Tuesday, August 06, 2019

'വിജ്ഞാനമാനന്ദം ബ്രഹ്മ'

Friday 2 August 2019 5:20 am IST
ജ്ഞാധികരണം
പതിനൊന്നാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണ് ഉള്ളത്. ജീവ സ്വരൂപ വിചാരം തന്നെയാണ് ഇതിലും.
സൂത്രം  ജ്ഞോളത ഏവ
(ജ്ഞ: അത: ഏവ)
അത് കൊണ്ടു തന്നെ ഉല്‍പത്തിനാശങ്ങളില്ലാത്തതിനാലും നിത്യനായതിനാലും ജീവന്‍ നിത്യജ്ഞാന സ്വരൂപനാണ്.
ജീവനെപ്പറ്റിയുള്ള അടുത്ത വിചാരത്തില്‍ താര്‍ക്കികന്‍മാരുടെയും സാംഖ്യന്‍മാരുടേയും അഭിപ്രായത്തെയാണ് ചര്‍ച്ച ചെയ്യുന്നത്. താര്‍ക്കികന്‍മാര്‍ ജീവനെ ആഗന്തുകചേതനനെന്നും സാംഖ്യന്‍മാര്‍ നിത്യചേതനനെന്നും വിളിക്കുന്നു.
ജ്ഞാനം ആഗന്തുകമാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. തീയില്‍ ചുട്ടുപഴുത്ത ഇരുമ്പ് അഗ്നിയുമായി ചേരുന്നതിനാല്‍ അതിന് ചുവപ്പ് നിറം ഉണ്ടാകുന്നു.
അതുപോലെ ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയുടെ സംയോഗം മൂലം ആത്മാവിനുണ്ടാകുന്നതാണ് ജ്ഞാനം. അതുകൊണ്ട് ഇതിനെ ആഗന്തുകം എന്ന് പറയുന്നു. വന്നു ചേരുന്ന ജ്ഞാനം എന്ന് കരുതണം
ജ്ഞാനം സ്വതഃസിദ്ധമാണെങ്കില്‍ ഉറക്കത്തിലും മോഹാലസ്യത്തിലും മറ്റും ആ ജ്ഞാനം ഉണ്ടാകണം. ഞാന്‍ ഒന്നുമറിഞ്ഞില്ല എന്നാണ് ഈ അവസ്ഥകളില്‍ അതനുഭവിക്കുന്നവര്‍ പറയുക. പൂര്‍വപക്ഷത്തിന്റെ ഈ വാദത്തിനുള്ള മറുപടിയാണ് ഇനി പറയുന്നത്.
ജീവന്‍ നിത്യജ്ഞാനസ്വരൂപനാണ്. ബ്രഹ്മം തന്നെയാണ് ഉപാധിയോട് ചേര്‍ന്ന് ജീവനായിത്തീരുന്നത്. ജ്ഞാനസ്വരൂപമായ ബ്രഹ്മം ജീവനാകുമ്പോള്‍ ആ ജ്ഞാന സ്വരൂപാവസ്ഥ ജീവനും കൈവരും.മായാമറ കാരണം ജീവനെ അറിയാനാകില്ല.
തൈത്തിരീയത്തില്‍ 'സത്യം ജ്ഞാനം അനന്തം ബ്രഹ്മ ' എന്നും ബൃഹദാരണ്യകത്തില്‍ 'വിജ്ഞാനമാനന്ദം ബ്രഹ്മ' എന്നും പറയുന്നു. ഈ ശ്രുതി വാക്യങ്ങള്‍ ബ്രഹ്മം ജ്ഞാനസ്വരൂപമാണെന്നതിന്റെ തെളിവാണ്.
ഉറക്കത്തിലും മോഹാലസ്യത്തിലും ജ്ഞാനമുണ്ടാകാത്തത് എന്തുകൊണ്ടെന്നതിന് ശ്രുതി തന്നെ സമാധാനം പറയുന്നുണ്ട്.
ബൃഹദാരണ്യകത്തില്‍ 'യദ് വൈ തന്ന പശ്യതി പശ്യന്‍ വൈ തന്ന പശ്യതി നഹി ദ്രഷ്ടുര്‍ ദൃഷ്ടേര്‍വിപരിലോപോ വിദ്യതേ അവിനാശിത്വാ ന്നതു തദ് ദ്വിതീയമസ്തി തതോളന്യത് വിഭക്തം യത് പശ്യേത്'
എന്ന മന്ത്രത്തില്‍ ഇത് വിശദമാക്കുന്നു.
കാണുന്നവനായിരുന്നു കൊണ്ടു തന്നെ കാണുന്നില്ല. കാഴ്ചയില്ലാത്തതുകൊണ്ടല്ല കാണാത്തത്. അതില്‍ അന്യമായി കാണത്തക്കതായ വിഷയം സുഷുപ്തിയില്‍ ഇല്ലാത്തതിനാലാണ് കാണാത്തത്.
 ഉറക്കത്തില്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാലാണ് കാണാതിരിക്കുന്നത്. അല്ലാതെ ചൈതന്യമില്ലാത്തതു കൊണ്ടല്ല. അതുപോലെ തന്നെ അറിയത്തക്കതായ വിഷയമില്ലെന്നതും അറിയാതിരിക്കാന്‍ കാരണമായി പറയാം. ജീവന്റെ ജ്ഞാനത്തിന് കുറവൊന്നുമില്ല. ജീവന്‍ നിത്യജ്ഞാന സ്വരൂപന്‍ തന്നെയാണ്.

No comments: