Wednesday, May 16, 2018

ഹിമാലയത്തെക്കുറിച്ചു വര്‍ണിക്കാന്‍ ഏറ്റവും യോഗ്യന്‍ ആരാണ്? പലവട്ടം ഹിമാലയത്തില്‍ പോയവരാണെങ്കില്‍ ഉചിതം. ഒരു വട്ടമെങ്കിലും ഹിമാലയത്തിലെത്തിയവര്‍ക്കും എന്തെങ്കിലും പറയാം. മനസ്സില്‍ ഹിമാലയം ഉയര്‍ന്നുനില്‍ക്കുന്ന ഭാവനാ സമ്പന്നര്‍ക്കുമാകാം. പക്ഷേ ആ ഭാവന പൂര്‍ണമായിക്കൊള്ളണമെന്നോ സത്യമായിക്കൊള്ളണമെന്നോ ഇല്ല. 
നമുക്ക് മനസ്സുകൊണ്ട്് വൈകുണ്ഠം വരെ പോയാലോ? അതിനെന്താ മാര്‍ഗ്ഗം? വൈകുണ്ഠത്തില്‍ പോയവരാരെങ്കിലും ഒന്ന് അതേക്കുറിച്ച് വിവരിച്ചു തന്നാല്‍ ഉചിതമായി. അത് പല പ്രാവശ്യം വൈകുണ്ഠത്തില്‍ പോയ ആരെങ്കിലുമാണെങ്കില്‍ ഏറെ സഹായകം. പക്ഷേ അങ്ങനെയാരുണ്ട്?
വൈകുണ്ഠാധീശനായ വിഷ്ണു തന്നെ അത് വിവരിച്ചു തന്നാല്‍ അത് അഹങ്കാരവും ജാടയുമെല്ലാമായിത്തോന്നാം. കൂടെക്കൂടെ വൈകുണ്ഠത്തില്‍ ചെല്ലുന്ന സത്യലോകേശ്വരനായ ശ്രീബ്രഹ്മദേവനും ദേവര്‍ഷി നാരദനുമെല്ലാം അക്കാര്യത്തില്‍ യോഗ്യന്മാരാണ്. ജ്ഞാനമൂര്‍ത്തിയായ ശ്രീപരമേശ്വരനുമാകാം.
സാക്ഷാല്‍ ബ്രഹ്മദേവന്റെ വാക്കുകളിലൂടെ അതൊന്നു ശ്രവിക്കാന്‍ സാധിച്ചാല്‍ എളുപ്പമല്ലെ!
വൈകുണ്ഠ നിലയം സര്‍വലോക നമസ്‌കൃതം എന്നാണ് ബ്രഹ്മദേവന്‍ പറയുന്നത്. ഹിരണ്യാക്ഷന്‍ പൂര്‍വചരിത്രം വിശദീകരിക്കുന്ന വേളയിലാണ് സനത് കുമാരാദികളുടെ വൈകുണ്ഠ സന്ദര്‍ശനത്തെക്കുറിച്ച് ബ്രഹ്മദേവന്‍ സൂചിപ്പിച്ചത്.
''വസന്തി യത്ര പുരുഷാഃ സര്‍വേ വൈകുണ്ഠ മൂര്‍ത്തയഃ
യേളനിമിത്തനിമിത്താനി ധര്‍മേണാരാധയന്‍ ഹരിം''
സാക്ഷാല്‍ ശ്രീമഹാമാധവന്‍ വസിക്കുന്ന വൈകുണ്ഠത്തില്‍ എല്ലാവര്‍ക്കും ഒരു വൈകുണ്ഠന്റെ തന്നെ രൂപം ഭഗവാന്‍ നല്‍കുന്നു. സ്വധര്‍മമായി നിശ്ചയിച്ച് ആ ശ്രീഹരിയെ ആരാധിക്കുന്നവര്‍ക്കെല്ലാം ഭഗവാന്‍ വിഷ്ണുരൂപവും വിഷ്ണുലോകവും നല്‍കും.
''യത്ര ചാദ്യഃ പുമാനാസ്‌തേ ഭഗവാന്‍ ശബ്ദ ഗോചരഃ
സത്വം വിഷ്ടഭ്യ വിരജം സ്വാനാം നോ മൃഡയന്‍ വൃഷഃ''
അവിടെയാണ് ആദിപുരുഷനായ, നമ്മില്‍ പലരും കേട്ടു മാത്രം പരിചയമുള്ള, രജോഗുണം തെല്ലുമേശാതെ പൂര്‍ണ സത്വഗുണത്തെ മാത്രം ആശ്രയിച്ച് ആ ശ്രീഹരി നിവസിക്കുന്നത്. ഭക്തന്മാരുടെ അഭീഷ്ട പൂര്‍ത്തീകരണം നല്‍കി ആനന്ദിപ്പിക്കുന്ന ആ സച്ചിദാനന്ദന്റെ ആവാസ സ്ഥാനം.
അവിടെ നൈശ്രേയസം എന്നു പേരായ ഒരു നന്ദനോദ്യാനമുണ്ട്. അഭീഷ്ടങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നവിധം, കൈവല്യമൂര്‍ത്തി എന്നുതോന്നുമാറുള്ള, എല്ലായ്‌പ്പോഴും ശ്രീഭഗവതി വിരാജിക്കുന്നതായ, എല്ലാ ഋതുക്കളിലും പുഷ്പഫലങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വൃക്ഷങ്ങളോടുകൂടിയ ഒരു ഉദ്യാനമാണത്. ഇങ്ങനെ ആത്മാനന്ദം സ്ഫുരിക്കുന്നതാണ് സുന്ദരാരാമം.
ലലനാമണികളോടൊപ്പമെത്തുന്ന വൈമാനികന്‍ അവിടെ കാമക്രോധാദി ദോഷങ്ങളെ നിര്‍വീര്യമാക്കി, മധുവൂറുന്ന പുഷ്പങ്ങള്‍ സുഗന്ധം പരത്തി നില്‍ക്കുന്നുണ്ടെങ്കിലും ആ വായുഗന്ധം ഇവരെ ബാധിക്കുന്നില്ല. സര്‍വപാപങ്ങളെയും നശിപ്പിക്കുന്ന ഭഗവാന്റെ മഹിമയെ വാഴ്ത്തുന്ന ഗീതങ്ങള്‍ ഇവര്‍ ആലപിച്ചുകൊണ്ടേയിരിക്കുന്നു.  അതില്‍ പ്രസന്നത ചൊരിഞ്ഞു നില്‍ക്കുന്ന ഭഗവാന്‍. 
അവിടെയുള്ള സര്‍വജീവജാലങ്ങളും ഈ വിധം ഭഗവത് ഭക്തി വര്‍ധിപ്പിക്കുന്ന അന്തരീക്ഷത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അതെങ്ങനെയെന്ന് തുടര്‍ന്ന് ചിന്തിക്കാം. 
janmabhumi

No comments: