Saturday, August 17, 2019

സുബ്രഹ്മണ്യന്റെ വാഹനമാണ് മയിൽ, കൊടിയടയാളം പൂവൻകോഴിയും.ഈ രണ്ടു പക്ഷികൾ സുബ്രഹ്മണ്യന്റെ  കൂടെയെത്താൻ കാരണമായ ഒരു കഥയുണ്ട്.⚜*
🎀〰〰〰〰〰〰〰〰〰🎀
അതിബലവാനായ ഒരു അസുരനായിരുന്നു *ശൂരപത്മൻ.*
ഒരിയ്ക്കൽ, ശൂരപത്മാസുരനും അനുയായികളും കൂടി ദേവലോകം ആക്രമിച്ച് കീഴടക്കി.

കയ്യിൽകിട്ടിയ ദേവൻമാരെ ശൂരപത്മൻ, ഭൂമിയിൽ കൊണ്ടുവന്ന് തടവിലുമിട്ടു.

അമൃതും മദ്യവും അപ്സരസ്ത്രീകളുടെ നൃത്തവുമൊന്നുമില്ലാതെ ഗോതമ്പുണ്ടയും ചപ്പാത്തിയും മാത്രം കഴിച്ച് കിടക്ക് കുറച്ചു കാലം;
ഒരു പതം വരട്ടെ എന്നൊക്കെ ചിന്തിച്ചായിരുന്നു ശൂരപത്മൻ ദേവൻമാരെ തുറുങ്കിലടച്ചത്.

ശൂരപത്മന്റെ കയ്യിൽ കിട്ടാതിരുന്ന ദേവൻമാർ, ഓടി, കൈലാസത്തിലൊളിച്ചു. 

 അസുരൻമാരെങ്ങാൻ സ്വർഗ്ഗത്തിൽ വന്നുതിരഞ്ഞാൽ കാണാതിരിയ്ക്കാൻ ഇന്ദ്രൻ ഭൂമിയിലുമൊളിച്ചു.

തത്ക്കാലം ദേവലോകത്തിൽ പോക്ക് നടക്കില്ല. ഈ സമയത്ത് ആവേശം കാണിച്ച് ദേവലോകത്തുപോയാൽ പണി പാളും.

ഉണ്ടുറങ്ങി, അലസമായിരുന്നതിന് കിട്ടിയ പണിയാണ്. തത്ക്കാലം സഹിയ്ക്കുകയല്ലാതെ നിവൃത്തിയില്ല.

 മറ്റെല്ലായിടവും കുത്തിമറിച്ചുനോക്കിയാലും അസുരൻമാർ ഒരു കാരണവശാലും എന്നെ ഭൂമിയിൽ തിരയാൻ സാദ്ധ്യതയില്ല.

എന്തായാലും ഒളിഞ്ഞിരിപ്പാണ്. 
എന്നാൽപ്പിന്നെ തപസ്സുംകൂടി ചെയ്ത്, നഷ്ടപ്പെട്ട ഊർജ്ജമൊന്ന് തിരിച്ചുപിടിയ്ക്കാനും നോക്കാം.

ഒറ്റയ്ക്കായിപ്പോയ ദേവേന്ദ്രൻ അങ്ങനെ തപസ്സാരംഭിച്ചു.

കൈലാസത്തിലൊളിച്ച ദേവൻമാർ, പരമശിവനോട് സങ്കടം പറഞ്ഞു. 

"ഇതിപ്പോൾ സ്ഥിരം പതിവായിരിക്കുന്നു. ഒന്ന് നടുനിവർക്കുമ്പോഴേക്കും ഏതെങ്കിലും അസുരൻ മെക്കട്ട് കേറാൻ വരുന്നു.
ആ ബ്രഹ്മാവ്, ആളും തരവും നോക്കാതെ നാഴികയ്ക്ക് നാൽപതുവട്ടം ചോദിച്ചവർക്കൊക്കെ വരവും കൊടുക്കുന്നു."

ദേവൻമാരാന്ന് പറയാൻ തോന്നില്ല!
നിന്ന് കരയുന്നത് കണ്ടില്ലേ!
കഷ്ടം!
ശിവന് പെരുവിരലിൽനിന്നും കയറി.

എന്തായാലും അഭയം പ്രാപിച്ചതല്ലേ. രക്ഷിയ്ക്കാതെങ്ങനെ...!

ശിവൻ മകനെ വിളിച്ചു.

"സുബ്രഹ്മണ്യാ..., വരൂ..."

കളി നിർത്തിവെച്ച് സുബ്രഹ്മണ്യൻ വന്നു.

"ഇവരുടെ കാര്യത്തിലൊരു തീരുമാനമാക്കിക്കൊടുക്കണം. പതിവ് പരിപാടി തന്നെ.
അസുരൻ, തപസ്സിൽ കിട്ടിയ വരവും വാങ്ങി, ഉമ്മാക്കി കാണിച്ചുവന്നു. സകലതും പേടിച്ചോടി.ഇത്തവണ ശൂരപത്മൻ!"

ഇതൊരു സ്ഥിരം പരിപാടി ആയതു കൊണ്ട് സുബ്രഹ്മണ്യൻ, അവശ്യംവേണ്ട മാരകായുധങ്ങളുമായി അസുരനെ നേരിടാനിറങ്ങി.

ശൂരപത്മന്റ കൊട്ടാരത്തിൽ വന്ന് സുബ്രഹ്മണ്യൻ ഒരു ദൂതനെ പറഞ്ഞയച്ചു.

"പേരിൽ മാത്രം പോരാ ശൂരത്തം. ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവന്ന് യുദ്ധം ചെയ്യൂ. ഇല്ലെങ്കിൽ, തടവിലിട്ട ദേവൻമാരെയെല്ലാം നിരുപാധികം വിട്ടയയ്ക്കുക".

ദൂതുകേട്ട് ശൂരപത്മന് ചിരി വന്നു.
ഒരു ചീള് ചെക്കൻ വന്ന് മെരട്ടാൻ നോക്കുന്നു.

"പിടിച്ചതൊക്കെ പിടിച്ചതുതന്നാ. വിട്ടുകൊടുത്തൊന്നും ശീലവുമില്ല.
യുദ്ധം ആവാം. അതിലാണ് എനിയ്ക്കും ഹരം."

അങ്ങനെ സമാധാനത്തിന്റെ വെള്ളക്കൊടിയൊക്കെ കാട്ടിൽക്കളഞ്ഞ് സുബ്രഹ്മണ്യനും ശൂരപത്മനും ഗംഭീരയുദ്ധത്തിലേക്ക് കടന്നു. ഘോരയുദ്ധം പത്തുദിവസം നീണ്ടു.
കാണാൻ ബാലനാണെങ്കിലും യുദ്ധം ചെയ്ത് തോൽപ്പിയ്ക്കൽ എളുപ്പമല്ലെന്ന് ശൂരപത്മന് ബോദ്ധ്യമായി. ഇനി വല്ല സൂത്രപ്പണിയും കാണിയ്ക്കേണ്ടി വരും. പത്തുദിവസമായി മര്യാദയ്ക്ക് വല്ലതും കഴിച്ചിട്ട്.

*ശൂരപത്മൻ വേഷംമാറി ഒരു വൻവൃക്ഷമായി സുബ്രഹ്മണ്യനെ നേരിട്ടു.*

ഏതൊരാളും കണ്ടാൽ ഭയക്കുന്ന പെരുംമരം കൊമ്പുകുലുക്കി പാഞ്ഞുവരുന്നതു കണ്ടിട്ടും സുബ്രഹ്മണ്യന് ഒരു കൂസലുമില്ല. ഇതുകണ്ട് ശൂരപത്മനും സുബ്രഹ്മണ്യനോട് ഒരു ചെറിയ ബഹുമാനമൊക്കെ തോന്നി.

സുബ്രഹ്മണ്യൻ, കയ്യിലെ വേൽ എടുത്ത്, തന്റെ നേരെ പാഞ്ഞടുക്കുന്ന മരത്തിന്റെ നടുഭാഗം ഉന്നമാക്കി ആഞ്ഞുതറച്ചു.
അതിശക്തമായ ഈ വേൽപ്രഹരത്തിൽ മരം രണ്ടായി മുറിഞ്ഞു.

*രണ്ടായി മുറിഞ്ഞ മരത്തിന്റെ ഒരുഭാഗം ക്ഷണനേരത്തിൽ ഒരു ആൺമയിലായി മാറി. മറുഭാഗം ഒരു പൂവൻകോഴിയായും മാറി.*
സുബ്രഹ്മണ്യന്റെ യുദ്ധവീര്യം കണ്ട് ആരാധന മൂത്തുനിൽക്കുകയായിരുന്നല്ലോ ശുരപത്മൻ!

സ്വാഭാവികമായും;
ശൂരപത്മന്റെ നടുമുറിഞ്ഞുണ്ടായ മയിലിനും പൂവൻകോഴിയ്ക്കും ആ ആരാധന, ജൻമനാ ഉണ്ടായിരുന്നു.
മയിൽ പറഞ്ഞു,
 "എന്നെ അങ്ങയുടെ വാഹനമാക്കിയാലും.അങ്ങ് ആഗ്രഹിയ്ക്കുന്ന മാത്രയിൽ, ആഗ്രഹിയ്ക്കുന്ന ഇടത്തേയ്ക്ക് ഞാൻ അങ്ങയെ എത്തിച്ചു കൊള്ളാം."

സുബ്രഹ്മണ്യൻ, മയിലിന്റെ ആഗ്രഹം സ്വീകരിക്കുകയും മയിൽ, അന്നുമുതൽ സുബ്രഹ്മണ്യന്റെ വാഹനമാവുകയും ചെയ്തു.

വൃക്ഷത്തിന്റെ മറുപാതിയായ കോഴിയും തന്റെ ആഗ്രഹം പറഞ്ഞു.
"ഇന്നുമുതൽ അങ്ങയുടെ കൂടെ, അങ്ങയുടെ വരവിൽ ഐശ്വര്യസൂചകമായി; അങ്ങയുടെ കൊടിയിൽ കൊടിയടയാളമായി എന്നെ സ്വീകരിച്ചാലും."

ഭഗവാൻ ഇതും അംഗീകരിച്ചു.
അങ്ങനെ, പൂവൻകോഴി സുബ്രഹ്മണ്യന്റ കൊടിയടയാളമായും മാറി.
➖➖➖➖➖➖➖➖➖➖➖➖➖
*ലോകാ: സമസ്താ സുഖിനോ ഭവന്തു🙏*

No comments: