Friday, July 12, 2019

വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം ഒന്ന്‍. ബാക്കിയുള്ളതെല്ലാം വെറും വ്യര്‍ത്ഥമായ ദൃശ്യങ്ങള്‍ മാത്രം. ഈ ദൃശ്യങ്ങളും ബ്രഹ്മം ഇച്ഛിച്ചിട്ടല്ലായെങ്കിലും ബ്രഹ്മത്തിന്റെ വെളിച്ചത്തില്‍ത്തന്നെയാണ് പ്രകടമാവുന്നത്. അക്കാരണംകൊണ്ട് വൈവിദ്ധ്യമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. 

ഉദാഹരണത്തിന് ചില ലോകങ്ങളില്‍ ചാന്ദ്രപ്രഭയ്ക്ക് ചൂടും സൂര്യപ്രഭയ്ക്ക് തണുപ്പുമാണുള്ളത്. ഇരുട്ടില്‍ കാഴ്ചയും പകല്‍വെളിച്ചത്തില്‍ അന്ധതയും നന്മയ്ക്ക് നാശവും തിന്മയ്ക്ക് ഐശ്വര്യവും ഉണ്ടാവുമവിടെ. ബോധത്തിലെ ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് വിഷം അമൃതസമവും അമൃത് വിഷവുമായിരിക്കുമവിടെ.

ചില ലോകങ്ങളില്‍ സ്ത്രീകളില്ല. അതുകൊണ്ടവിടെ ലൈംഗികമായ കാര്യങ്ങളും ഇല്ല. മറ്റു ചിലയിടങ്ങളില്‍ കഠിനഹൃദയരാണെല്ലാവരും. ചില ലോകങ്ങളില്‍ ഒന്നോ അതിലധികമോ ഇന്ദ്രിയങ്ങള്‍ ഇല്ലാതെയാണ് മനുഷ്യരുണ്ടാവുക. ചില ലോകങ്ങളില്‍ പഞ്ചഭൂതങ്ങളിലെ ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും അവിടെയും ആ പരിതസ്ഥിതിക്കനുയോജ്യമായി ജീവജാലങ്ങള്‍ കഴിയുന്നു. ഇതെല്ലാം ബോധത്തില്‍ ബോധമായി ഉയര്‍ന്നുണരുന്നവയാണ്. മനസ്സെന്നാണ് ഇതറിയപ്പെടുന്നത്.

540   യോഗവാസിഷ്ഠം
sukumar ap

No comments: