പരിശീലനത്തിലൂടെ കൈവരിക്കാവുന്ന അവസ്ഥയല്ല ധ്യാനം. ബോധമനസ്സ് സ്വാഭാവികമായി എത്തിപ്പെടേണ്ട അവസ്ഥയാണത്. ധ്യാനം ഒരാള്‍ക്ക് മറ്റൊരാളെ പരിശീലിപ്പിക്കാവുന്നതല്ല .
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, അതുകഴിഞ്ഞ് ധാരണ. ഇതാണ് അഷ്ടാംഗയോഗത്തിലെ ക്രമം. യമ, നിയാമസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയനിഗ്രഹം ഉണ്ടാകുന്നു. കണ്ണ് എപ്പോഴും പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. ചെവി എപ്പോഴും പുറത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്നു. നാവ് പുറത്തുനിന്ന് രസിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ഇന്ദ്രിയങ്ങള്‍ നമ്മുടെ ശ്രദ്ധയെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുന്നു. യമ നിയമാസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയങ്ങള്‍ നമുക്ക് വിധേയമാകുന്നു. അതാണ് പ്രത്യാഹാരം. ഇന്ദ്രിയ നിഗ്രഹമാണത്. അതും ബലം ഉപയോഗിച്ച് ചെയ്യാനാവില്ല. ഇന്ദ്രിയ നിഗ്രഹം സ്വാഭാവികമായി വരണം.
ബലമായി ഇന്ദ്രിയത്തെ നിഗ്രഹിച്ചാല്‍, കണ്ണടയ്ക്കാം, പക്ഷേ മനസ്സു പുറത്തായിരിക്കും. കാണുന്നത് കണ്ണിലൂടെയല്ല; മനസ്സിലൂടെയാണ്. അപ്പോള്‍ കണ്ണടച്ചാലും കാണാതിരിക്കില്ല. ചെവിയടച്ചാലും കേള്‍ക്കാതിരിക്കില്ല. അപ്പോള്‍ കണ്ണിലൂടെ ആരാണോ കാണുന്നത് ചെവിയിലൂടെ ആരാണോ കേള്‍ക്കുന്നത്, അവിടെ ഇന്ദ്രിയ നിഗ്രഹം ഉണ്ടാകണം. സ്വാഭാവികമായി നടക്കേണ്ട മാറ്റമാണത്. അതിനെ ധാരണ എന്നു പറയുന്നു.
ധരിക്കുന്നതാണ് ധാരണ. രൂപത്തെ ധരിക്കാം, സ്മരിക്കാം. മന്ത്രം ധരിക്കാം, ജപിക്കാം. ഇങ്ങനെ നിരന്തരം ചെയ്താല്‍ മനസ്സിലെ ചിന്തകള്‍ സ്വാഭാവികമായി അടങ്ങും.
തുടക്കത്തില്‍ ഇത് അനുവര്‍ത്തിക്കുക പ്രയാസമാണ്. മന്ത്രം ജപിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളിലുള്ള ചിന്തകളത്രയും ശക്തിയായി പുറത്തേക്ക് വരും. ആ സമയത്ത് സാധകന് എന്തെന്നില്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കും. തന്റെ ചിന്തകള്‍ മാത്രമല്ല, പൂര്‍വികരുടെ ചിന്തകള്‍ പോലും ഉള്ളിലടങ്ങിയിരിക്കും. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടായിരുന്ന ചിന്തകള്‍ മുഴുവന്‍ മകന്റെ മനസ്സിലൂടെ പുറത്തേക്കു വരും. ആ സമയത്ത് നമുക്ക് അറിയാത്ത, അനുഭവിക്കാത്ത തലങ്ങളില്‍ നിന്നു പോലും ചിന്തകള്‍ പുറത്തു വരും. പരമ്പരയില്‍ പെട്ട ആരോ അത് അനുഭവിച്ചിരിക്കാം എന്നതാണ് അതിനു കാരണം. ഒടുവില്‍ നിരന്തരമായ മന്ത്രസാധനയിലൂടെ അല്ലെങ്കില്‍ രൂപധ്യാനത്തിലൂടെ ചിന്തകള്‍ മുഴുവന്‍ പുറത്തുപോയി മനസ്സ് ശുദ്ധമാകും. അപ്പോള്‍ ചിന്തകളുണ്ടാവില്ല.
ചിന്തകള്‍ അടങ്ങുന്നിടത്താണ് ധ്യാനം തുടങ്ങുന്നത്. മനസ്സ് എപ്പോഴാണ് ഉള്ളത്? ചിന്തിക്കുമ്പോഴേ മനസ്സ് ഉള്ളൂ. ചിന്തകളില്ലെങ്കില്‍ മനസ്സ് ഇല്ല. മനസ്സ് ഒരു പ്രതിഭാസമാണ്. സ്ഥിരമായ സംഭവമൊന്നുമല്ല.
ചിന്തയുണ്ടെങ്കില്‍ മനസ്സുണ്ട്. മനസ്സ് ചിന്തിച്ചു കൊണ്ടേയിരിക്കും. ബോധമല്ല മനസ്സാണ് നമ്മെ നിയന്ത്രിക്കുന്നത്. ചിന്തകള്‍ അടങ്ങിയാല്‍ ബോധപൂര്‍വമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അപ്പോള്‍ സമഗ്രമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും. കാരണം ചിന്തകളില്ല. മനസ്സില്ല. മനസ്സിനപ്പുറത്തൊരു തലമുണ്ട്. ആ തലത്തില്‍i ബോധം വിഹരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് ശരീരവും മനസ്സും തയ്യാറായ ശേഷം ബോധം എത്തി നില്ക്കുന്ന അവസ്ഥ.
Janmabhumi
No comments:
Post a Comment