Sunday, July 07, 2019

അദ്ധ്യാത്മ രാമായണം

Friday 22 May 2015 8:19 pm IST
വാല്മീകി രാമായണം ഒരു മഹാകാവ്യമാണ്. ഇതിലെ രാമന്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടനായ മാതൃകാപുരുഷോത്തമനാണ്. ദൈവീക പുരുഷനല്ല. എങ്കിലും വസിഷ്ഠമഹര്‍ഷിയില്‍നിന്ന് ആദ്ധ്യാത്മികജ്ഞാനം മുഴുവന്‍ രാമന്‍ സമ്പാദിച്ചിട്ടുണ്ട്. ശ്രീരാമനെ പഠിപ്പിക്കുന്ന വേദാന്തവിജ്ഞാനം മുഴുവന്‍ യോഗവാസിഷ്ഠമെന്നപേരില്‍ പ്രസിദ്ധമായി. ഇതിന് വസിഷ്ഠരാമായണം എന്നും പേരുണ്ട്. സാധാരണ മനുഷ്യന് ആദ്ധ്യാത്മികോന്നതിക്ക് വാല്മീകിരാമായണം സഹായകമാവില്ല എന്നു മനസ്സിലാക്കി രാമനെ പൂര്‍ണമായും അവതാരപുരുഷനും ദൈവീകമനുഷ്യനുമായി ചിത്രീകരിച്ചുകൊണ്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിരിക്കുന്നത്. ശ്രീരാമചരിതത്തിലൂടെ മനുഷ്യനെ പടിപടിയായി ആദ്ധ്യാത്മികമായി ഉയര്‍ത്തി മോക്ഷപ്രാപ്തിക്കു സഹായിക്കുംവിധം കഥയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആദ്ധ്യാത്മികതത്ത്വങ്ങള്‍ക്ക് ഇതില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നു. ഇതിലെ രാമന്‍ വെറും മനുഷ്യനല്ല. മനുഷ്യരൂപമെടുത്ത് തന്റെ മായാദേവിയോടൊപ്പം ലീലയാടുന്ന പരമാര്‍ത്ഥതത്ത്വമാണ്. അദ്ധ്യാത്മരാമായണംമൂലം വേദവ്യാസവിരചിതമാണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഉത്തരകാണ്ഡമുള്‍പ്പെടെ 7 കാണ്ഡങ്ങളും 65 സര്‍ഗ്ഗങ്ങളും നാലായിരത്തി ഇരുന്നൂറോളം ശ്ലോകങ്ങളുമുള്ള അദ്ധ്യാത്മരാമായണമാണ് ആദ്ധ്യാത്മിക രംഗത്തുള്ളവര്‍ വായിക്കുകയും പഠിക്കുകയും ചെയ്തുവരുന്നത്. ഗുരുശിഷ്യ സംവാദരൂപത്തിലാണ് ഗ്രന്ഥാവതരണം. ഗുരു സാക്ഷാല്‍ പരമശിവനും ശിഷ്യ പാര്‍വതീദേവിയും ഉമാമഹേശ്വരസംവാദമാണ് അദ്ധ്യാത്മരാമായണം എന്നു സാരം. ഒരുദിവസം പാര്‍വതീദേവി മഹേശ്വരനെ സമീപിച്ച് രാമതത്ത്വം ഉപദേശിച്ചുതരണം എന്നപേക്ഷിക്കുന്നു.കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം ഒരാള്‍ ആദ്ധ്യാത്മിക തത്ത്വം ഗ്രഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ സമ്പാദിച്ചിരിക്കണം. പാര്‍വതി ശ്രീ പരമശിവനില്‍ നിന്ന് അതെല്ലാം ഇതിനകം ഗ്രഹിച്ചുകഴിഞ്ഞു. ഇനി ഗഹനമായ പരമാത്മതത്ത്വം അറിയണം. ശ്രീപരമേശ്വരന്‍ ശ്രീപാര്‍വതീദേവിക്കുപദേശിക്കുന്ന രാമതത്ത്വമാണ് രാമഹൃദയം എന്നറിയപ്പെടുന്നത്. അദ്ധ്യാത്മരാമായണത്തിന്റെ കാതലും ഇതുതന്നെ. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ പാര്‍വതീദേവി ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശ്രീരാമന്‍ പരമാത്മാവു തന്നെയാണോ? അങ്ങനെ സംശയം തോന്നാന്‍ കാരണമെന്ത്? നമുക്ക് പാര്‍വതിയുടെ സംശയങ്ങള്‍ എന്തെന്നു നോക്കാം. (അ.രാ. മൂലം ബാലകാണ്ഡം സര്‍ഗ്ഗം ഒന്ന്-1) വദന്തി രാമം പരമേകമാദ്യം നിരസ്തമായാഗുണസമ്പ്രവാഹം ഭജന്തി ചാഹര്‍ന്നിശമപ്രമത്താഃ പരം പദം യാന്തി തഥൈവ സിദ്ധാഃ(12) (ചിലര്‍ ശ്രീരാമനെ ഏകനെന്നും, ആദ്യനെന്നും, രാഗദേ്വഷാദികളില്ലാത്തവനെന്നും പറയുന്നു. അവര്‍ ഏകാഗ്രതയോടെ അദ്ദേഹത്തെ രാപ്പകല്‍ ഭജിക്കുകയും, സിദ്ധന്മാരായി പരമപദം പ്രാപിക്കുകയും ചെയ്യുന്നു) വദന്തി കേചില്‍ പരമോളപി രാമഃ സ്വാവിദ്യയാ സംവൃതമാത്മസംജ്ഞം ജനാതി നാത്മാതമതഃപരേണ സംബോധിതോ വേദ പരമാത്മതത്ത്വം (മറ്റുചിലര്‍ പറയുന്നു- രാമന്‍ പരമാത്മാവാണെങ്കിലും തന്റെ തന്നെ മായകൊണ്ടുള്ള ആവരണംമൂലം താനാരാണെന്നറിയുന്നില്ല. അതിനാല്‍ മറ്റുള്ളവര്‍ ഓര്‍മ്മപ്പെടുത്തുന്ന അവസരത്തില്‍ മാത്രമേ ആത്മതത്ത്വം അറിയുന്നുള്ളൂ. ഇതു ശരിയാണോ?) യദി സ്മ ജാനാതി കുതോ വിലാപഃ സീതാകൃതേളനേന കൃതഃ പരേണ ജാനാതി നൈവം യദി കേന സേവ്യഃ സമോ ഹി സര്‍വ്വൈരപി ജീവ ജാതൈഃ (അദ്ദേഹം ആത്മതത്ത്വം അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹം പരമാത്മാവാണെങ്കില്‍ സീതയെ പ്രതി ഇത്രയധികം വിലപിച്ചതെന്തിന്? അദ്ദേഹത്തിന് യഥാര്‍ത്ഥ ആത്മജ്ഞാനം ഉണ്ടായിരുന്നില്ലേ? അന്യജീവികളപ്പോലെ പെരുമാറിയതെന്തുകൊണ്ട്? അങ്ങനെയുള്ള അദ്ദേഹത്തെ ഭജിക്കുന്നതെന്തിനാണ്? അത്രോത്തരം കിം വിദിതം ഭവദ്ജി- സതദ് ബ്രുത മേ സംശയഭേദിവാക്യം (ഇതിനുത്തരമായി എന്റെ സംശയം തീരത്തക്കവണ്ണം എനിക്കു പറഞ്ഞുതരണം) സാധാരണ മനുഷ്യര്‍ക്കുള്ള സംശയമാണ് പാര്‍വതിയും ഉന്നയിച്ചിരിക്കുന്നത്. ശ്രീരാമന്‍ ഈശ്വരനെന്നും പരമാത്മാവാണെന്നുമൊക്കെ പറഞ്ഞിട്ട് രാവണന്‍ സീതയെ അപഹരിച്ചപ്പോള്‍ ഇത്രയധികം ദുഃഖിച്ചതെന്തിനാണ്? സാധാരണക്കാരെപ്പോലെ പെരുമാറിയതെന്തിന്? അങ്ങനെയുള്ളയൊരാളെ ആരാധിച്ചതു കൊണ്ടെന്തു ഫലം? അദ്ധ്യാത്മ രാമായണം നന്നായിട്ടൊന്നു വായിച്ചു മനനം ചെയ്താല്‍ ഈ സംശയം പെട്ടെന്നു തീരും. പാര്‍വതിദേവിക്ക് പരമശിവന്‍ നല്‍കുന്ന മറുമടിയാണ് രാമഹൃദയം രാമായണത്തിന്റെ ഹൃദയവും ഇതുതന്നെ. പാര്‍വതീദേവിയുടെ സംശയം തീരാനായി പരമശിവന്‍ ശ്രീരാമ തത്ത്വവും ശ്രീരാമകഥയും വിശദമാക്കുന്നതാണ് അദ്ധ്യാത്മ രാമായണം. ആരാണു രാമന്‍? .... തുടരും  

No comments: