Wednesday, August 21, 2019

വിഗ്രഹാരാധനയ്ക്ക് ഒരു വിശദീകരണം

ഹിന്ദുവിനെ സംബന്ധിച്ചു  ഈശ്വരൻ അരൂപിയാണ്. രൂപങ്ങൾക്കും നാമങ്ങൾക്കും അതീതൻ. അപ്പോൾ എന്തി നാണ് ഹൈന്ദവർ വിഗ്രഹങ്ങളെ ആരാധിക്കുന്നത് .....?   

  ശ്വേതാശ്വേതരോപനിഷത്തിൽപറയുന്നു ....

"ന തസ്യ പ്രതിമാ അസ്തി യസ്യ നാമ മഹദ് യശഃ "

അതായത് പരമാത്മാവിന്
പ്രതിമയില്ല. അവൻ എല്ലായിടവും വ്യാപിച്ച് കിടക്കുന്നു ...
പ്രതിമ എന്നാൽ 
"പ്രതി യതേ അനയായതി" എന്തിലൂടെയാണൊ ഒരു പ്രതീതി ഉണ്ടാകുന്നത് അതിനെ പ്രതിമ എന്ന് പറയുന്നു.
മതപരിവർത്തകർ ഉൾപ്പെടെയുള്ള സനാതന ധർമ്മ വിരോധികൾ ഹൈന്ദവരെ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്നത് ഈ വാക്യമാണ്

വേദത്തിൽ പറഞ്ഞിട്ടുണ്ട്,
ന തസ്യ പ്രതിമാ അസ്തി.. ഹിന്ദുക്കളെ നിങ്ങൾ ശരിയായി വേദങ്ങളെ പിന്തുടരുവിൻ..അതുകൊണ്ട് നിങ്ങൾ പ്രതിമകളെ ഉപേക്ഷിക്കുവിൻ, പ്രതിമയില്ലാന്ന് വേദത്തിൽ പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊക്കെ പറഞ്ഞ് നിരന്തരം ചൂഷണം ചെയ്യുന്നുണ്ട് ഇക്കൂട്ടർ...

എന്നാൽ പരമാർത്ഥം അതല്ല ......

നാമരൂപരഹിതമായ പരംപൊരുളിനെ ആരാധിക്കാൻ ഋഷീശ്വരന്മാർ നമുക്ക് പല പ്രതിമകളേയും വിഗ്രഹങ്ങളേയും തന്നിരിക്കുന്നു എന്നതാണ് വാസ്തവം. ഉപാസനാ തലത്തിൽ വിഗ്രഹങ്ങൾ/ പ്രതിമകൾ അനിവാര്യമാണ്. എന്തെങ്കിലും പ്രതിമ / വിഗ്രഹം ഇല്ലെങ്കിൽ ഒരിക്കലും സൂക്ഷ്മ തത്ത്വത്തിലേക്ക് മനസിനെ കേന്ദ്രീകരിക്കുവാൻ സാധകന് കഴിയില്ല... 

ഇനി.... വേദങ്ങൾ മുഴുവൻ വിഗ്രഹാരാധനയ്ക്ക് എതിരാണോ....?

അല്ല എന്നാണ് ഉത്തരം....                                                                                                                       

നമുക്ക് തൈത്തിരീയ ഉപനിഷത്തിലെ രണ്ട് ശ്ലോകങ്ങൾ നോക്കാം

"സംവത്സരസ്യ പ്രതിമായാം ത്വാ
രാത്ര്യുപാസതേ പ്രജാസുവീരാം
കൃത്വാ വിശ്വമായുർവ്യശ്നവത് പ്രജാപത്യാം "

അർത്ഥം -സംവത്സരകാലസ്വരൂപിയും, പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയിൽ  അന്ധകാരമായ അജ്ഞാന ദശയിൽ  ഉപാസിക്കുന്നു അങ്ങിനെ ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളേയും പ്രാപിക്കുന്നു

"സുരൂപാം പ്രതിമാം വിഷ്ണോഃ പ്രസന്നവദനേക്ഷണാം
താമർച്ചയേത്താം  പ്രണമേത്താം യജേത്താം വിചിന്തയേത് "

അർത്ഥം -പ്രസന്നമായ മുഖം, കണ്ണുകൾ ഇവയോട് കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ, അതിനെ പൂജിക്കേണ്ടതാകുന്നു  വന്ദിക്കുകയും, ആരാധിക്കുകയും, ധ്യാനിക്കുകയും ചെയ്യേണ്ടതാകുന്നു.

അഥർവ്വവേദത്തിൽ പറയുന്നു ....

"ഏഹ്യാശ്മാനമാതിഷ്ഠ അശ്മാ ഭവതു തേ തനുഃ"

അല്ലയോ ഭഗവാനേ...വന്നാലും ഈ പ്രതിമയിൽ എഴുന്നള്ളിയിരുന്നാലും അങ്ങയ്ക്ക് ശരീരമായത് ഈ ശിലാ വിഗ്രഹമായിരിക്കട്ടെ.

ക്ഷേത്രാരാധന നിശ്ചയിച്ചത് ആധികാരിക ഉപദേശം അനുസരിച്ച് തന്നെയാണ് എന്ന് മനസിലായില്ലേ...
ഇതിന് പ്രാമാണികത ഇല്ല എന്ന് പറയുന്നവർ നമ്മുടെ സനാതനഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിച്ചിട്ടല്ല ഇതൊന്നും പറയുന്നത് എന്നുറപ്പാണ്.അതുകൊണ്ട് വിഗ്രഹാരാധന ഒരിക്കലും വേദത്തെ നിന്ദിക്കലല്ല ....
                                                                                                                                                                   വിഗ്രഹത്തിന്റെ അർത്ഥതലങ്ങൾ അറിയാൻ രസകരമായ ഒരു സംഭവകഥയുണ്ട്.                                                       
                                                                              മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ,ബീർബലിനോട് ഒരു ദിവസം ചോദിച്ചു

 "ഈ നാട്ടുകാർ എത്ര അന്ധവിശ്വാസികൾ ആണ്‌.  പ്രതിമകളെ അവർ പൂജിക്കുന്നു"

ബീർബൽ മറുപടി പറഞ്ഞില്ല പകരം ഭിത്തിയിലുണ്ടായിരുന്ന അക്ബറിന്റെ പിതാവ് ഹുമയൂണിന്റെ ചിത്രം നോക്കി പറഞ്ഞു....
                                                                                                             " താങ്കൾ ആ  ചിത്രം താഴെ ഇറക്കൂ "

അക്ബർ ഹുമയൂണിന്റെ ചിത്രം താഴെ ഇറക്കി

 "ആ ചിത്രത്തിൽ ചവിട്ടൂ "

ബീർബൽ ആവശ്യപ്പെട്ടു.

 "എന്ത് ....? എന്റെ പിതാവിനെ ചവിട്ടാനോ? "

അക്ബർ ക്രുദ്ധനായി......                 
                                                                               "ഇത് അങ്ങയുടെ പിതാവോ .....? 
ഇതൊരു വിഗ്രഹം മാത്രമല്ലേ .....? "
ബീർബൽ ചോദിച്ചു.
                                                                                                                                                    പിതാവിന്റെ ചിത്രം ഒരു വെറും ചിത്രം അല്ലെന്നും തന്റെ മനസ്സിൽ പിതാവിന് ഒപ്പം സ്ഥാനം ആ ചിത്രത്തിന് ഉണ്ടെന്നും അക്ബറിനു മനസിലായി  പിന്നീട് ഒരു ക്ഷേത്രവും അദ്ദേഹം തകർത്തിട്ടില്ലെന്നത് ചരിത്രം

സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഒരു രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തി... വിവേകാനന്ദനെ ഒന്ന് പരീക്ഷിക്കണമെന്ന് രാജാവിന് തോന്നി...
അദ്ദേഹം പറഞ്ഞു

"സ്വാമി ... താങ്കൾ ഇപ്പോൾ ശിലകളിൽ ചവിട്ടി നടക്കുകയാണ്... ഈ ശിലയെത്തന്നെയാണല്ലോ നിങ്ങൾ ആരാധിക്കുന്നതും.... എന്തൊരു വിരോധാഭാസമാണിത്..... "

വിവേകാനന്ദൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു ...

"താങ്കൾക്ക് ഒരു പത്നിയും മകളുമുണ്ടല്ലോ.... രണ്ടും സ്ത്രീകളാണ്....
എന്നു കരുതി ഇന്ന് താങ്കൾ മകളോടൊത്ത് ശയിക്കുമോ......? വിഗ്രഹത്തിന്റെ ശിലയും നടക്കുന്ന ശിലയും രണ്ടും രണ്ടാണെന്ന ബോധം, ആ തിരിച്ചറിവാണ് ഭക്തിയുടെയും ആരാധനയുടെയും അടിസ്ഥാനം....."
രാജാവ് ഞെട്ടിപ്പോയി

വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്ത്രീയമായി സൃഷ്ടിക്കപ്പെട്ട ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു. അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതു തന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണമായ ബോധ്യം ആളുകള്‍ക്കുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ചുവടുപിടിച്ചു നോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വെവ്വേറെയാണ്.

ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്ത്രമാണ് ബിംബനിര്‍മാണം.ഹിന്ദു ജീവിതരീതിയിലേത് എന്നു പറയാവുന്ന ഒരു പ്രത്യേക വിശ്വാസപ്രമാണമോ, ദൈവമോ, തത്ത്വസംഹിതയോ ഒന്നുമില്ല. ഒരു ഹിന്ദു ജീവിത്തില്‍ ഏറ്റവും വില കല്പിക്കുന്നത് മോചനത്തിനാണ്… ജീവന്മുക്തിയാണ് ഒരു വ്യക്തിയുടെ പരമമായ ലക്ഷ്യം....!!!

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചലം, അചലം എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചലം. ചലിക്കാത്തവ അചലം
നിർമ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിൽ വിഗ്രഹങ്ങൾ എട്ടുതരമുണ്ട്

“ശൈലീദാരുമയീലൌഹി ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ”

എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം
ശൈലി –  ശിലാവിഗ്രഹം
ദാരുമയി - മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ
ലൌഹി - ലോഹം കൊണ്ട് നിർമ്മിച്ചവ
ലേപ്യ - ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ.  ലേഖ്യ - ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു.
സൈകതം - മണൽ കൊണ്ട് സൃഷ്ടിക്കുന്ന വിഗ്രഗങ്ങൾ
മണിമയി - വിലകൂടിയ കല്ലൂകൾ/ രത്നങ്ങൾ എന്നിവയാൽ ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ
മനോമയി - മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹം

ഇനി അവസാനമായിട്ട് ഒരു കാര്യം കൂടി പറയാം.....

ബ്രഹ്മസാക്ഷാത്കാരം നേടിയ ശങ്കരാചാര്യർ തന്റെ മഹാസമാധിക്കു മുമ്പ് ഇപ്രകാരം പറഞ്ഞു

"രൂപം രൂപ വിവർജിതസ്യ ഭവതോ
ധ്യായേന യത് കൽപ്പിതാം സ്തുത്യനിർവ്വചനീയതാഖില ഗുരോ
ദൂരീകൃതായൺമയാ
വ്യാപ്തിത്വം ച  നിരാകൃതം ഭഗവതോ
യത് തീർത്ഥയാത്രാ ദിനാ
ക്ഷന്തവ്യം ജഗദീശാ വികല്പയേന ദോഷ ത്രയം മത് കൃതം "

അർത്ഥം - ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അരൂപിയായ പരമാത്മാവേ അങ്ങയ്ക്ക് ഞാൻ എന്റെ കൽപനയിൽ നിന്ന് ഒരു രൂപം നൽകി
വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതാണ് അങ്ങ് എന്ന് എനിക്ക് അറിയാം... എങ്കിലും ക്ഷേത്രങ്ങളിലാണ് അങ്ങ് ഇരിക്കുന്നന്നെന്ന് തെറ്റിദ്ധരിച്ച ഞാൻ ക്ഷേത്രങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിലേക്ക് തിർത്ഥയാത്ര നടത്തി അങ്ങയെ ദർശിച്ചു കൊണ്ടിരുന്നു.... അതെല്ലാം തെറ്റാണെന്ന് ഞാൻ മനസിലാക്കുന്നു...

എന്തുകൊണ്ടാണ് ശങ്കരാചാര്യർ ഇപ്രകാരം അഭിപ്രായപ്പെട്ടത്....?
വിഗ്രഹാരാധന തെറ്റായത് കൊണ്ടാണോ.....?

അല്ല .......

ബ്രഹ്മസാക്ഷാത്കാരം നേടി "അഹം ബ്രഹ്മാസ്മി" അതായത് താനാണ് ഈശ്വരൻ ....
അല്ലെങ്കിൽ തന്റെയുള്ളിൽത്തന്നെയാണത്....

എന്ന് മനസിലായ നിമിഷത്തിലാണ് അദ്ദേഹത്തിന് ഈ ബോധം വന്നത്.....
എന്നു കരുതി അദ്ദേഹം ഉടനെ താൻ രചിച്ച കൃതികൾ കീറിക്കളഞ്ഞില്ല .....
പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ തകർത്തില്ല.....

കാരണമെന്താ.......?

അദ്ദേഹത്തിനറിയാം.... അനവധി സാധാരണക്കാർ തനിക്കു പിറകിലുണ്ട്.... അവർക്കും ബ്രഹ്മസാക്ഷാത്കാരത്തിലേക്ക് ഉയരണമെങ്കിൽ ക്ഷേത്രങ്ങൾ അത്യന്താപേക്ഷിതമാണ്......
അതിനാൽ സർവ്വവ്യാപിയായ, അരൂപിയായ, ലിംഗഭേദമില്ലാത്ത ആ പരമാത്മചൈതന്യത്തെ അറിയുന്നതിന് ഒരു സാധാരണക്കാരന് ക്ഷേത്രങ്ങൾ വളരെയധികം സഹായകമാണ് എന്ന് നിസ്സംശയം പറയാം

© ശ്രീജിത്ത് എസ് എച്ച്

5 comments:

Viswanath said...

well said.

Palatil said...

‘All those who worship demi gods, all those do idol worship, they are materialistic people’ (Bhagvagita says in Ch. 7, V. 19 to 23)

‘Natasya Pratima Asti’... ‘Of that God, no image can be made’. (Yajurveda says on Ch. No. 32, V. No. 3)

‘God is image less, and body less – He has got no form, He has got no body’. (Yajurveda, Ch. No. 40, V. No. 8)

Palatil said...

‘നമ്മുടെ പിതാവിന്റെയോ ഗുരുവിന്റെയോ മറ്റോ ഛായയെടുത്തുവെച്ച് അവരുടെ അഭാവത്തില്‍ അവരെ കണ്ട് സന്തോഷിക്കുന്നു; വന്ദിക്കുന്നു. അപ്രകാരം ക്ഷേത്രത്തില്‍ ദൈവത്തിന്റെ പ്രതിമവെച്ച് പൂജിച്ച് സന്തോഷിക്കുന്നതാകുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സ്വല്പബുദ്ധികള്‍ക്ക് ദൈവം ഉണ്ടെന്ന് മനസ്സിലാകുന്നത് എങ്ങനെയാണ്? എന്ന് കാര്‍മന്‍മാര്‍ വാദിക്കുന്നു. ഇതും അസംബന്ധം തന്നെ. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടുംകൊണ്ടാണ് ഫോട്ടോ എടുക്കുന്നത്. ആ ഛായയില്‍ അവരുടെ ആകൃതിവടിവും ഉണ്ട്. ദൈവത്തിന് ആകൃതിയില്ല. പിന്നെ എങ്ങനെ ഛായയെടുത്തു? ആര്‍ എടുത്തു? ബിംബപ്പണിക്കാരും മറ്റും കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരക്കുന്നതുമാണോ ദൈവത്തിന്റെ ഛായ? ഇങ്ങനെ നാനാ വിഗ്രഹരൂപത്തിനാല്‍ ദൈവസ്വരൂപത്തെയും ആരാധനാക്രമത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് മഹാ അനര്‍ഥമാകുന്നു.” (വിഗ്രഹാരാധനാഖണ്ഡനം, പ്രസാധകര്‍: നിര്‍മലാനന്ദയോഗി, പ്രസിഡന്റ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം, ആലത്തൂര്‍; പുറം 28, 29)

Palatil said...

നമ്മില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ നമ്മെ ഓര്‍ക്കാനോ വേണ്ടി കുരങ്ങന്റെയോ നായയുടെയോ ചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നാമാരും ഇഷ്ടപ്പെടുകയില്ലല്ലോ. കാരണം, കുരങ്ങനും നായയുമൊക്കെ നമ്മേക്കാള്‍ നിസ്സാരവും താഴെയുമാണെന്ന് നാം ധരിക്കുന്നു. അവ്വിധം തന്നെ ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ദൈവത്തിന്റെ സൃഷ്ടികളും അവനോട് താരതമ്യം ചെയ്യാനാവാത്ത വിധം നന്നേ നിസ്സാരവുമാണ്. അവയിലേതെങ്കിലും ഒന്നിനെ, ദൈവത്തെ ഓര്‍ക്കാനും അവനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി സ്ഥാപിക്കുന്നത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്; അതുകൊണ്ടുതന്നെ അക്ഷന്തവ്യമായ അപരാധവും

Anonymous said...

"ഒരു കല്ലിനെ പ്രതിഷ്ഠിക്കുന്നു. അതില്‍ ഈശ്വര ഭാവനയോടു കൂടി പൂജിക്കുന്നു. അതിനെ പ്രദക്ഷിണം വെക്കുന്നു. മന്ത്രം ജപിക്കുന്നു. ആ പ്രതിഷ്ഠിച്ച കല്ലു കേള്‍ക്കുമോ? കറിവെക്കുന്ന ചട്ടിയോ കറിയിളക്കുന്ന ചട്ടുകമോ, കറിയുടെ രസത്തെ അറിയുമോ?" (വിഗ്രഹാരാധനാ ഖണ്ഡനം, പുറം 7)