ശ്രീമദ് ഭാഗവതം 237*
ന അന്തർ ന ബഹിർ യസ്യ ന പൂർവ്വം നാപി ചാപരം
ആർക്ക് ഉള്ള്, പുറം, പൂർവ്വം, അപരം ഇല്ലയോ, ഇവനല്ലാത്ത വേറെ ഒരു വസ്തു ഇല്ലയോ, അവനെ എങ്ങനെ കെട്ടിയിടും?
അങ്ങനെയുള്ള അവ്യയമായ വസ്തുവിനെ, തന്റെ പുത്രനെന്ന് കരുതി ഈ ഗോപിക(യശോദ) പ്രാകൃതമായ ശിശുവിനെ എന്ന വണ്ണം കെട്ടിയിടാൻ പുറപ്പെട്ടു.
കയറിന് രണ്ടംഗുലം കുറവ് .
എന്താ ഈ രണ്ടംഗുലം? ഞാൻ, എന്റേത് എന്ന് വിചാരിച്ചു കെട്ടാൻ ശ്രമിച്ചാൽ ഭഗവാൻ ആടുന്ന ദാമോദര ലീലയാണത്.
ഭഗവാനെ ഞാൻ സാധന ചെയ്തു പിടിക്കും. ഇത്ര ജപം ചെയ്തു പിടിക്കും.
കുറേ ജപം ചെയ്യും. കിട്ടില്ല്യ.
പ്രാണായാമം ചെയ്ത് ഞാൻ സാക്ഷാത്ക്കരിക്കും. നടക്കില്ല്യ.
ശാസ്ത്രം അഭ്യസിച്ച് ഞാൻ ഭഗവാനെ നേടും.നേടില്യ.
എല്ലാ സാധനയിലും ഭഗവാൻ കിട്ടും.
പക്ഷേ ഏത് സാധനയിലും കിട്ടില്ല്യ.
ഞാൻ, എന്റേത് ഇവ ഉള്ളിടത്തോളം കിട്ടില്ല്യ.
എപ്പോ ഈ ജീവന് ശരണാഗതി ണ്ടാകുന്നുവോ, അപ്പോഴേ സാക്ഷാത്ക്കാരം ണ്ടാവുള്ളൂ.
ബ്രഹ്മത്തിനെ കർമ്മം കൊണ്ട് പിടിക്കാൻ ഒക്കില്യ എന്ന് ജ്ഞാനികൾ പറയണതും, ഭഗവാനെ കൃപ കൊണ്ട് മാത്രമേ നേടാൻ പറ്റുള്ളൂ എന്ന് ഭക്തന്മാർ പറയണതും ഒന്നാണ്.
എത്രകാലം ഈ വ്യക്തിത്വം ണ്ടോ, എത്ര കാലം ഈ അഹങ്കാരം ണ്ടോ അത്രയും കാലം ആ 'വസ്തു' പിടി തരില്യ.
എപ്പോ അഹങ്കാരം പോയി ശരണാഗതി വരണുവോ, അപ്പോ അത് സിദ്ധവസ്തു.
ഞാൻ എന്നും എന്റേതെന്നും നിനച്ച് ഇവനെ പിടിച്ചു കെട്ടിയിടാൻ തുടങ്ങിയപ്പോ രണ്ടംഗുലം കയറ് തികയാതെ തളർന്നു പോയ യശോദയ്ക്ക് ഭഗവാൻ കൃപ ചെയ്ത് ബന്ധിക്കാനായി വഴങ്ങി ക്കൊടുത്തു അത്രേ.
"ദാ പിടിച്ചോളൂ."
കെട്ടിയിട്ടു. ഉദരത്തിൽ ദാമം(കയറ്) കെട്ടിയത് കൊണ്ട് ഭഗവാന് ദാമോദരൻ എന്ന് പേര്. അടുത്ത ഒരു ഉരലിൽ കെട്ടിയിട്ടു. ഉരലിന്റെ ഇടയിൽ രണ്ടു മരം ണ്ട്. അതിനിടയിൽ കൂടി ഉരൽ ഒന്ന് വലിച്ചാൽ വേണ്ടില്ല്യ എന്ന് കുട്ടിക്ക് തോന്നി. ആഞ്ഞൊന്നു വലിച്ചു.
ആ മരം രണ്ടും കടപുഴകി ചോട്ടില് വീണു! ആ സ്ഥാനത്ത് രണ്ട് കുബേരപുത്രന്മാർ വന്നു നിന്നു! നാരദന്റെ ശാപം കൊണ്ട് മരമായിട്ട് നിന്നതാണ്. ഇവര് പണം കൊണ്ട് അഹങ്കരിച്ചു ഭോഗികളായിട്ട് തീർന്നു.ലഹരി കഴിച്ച് നാരദന്റെ മേലെ ചെന്നു വീണു.
നാരദമഹർഷി പറഞ്ഞു
"നിങ്ങൾ അസത്തുക്കൾ."
"അസത്തുക്കൾക്ക് കുറച്ച് ദാരിദ്ര്യം വന്നാൽ, ധനനഷ്ടം വന്നാൽ കണ്ണ് തുറക്കും.
അതുപോലെ കുറച്ച് കഷ്ടം വന്നാൽ കണ്ണ് തുറക്കും. അതുകൊണ്ട് നിങ്ങള് ഗോകുലത്തിൽ പോയി മരമായിട്ട് നില്ക്കാ"
അങ്ങനെ ആ കുബേരപുത്രന്മാർ ഗോകുലത്തിൽ മരങ്ങളായിട്ട് നിന്നു.
ദാ, ഇപ്പൊ ഭഗവദ് സമ്പർക്കം ണ്ടായി!
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi Prasad
No comments:
Post a Comment