ധൈര്യമാണ് ധൃതി. ആകാശം ഇടിഞ്ഞുവീണാലും പരിഭ്രമിക്കാത്ത ഒരു മാനസികാവസ്ഥ-അതാണ് ധൃതി. നമുക്ക് വന്നുചേരുന്ന ദോഷകരമായ അനുഭവങ്ങള്‍ പെട്ടെന്ന് നമുക്ക് ദോഷമായി തോന്നിയേക്കാം. എന്നാല്‍ അത് ഭാവിയില്‍ നമുക്ക് ഗുണകരമായി വരുമെന്ന് കാത്തിരിക്കാനുള്ള ശക്തി, ധൈര്യം നമുക്കു വരണം.
ദയ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്ന ഒരു ഗുണമാണ്. ദുഃഖം കാണുമ്പോള്‍ മനസ്സില്‍ കരുണ നിറയണമെന്ന് പതഞ്ജലി പറയുന്നു. അപ്പോഴാണ് നമുക്ക് 'ചിത്തപ്രസാദം' ഉണ്ടാവുന്നത്. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ആത്മാവാണെന്ന ബോധമുണ്ടാകുമ്പോള്‍ സദ്‌വികാരങ്ങള്‍ താനേ ഉണരും. ദയ സ്വഭാവമായി മാറും.
ഋജു എന്നാല്‍ നേരെയുള്ളത് എന്നര്‍ത്ഥം-അതുതന്നെ ആര്‍ജ്ജവം. നേരേ വാ നേരേ പോ എന്ന സ്വഭാവം. അതിലൂടെ നമ്മുടെ മനസ്സിന് വരാവുന്ന ഭാരത്തെ കുറയ്ക്കാം. ആര്‍ജ്ജവം എളുപ്പമല്ല. പെട്ടെന്ന് കാര്യം നേടാന്‍ വളഞ്ഞവഴി നോക്കുന്നതാണ് പൊതു സ്വഭാവം. പക്ഷേ ആര്‍ജ്ജവം നമുക്ക് ശാന്തത തരും, ആശങ്കയകറ്റും.
മിതാഹാരമാണ് ആഹാരം കൂടാനോ കുറയാനോ പാടില്ല. 'യുക്താഹാരം' എന്നാണ് ഭഗവദ്ഗീത പറയുന്നത്. യോജിച്ച ഭക്ഷണം. സാധനാ പൂര്‍ണമായ ജീവിതത്തിനു പറ്റിയ ആഹാരമാണ് കഴിക്കേണ്ടത്. അവര്‍ക്ക് യോഗം ദുഃഖനാശകരമായിരിക്കുമെന്ന് ഭഗവദ്ഗീത ഉറപ്പിച്ചു പറയുന്നു. സാത്വിക ഭക്ഷണമാണ് യോഗിക്കു പറ്റിയത്.
ശൗചം, ശുചിത്വമാണ്, യമങ്ങളിലവസാനത്തേത്. ശരീരവും മനസ്സും ശുദ്ധമാവണം. ''യോഗാംഗാനുഷ്ഠാനാത് അശുദ്ധിക്ഷയേ'' എന്ന് പതഞ്ജലി. യോഗാനുഷ്ഠാനങ്ങളൊക്കെത്തന്നെ ബാഹ്യാഭ്യന്തരശുദ്ധിക്കാണ്. ശരീരത്തിന് തന്നെ പുറവും അകവും ശൗചം നടക്കണം. നേതി, ധൗതി മുതലായ ക്രിയകള്‍ ശുദ്ധിക്കുവേണ്ടിത്തന്നെയാണ്.
No comments:
Post a Comment