുമാത്രം സൂചിപ്പിച്ചും ഉദ്ധരിക്കുന്നു. ക്രി.പി. പതിമ്മൂന്നാം ശതകത്തില്‍ ബര്‍മ്മായില്‍ പാഗാന്‍ എന്ന നഗരത്തിന് ഒരു മൈല്‍ അകലെയുള്ള മൈന്‍പാഗാന്‍ എന്ന സ്ഥലത്തു കണ്ടെത്തിട്ടുള്ള ഒരു തമിഴ് ശിലാരേഖയില്‍ മലമണ്ഡലത്തില്‍ മകോതയര്‍ പട്ടണത്തില്‍ രായരന്റെ മകന്‍ കുലശേഖരനമ്പിപുക്കം എന്നും അരിവട്ടണപുരം (അരിമര്‍ദ്ദന എന്നു സംസ്കൃതം) എന്നുംകൂടി പേരുള്ള ആ സ്ഥലത്തേ നാനാദേശി വിണ്ണഗരാഴ്വാര്‍കോവിലില്‍ ഒരു മണ്ഡപം പണിയിച്ചു് അതിനൊരു കതകിടുവിച്ച് അവിടെ ഒരു നിലവിളക്കും വയ്പിച്ചതായി കാണുന്നു. കൊടുങ്ങല്ലൂര്‍ക്കാരനായ ഒരു മലയാളി കൊത്തിച്ച ആ ലിഖിതത്തിന്റെ ശീര്‍ഷകമായി
“നാസ്ഥാ ധര്‍മ്മേ ന വസുനിചയേ നൈവ കാമോപഭോഗേ
യദ്ഭാവ്യം തദ്ഭവതു ഭഗവന്‍! പൂര്‍വകര്‍മ്മാനുരൂപം;
ഏതല്‍ പ്രാര്‍ത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി
ത്വല്‍പാദാം ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു”
എന്ന പദ്യവും കുറിച്ചിരിക്കുന്നു. മുകുന്ദമാലയിലെ
“വാത്സല്യാദഭയപ്രദാനസമയാദാര്‍ത്താര്‍ത്തിനിര്‍വാപണാ-
ദൗദാര്യാദഘശോഷണാദഭിമതശ്രേയഃപദപ്രാപണാല്‍
സേവ്യശ്ശ്രീപതിരേവ സര്‍വജഗതാമേകാന്തതഃ സാക്ഷിണഃ
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യധ്രുവഃ”
എന്ന പദ്യം സര്‍വതന്ത്രസ്വതന്ത്രനായ വേദാന്തദേശികരുടെ (ക്രി.പി. 1260–1361) ഉപബൃംഹണത്തിനു പാത്രീഭവിച്ചിട്ടുണ്ട്. അതേ കൃതിയിലേ
“ദിവി വാ ഭുവി വാ മമാസ്തു വാസോ നരകേ വാ നരകാന്തക, പ്രകാമം
അവധീരിതശാരദാരവിന്ദേ ചരണേ തേ മരണേപി സംശ്രയാമി.”
എന്ന പദ്യം വിശ്വനാഥകവിരാജന്‍ (ക്രി.പി. പതിന്നാലാം ശതകം) സാഹിത്യദര്‍പ്പണത്തില്‍ ദേവവിഷയകമായ രതിക്കു മുര്‍ദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചുമിരിക്കുന്നു.

No comments: