മഴ കഴിയുന്നതോടെ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് മഞ്ഞപ്പിത്തം തന്നെയാണ്. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്ത രോഗികള്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാന്‍. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
No comments:
Post a Comment