Sunday, May 20, 2018

ശ്രീകൃഷ്ണ ദൂതനായ ഉദ്ധവര്‍ രാധയേയും മറ്റുഗോപികമാരേയും സമാശ്വസിപ്പിച്ചു. പലപല യൂഥങ്ങളായി ഉദ്ധവ സമീപമെത്തിയ കൃഷ്ണപ്രിയമാര്‍ നന്ദുസൂനുവിന്റെ സൗന്ദര്യാതിശയവും ലീലാകലവികളും ഓര്‍ത്തോര്‍ത്ത് ആനന്ദിച്ചു. ആസ്വദിച്ചു. ദുഃഖിച്ചു. അവര്‍ കൃഷ്ണകഥകള്‍ അയവിറക്കി. ആ വാക്കുകളില്‍ ഭഗവാനെപ്പറ്റിയുള്ള നിന്ദാസ്തുതികളാണുണ്ടായിരുന്നത്.
ഗോപികമാരില്‍ ചിലര്‍ പറഞ്ഞു:- ‘ഭക്തനും ദാനവ്രതനുമായ മഹാബലിയില്‍നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട് ചതിച്ചില്ലേ? ആ വാമനമൂര്‍ത്തിയെ ആര് സേവിക്കും? പ്രഹ്ലാദനെ എത്രമേല്‍ കഷ്ടപ്പെടുത്തിയിട്ടാണ് നൃസിംഹവതാരമെടുത്ത് രക്ഷിച്ചത്! കൃപാലുവായ ഭഗവാന്‍ വരാഹമായി അവതരിച്ച് ഭൂമിയെ സമുദ്ധരിച്ചു. പൃഥുവായവതരിച്ച് സംരക്ഷിച്ചു.’
ഭഗവത് കഥാസ്മരണം ഗോപികള്‍ക്ക് അമൃതാനുഭവമായി. വേറൊരുകൂട്ടം ഗോപസ്ത്രീകള്‍ ഇങ്ങനെ പറഞ്ഞു:- ‘കാമിച്ചു വന്ന ശൂര്‍പ്പണഖയെ കൈക്കൊണ്ടില്ലെന്നല്ല, ലക്ഷ്മണനെക്കൊണ്ട് അവളെ വികൃതയാക്കുകയും ചെയ്തു.’ ഗോപികമാര്‍ ഇങ്ങനെ പറഞ്ഞും ചിരിച്ചും കൃഷ്ണസ്മരണയാലാനന്ദിച്ചും ദിവസങ്ങള്‍ തള്ളിനീക്കി. ‘കൃഷ്ണന്‍ വരുന്ന വഴി നോക്കി നോക്കി കണ്ണുകള്‍ നോവാന്‍ തുടങ്ങി. ഇതിന്റെ അവസാനം കാണാന്‍ വാമനപാദം തന്നെ വേണ്ടിവരും.’ ഇപ്രകാരം ചിന്തിച്ചും പറഞ്ഞും ഗോപികമാര്‍, കൃഷ്ണ പ്രഭാവത്തില്‍ മുഴുകി.

No comments: