Monday, August 12, 2019

മഴ*
അന്നും മഴ പെയ്തിരുന്നു !
സമൃദ്ധിയുടെ മഴ ! ശുഭലക്ഷണങ്ങൾ അവൾ അടയാളമായി!
ദൂരെ നിന്നും ഇരമ്പി വരുന്ന മഴയുടെ ഈണം കാതോർത്ത് കിടന്ന് ഉറങ്ങിയ ബാല്യം !
ഓടു മേഞ്ഞ തറവാടിന്റെ മേൽക്കൂര ചോർന്ന മഴത്തുള്ളി ചുവട്ടിൽ വച്ച പാ ത്രത്തിൽ വീണ താളം ഒരിക്കൽ ഉറക്കു പാട്ടായി!
30 ദിവസവും നിർത്താതെ പെയ്ത മഴയിലും ഇടത്തോടുകൾ പോലും നിലമറന്നൊഴുകിയില്ല!
പറമ്പിലും കൃഷിയിലും നിറഞ്ഞ വെള്ളം ഓവുചാലൊരുക്കി ഒഴുക്കുന്ന കാർണവർമാർക്കൊപ്പം ഞങ്ങൾ ചെളിയിൽ കളിച്ചു.
ഓരുവെള്ളത്തിൽ ഒഴുകി കയറിയ ഒറ്റക്കണ്ണൻ മീനുകളെ തോർത്തിൽ പിടിച്ചു തിരികെ വിട്ടു!
വിദ്യാലയങ്ങൾക്ക് അവധി ഇല്ലായിരുന്നു!
മഴ പ്പെരുമ്പറയുടെ ഒച്ചയിൽ മുടങ്ങുന്ന ക്ലാസ്സ് മുറികളിൽ ഞങ്ങൾ 'അക്കുത്തിക്കുത്ത് ' കളിച്ചു
ഇറവാലത്ത് ചൊറു പാത്രം കഴുകി!
4 മണിയുടെ കൂട്ടമണിയിൽ ബാല്യങ്ങളുടെ ആരവത്തിലേക്ക് മഴ ഇരച്ചു പെയ്തിറങ്ങി!
പനി പിടിച്ചില്ല :
മണ്ണിടിഞ്ഞില്ല!
ഉരുൾ പൊട്ടിയില്ല!
ആരും ഒഴുക്കിൽ പെട്ടില്ല!
ദുരിതാശ്വാസം എന്ന വാക്ക് ഗ്രാമീണന് നിഘണ്ഡുവിൽ ഒളിച്ച ഒരു പദപ്രയോഗമായി !
ഇടിമിന്നൽ കണ്ണുകളുള്ള
കാർ മേഘ കൂന്തൽ ഉള്ള
ഗജനിസ്വനം പോലെ ചിരിയുള്ള കർക്കിടക സുന്ദരി അന്ന്
ഒരു മനുഷ്യ ജീവനെയും കൊന്നെടുത്തില്ല!
പകരം വിരഹത്തിന്റെ അവസാന തുള്ളി കണ്ണീരും വടിച്ചെറിഞ്ഞ് അവൾ ചിങ്ങപ്പെണ്ണിന്റെ വരവിന് ആദരവോടെ വഴിമാറി.
പക്ഷേ!
ഇന്നും അവൾ ഉണ്ട്!
കണ്ണിൽ മിന്നൽ ഒളി ഇല്ല!
തീ പന്തങ്ങൾ മാത്രം
ചിരി അട്ടഹാസമായി!
സ്നേഹാമൃതം മാത്രം ചുരന്നിരുന്ന തന്റെ മാറു പിളർന്ന് രക്തം വരെ ഊറ്റിയെടുത്ത മനുഷ്യൻ എന്ന സ്വാർത്ഥ ജന്മത്തോട് ഇന്നവൾക്ക് പ്രതിപത്തിയില്ല!
മനുഷ്യാ നീയിത് ചോദിച്ച് വാങ്ങിയ ശാപം!
കാലം നിന്റെ നെറികേടിനു കണക്ക് സൂക്ഷിച്ച്നിനക്ക് മടക്കിത്തന്ന ശാപം!
മാതാപിതാക്കളെ കൊല്ലാതെ കൊന്നതിനുള്ള ശാപം!
കാമ പൂരണാർത്ഥം ജനിച്ച കുഞ്ഞിനെ തലക്കടിച്ചു കൊന്ന് കൊലവിളിച്ച മാതൃത്വത്തിനുള്ള ശാപം!
ശൈശവ കൗമാര യൗവ്വനങ്ങളുടെ മാനത്തിന് മുകളിൽ പറന്നിറങ്ങി നിർദ്ദയം കൊത്തിവലിച്ച ഒറ്റക്കയ്യൻമാരെ പോറ്റി വളർത്തിയ അധികാരങ്ങൾക്കുള്ള ശാപം!
രക്ത ബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക്
ആത്മാർത്ഥതക്ക് നീ നൽകിയ സ്വാർത്ഥതയുടെ ചീഞ്ഞളിഞ്ഞ മുഖവുര നിന്നെ തിരിഞ്ഞു കൊത്തി !
ഇത്! നീ വാങ്ങിച്ചതു തന്നെ ആകണം
ഇനി ഇതൊരു പാഠമല്ല!
അതിനുള്ള സമയം നിനക്ക് കഴിഞ്ഞു .
അവൾ പ്രകൃതി അമ്മയാണ്!
ജീവദാതാവാണ്
അന്നപൂർണ്ണേശ്വരി ആണ് !
സർവോപരി അവൾ സർവ്വം സഹയാണ്!
കരഞ്ഞ് വിളിക്ക്
അവൾ പൊറുത്തേക്കും
പക്ഷേ ഒന്നോർത്തോളൂ
*നിനക്ക്* *മാപ്പില്ല* !

No comments: