Friday, May 18, 2018

പതിനാറാം അധ്യായത്തിന് ''ദൈവാസുര  സമ്പദ് വിഭാഗയോഗം''- എന്നാണ് പേരിട്ടിരിക്കുന്നത്. മലയാള ഭാഷയില്‍, എഴുതുമ്പോഴും സംസാരിക്കുമ്പോഴും സമ്പത്ത് എന്ന വാക്കിന്-ധനം-എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഉദാഃ ''അയാള്‍ക്ക് നല്ല സമ്പത്തുണ്ട്''- എന്ന് നാം പറയുമ്പോള്‍, ധനമുണ്ട് എന്നാണ് അര്‍ത്ഥം സങ്കല്‍പ്പിക്കുന്നത്. സംസ്‌കൃതഭാഷയില്‍ സമൃദ്ധി എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. ദൈവീസമ്പത്ത്- എന്നുപറയുമ്പോള്‍ ദൈവീക ഗുണങ്ങളുടെ പൂര്‍ണത സമൃദ്ധി എന്നും ആസുരീ സമ്പത്ത് എന്ന് പറയുമ്പോള്‍ ആസുരീക ഗുണങ്ങളുടെ സമൃദ്ധി എന്നും ആണ് ശരിയായ അര്‍ത്ഥം എന്ന് വായനക്കാര്‍ മനസ്സിലാക്കണം.
ഗുഹ്യതമമായ ഈ ഗീതാശാസ്ത്രം പഠിച്ചവര്‍ക്കുമാത്രമേ പുരുഷോത്തമനായ ഭഗവാനെ മനസ്സിലാക്കാന്‍ കഴിയൂ എന്നു കഴിഞ്ഞ അധ്യായത്തിന്റെ സമാപ്തിയില്‍ പറഞ്ഞു. ഈ ശാസ്ത്രം പഠിക്കണമെങ്കില്‍ നാം അതിനുള്ള യോഗ്യത നേടണം. ആ യോഗ്യത, ദൈവീക ഗുണങ്ങള്‍ വളര്‍ത്തി എടുത്തും ആസുരീക ഗുണങ്ങളെ ഉപേക്ഷിച്ചും മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. അതിനുവേണ്ടി ഈ അധ്യായത്തില്‍ മൂന്നു ശ്ലോകങ്ങളിലൂടെ ദൈവീക ഗുണങ്ങള്‍ വിവരിക്കുന്നു.
(16 ല്‍ ഒന്നാം ശ്ലോകം)
ദൈവീക ഗുണങ്ങള്‍ (1) അഭയം
രോഗം മുതലായ ദുഃഖം ജനിപ്പിക്കുന്ന അനുഭവങ്ങളെ ഭയപ്പെടാതെ തന്നെ, ശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങളെ അനുഷ്ഠിക്കാനുള്ള ധീരത ഭഗവാനെ ധ്യാനിക്കുവാന്‍ വേണ്ടി വനത്തിലോ ഗുഹകളിലോ ഇരിക്കുമ്പോള്‍ ഭയം ഇല്ലാതിരിക്കുക. ബന്ധുമിത്രാദികളെ ഉപേക്ഷിച്ച് താന്‍ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും-എന്ന ഭയം ഇല്ലാതിരിക്കുക. ശ്രീകൃഷ്ണ ഭഗവാന്‍ പരമാത്മാവായി തന്റെ ഹൃദയത്തില്‍ ഇരുന്ന് എല്ലാം അറിയുന്നുണ്ടെന്നും ഏതു വിപരീതാവസ്ഥയിലും തന്റെ ഭക്തനെ ഭഗവാന്‍ രക്ഷിക്കും എന്നു ദൃഢമായ വിശ്വാസവുമുണ്ടാവണം. ഭഗവദ് ഭക്തരായ മറ്റുള്ളവരെ ഭയത്തില്‍നിന്ന് മോചിപ്പിക്കുകയും വേണം. ഈശ്വരഭയം എന്ന ഗുണം നാം വളര്‍ത്തിയെടുക്കണം.
(2) സത്ത്വ സംശുദ്ധിഃ
സത്ത്വം എന്നാല്‍ അന്തഃകരണം- മനസ്സ് ബുദ്ധി എന്നിവ. അതിനെ കാമം, ക്രോധം തുടങ്ങിയ മാലിന്യങ്ങളില്‍നിന്ന് മോചിപ്പിച്ച് ശുദ്ധമാക്കണം. അങ്ങനെ ഭഗവാനെ ധ്യാനിക്കാനുള്ള യോഗ്യത നേടണം. മനസ്സിനു സംഭവിക്കുന്ന മാലിന്യങ്ങളില്‍ പ്രധാനമായത്-കാമം-തന്നെ. കാമം എന്നാല്‍ ആഗ്രഹം എന്നു മാത്രമല്ല, പരസ്ത്രീകളുമായുള്ള സംസാരക്രമവും പ്രധാനം. ഇതിനെ കേന്ദ്രീകരിച്ചാണ്, മറ്റുള്ളവരെ വഞ്ചിക്കുക, മോഷ്ടിക്കുക, കളവ് പറയുക മുതലായ മാലിന്യങ്ങള്‍ ഉണ്ടാവുന്നത്. സ്ത്രീകളെ നോക്കാന്‍  പാടില്ല-സ്ത്രീകളുടെ പ്രതിമകളെയോ ചിത്രങ്ങളെയോ തൊടാന്‍ പോലും പാടില്ല- ഭാഗവതത്തില്‍.
''നസ്പൃശേദ്ദാരവീം അപി'' എന്ന് ഭഗവാന്‍ പറയുന്നു. ശ്രീകൃഷ്ണ ചൈതന്യമഹാ പ്രഭു, തന്റെ ശിഷ്യന്മാരില്‍ ഒരാളായ ഛോട്ടാഹരിദാസന്‍ എന്ന ശിഷ്യനില്‍, പരസ്ത്രീ ദര്‍ശനം എന്ന ദുര്‍ഗുണം കണ്ടപ്പോള്‍, ആ ശിഷ്യനെ പുറത്താക്കുകയുണ്ടായി.
(3) ജ്ഞാനയോഗവ്യവസ്ഥിതിഃ
ആധ്യാത്മിക ഗ്രന്ഥങ്ങള്‍ പൂര്‍വികാചാര്യന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പഠിക്കുകയാണ് ജ്ഞാനം. യോഗം എന്നത് ആജ്ഞ അനുസരിച്ച്, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും ഏകാഗ്രതയോടെ ചിന്തിച്ചും അനുഭൂതിയില്‍ കൊണ്ടുവരിക എന്നര്‍ത്ഥം. ഈ രണ്ടു കാര്യത്തിലും നിഷ്ഠയോടെ നിലകൊള്ളുക എന്നതാണ്-വ്യവസ്ഥിതി എന്ന പദത്തിന്റെ അര്‍ത്ഥം-ജ്ഞാനം-ആത്മീയ പ്രവര്‍ത്തനം, അതിലെ സ്ഥിരത ഇതാണ്-ജ്ഞാന-യോഗവ്യവസ്ഥിതി എന്ന ഗുണം.
ഈ മൂന്നു ദൈവീക ഗുണങ്ങളും സംന്യാസ ധര്‍മ്മം സ്വീകരിച്ച് ആത്മീയ യാത്ര തുടരാന്‍  തീരുമാനിച്ച മനുഷ്യര്‍ നിര്‍ബന്ധമായും ശീലിക്കേണ്ടതാണ്. അതിനുള്ള എളുപ്പത്തിലുള്ള ഉപകരണം ശ്രീകൃഷ്ണ ഭക്തിയല്ലാതെ വേറെ ഒന്നും ഇല്ല.
ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു (16-1)
ശുദ്ധ്യതി ഹി നാന്തരാത്മാ
കൃഷ്ണപദാംഭോജ ഭക്തി മൃതേ
വസനമിവക്ഷാരോദൈര്‍-
ഭക്ത്യാ പ്രക്ഷാള്യതേ ചേതഃ
(പ്രബോധ സുധാകരം-ശ്ലോ-167)
(=ശ്രീകൃഷ്ണ പരമാത്മാവിന്റെ പാദകമലങ്ങളില്‍ ഭക്തിയില്ലാതെ ചിത്തം പരിശുദ്ധിയെ പ്രാപിക്കുന്നില്ല. കാരം കലക്കിയ വെള്ളത്താല്‍ വസ്ത്രം പരിശുദ്ധമാക്കുന്നതുപോലെ ചിത്തം ഭക്തിയാല്‍ പരിശുദ്ധമാക്കപ്പെടുന്നു. (വ്യാഖ്യാനം വേദാന്ത ശിരോമണി, എം. ശങ്കര ശര്‍മ്മ)
 9961157857

No comments: