Saturday, May 19, 2018

ഭാരതം എന്ന പേരിനെക്കുറിച്ച്

ഭാരതം എന്ന പേരിനെക്കുറിച്ച്.
അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു. ഇവിടെ പറയുന്ന ഭരതന്‍ മഹാഭാരതത്തിലെ ഭരതനല്ല; സൂര്യവംശജനായ ഭരതനാണ്.

മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെ മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച് വന്‍ കാര്യങ്ങള്‍ പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്നൊക്കെ. പക്ഷെ ഭാരതം എന്ന പേരിനെക്കുറിച്ച് പരാമര്‍ശമില്ല. തെക്കേ സമുദ്രം മുതല്‍ വടക്ക് ഹിമാലയം വരെ ഉള്ള പ്രദേശം ഭാരതവര്‍ഷം ആണെന്നും ഇവിടുത്തെ നിവാസികള്‍ ഭാരതീയരാണെന്നും വിഷ്ണുപുരാണം പറയുന്നുണ്ട്. ഏ ഡി ഒന്നാം നൂറ്റാണ്ടിനടുത്താണ് അതിന്റെ രചനാകാലം എന്ന് കരുതപ്പെടുന്നു. തെക്ക് കടല്‍ മുതല്‍ വടക്ക് ഹിമാലയം വരെ ഒരു ഒറ്റരാജ്യം എന്ന സങ്കല്പം ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് അത്ഭുതകരമാണ്. ഏതായാലും ഈ ഭാരതവര്‍ഷത്തെ ആദ്യമായി രാഷ്ട്രീയമായി യോജിപ്പിച്ചത് ഭരതന്‍ (ദുഷ്യന്തപുത്രന്‍) ആണെന്നാണ് ഐതിഹ്യം. 
 ഭാഗവതത്തിലെയും വിഷ്ണുപുരാണത്തിലെയും പരാമര്‍ശങ്ങള്‍ -അതായത് സൂര്യവംശജനായ ഭരതനെക്കുറിച്ചുള്ളത് - ആണ് പേരിനുകാരണമായത് എന്നതായിരിക്കും കൂടുതല്‍ പഴക്കമുള്ള കാഴ്ചപ്പാടെന്ന് തോന്നുന്നു .. മൂന്നു ഭരതന്മാര്‍ -ഋഷഭപുത്രന്‍...., ദശരഥപുത്രന്‍.... ദുഷ്യന്ത പുത്രന്‍ - മൂന്നുപേരും മൂന്നുയുഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഊഹിക്കാനും ന്യായമുണ്ട് ..

No comments: