Monday, July 01, 2019

ശ്രീമദ് ഭാഗവതം 198* 
ഏകാദശി വ്രതം നോറ്റ് ഒരു വർഷം പൂർത്തിയായി.വൃന്ദാവനത്തിൽ ഏകാദശി സമർപ്പണം. ദ്വാദശിദിവസം നമ്മുടെ  ദുർവ്വാസാവ് മഹർഷി  അവിടെ എത്തി . നിറയെ ശിഷ്യരുമുണ്ട്.   

സ്വാമി, ഇന്ന് എന്റെ ദ്വാദശി  പാരണ വീട്ടലാണ്.പരമഭക്തനായ അങ്ങ് ഇവിടെ   വന്നിരിക്കുന്നുവല്ലോ . എന്റെ ദ്വാദശി പാരണയ്ക്ക് അങ്ങ് വരണം. ഇവിടെ നിന്ന് ഭോജനം കഴിച്ച് അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചു  മഹർഷിയെ സ്വാഗതം ചെയ്തു അംബരീഷൻ. 
ആവട്ടെ, സ്നാനം ചെയ്തിട്ട് വരാം.   ദുർവ്വാസാവ് മഹർഷി സ്നാനത്തിനായി യമുനാതീരത്ത് പോയി. യമുനയിൽ മുങ്ങാൻ പോയ മഹർഷി ശ്വാസത്തെ പിടിച്ചു വെള്ളത്തിൽ മുങ്ങി അങ്ങനെ  കിടന്നു.   പ്രാണായാമം ചെയ്ത് യോഗസാധന ഒക്കെ പരിശീലിച്ച ആള്.  നല്ല വേനൽക്കാലമായാൽ കുളത്തിൽ തന്നെ മുങ്ങി കിടക്കും. ഇപ്പൊ യമുനയിൽ ഇറങ്ങിയിട്ട് വെളിയിലേ വരണില്ല്യ. 

ദ്വാദശി പാരണ മൂഹൂർത്തവും കഴിയാറായി. അവിടെ ഇരിക്കുന്ന  ബ്രാഹ്മണരെയെല്ലാം വിളിപ്പിച്ചു അംബരീഷൻ. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയുന്നില്ലല്ലോ.

ദ്വാദശി പാരണവീട്ടിയില്ലെങ്കിൽ അത് ആപത്താണ്.അത്  ഏകാദശി അനുഷ്ഠിച്ചയാൾക്ക് വ്രതഭംഗം. 
പാരണവീട്ടിയാൽ ഈ വന്നിരിക്കുന്ന അതിഥി   മഹാത്മാവ് ആണ്.  കോപിഷ്ഠൻ. മഹർഷിയോട്  ആരും പറയാതിരുന്നാലും  അദ്ദേഹത്തിന്  അറിയാൻ കഴിയും. അതുകൊണ്ട് അല്ലയോ  രാജൻ ഭഗവാന് അഭിഷേകം ചെയ്തിട്ട് ,

പ്രാഹുരബ്ഭക്ഷണം വിപ്രാ: അശിതം ച നാശിതം ച 
ആ തുളസീ ജലത്തെ തുളസിയോടെ സേവിച്ചു പാരണ വീട്ടാം. അങ്ങനെ ചെയ്താൽ ശാപ്പിട്ടതായും  ഇടാത്തതായും പറയാമെന്ന് വേദവിധി ണ്ട്. അംബരീഷൻ തുളസീ തീർത്ഥം കഴിച്ച് പാരണവീട്ടി. പക്ഷേ  ജലപാനം ചെയ്താലും മഹർഷി ജ്ഞാനദൃഷ്ടിയാൽ അറിയും. മഹർഷി എത്തി. 
എല്ലാവരും അങ്ങടും ഇങ്ങടും നോക്കി മഹർഷിയെ കണ്ടു ഭയന്ന്. 

അതിഥി ഭോജനം ചെയ്യാതെ പാരണ വീട്ടിയത് മനസ്സിലാക്കി മഹർഷി കോപം കൊണ്ട് വിറച്ചു. തലയിലെ മുടി എല്ലാം കോപിച്ച് കുറ്റി പോലെ പൊന്തി നില്ക്കണു. തപസ്വിയായ എനിക്ക് ഭോജനം തരാതെ നീ ശാപ്പിട്ടു ല്ലേ. വിഷ്ണുഭക്തനായ നീ വിഷ്ണുഭക്തനായി നടിക്കാണ്. എന്നുടെ തപ:ശ്ശക്തി ഞാനിപ്പോ നിനക്ക് ഞാനിപ്പോ കാണിച്ചു തരാം. 
    
അയ്യോ സ്വാമി തെറ്റാണ് ചെയ്തത് എന്നോട് പൊറുക്കണേ. അംബരീഷൻ പറഞ്ഞതൊന്നും ദുർവ്വാസാവ് മഹർഷിയുടെ ചെവിയിൽ വീണില്യ. കോപത്തോടെ തലയിൽ നിന്ന് ഒരു രോമത്തെ പറിച്ചെടുത്ത് ആ രോമത്തിൽ നിന്ന് അഗ്നി കൃതികയെ(ആയുധം) ണ്ടാക്കി . അത് അംബരീഷന്റെ നേരേ വിക്ഷേപിച്ചു .  അത് ജ്വലിച്ചു കൊണ്ട്  അത് അംബരീഷന്റെ നേർക്ക് വരാണ്. 

താം ആപതന്തീം ജ്വലതീം അസിഹസ്താം പദാ ഭുവം
വേപയന്തീം സമുദ്വീക്ഷ്യ ന ചചാല പദാന്നൃപ:

നില്ക്കുന്നയിടത്തു നിന്ന് ഒരടി പോലും പിന്നോട്ട് മാറിയില്യ അംബരീഷൻ. അങ്ങനേ നിന്നു. അത് ഈ ശരീരത്തെ എരിക്കുമെങ്കിൽ എരിച്ചു കളയട്ടെ. ഈ ശരീരം നിലനില്ക്കണം എന്നുള്ളത് ഭഗവാന്റെ ഇച്ഛ ആണെങ്കിൽ നില്ക്കട്ടെ. അല്ലാ അത് കത്തിപ്പോകണമെങ്കിൽ പോകട്ടെ. ഇതാണ് ഭക്തന്റെ ലക്ഷണം. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: