Sunday, August 18, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
             *ഏഴാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

        *_ശ്രീകൃഷ്ണദ്വൈപായനൻ ഭാഗവതാവതംസമായ ശ്രീ നാരദന്റെ വചനത്താൽ ഭഗവദ്ധ്യാനത്തിൽ നിമഗ്നനായി. അദ്ദേഹം ധ്യാനത്തിൽ ഭഗവത് സ്വരൂപത്തേയും തച്ഛക്തിരൂപമായ മായയേയും തന്നിവൃത്തിസാധനമായ ഭക്തിയോഗത്തിന്റെ മഹിമയേയും കരതലാമലകംപോലെ ദർശിച്ചു.ഭക്തിയുടെ വിശ്വോത്തരമായ മഹിമയെ സുവ്യക്തമാക്കുവാൻ വേണ്ടി നിഗമ കല്പതരുവിന്റെ പരിപക്വഫലമായ ശ്രീമത് ഭാഗവതത്തെ ആ മഹാത്മാവ് നിർമ്മിച്ചു. ലോകാനുഗ്രഹ തത്പരനായ ആ മുനി, ജന്മനാ ജീവന്മുക്തനായി ഏകാന്ത സമാധിയിൽ ലയിച്ചു കൊണ്ട് സഞ്ചരിക്കുന്ന തന്റെ പുത്രനായ ശ്രീശുകന്റെ സമീപം പ്രാപിച്ചു ശ്രവണപുടങ്ങളിൽ അത് ഒഴിക്കുവാൻ തുടങ്ങി. ഒരിക്കൽ പാടിയപ്പോൾ തന്നെ സമാധിയിൽ ലയിച്ചിരുന്ന ആ ജീവന്മുക്തന്റെ ശരീരമാസകലം രോമാഞ്ചകഞ്ചുകിതമായി.ഒരിക്കൽ കൂടി പാടിയപ്പോൾ നേത്രങ്ങളിൽ നിന്നു ആനന്ദാശ്രുക്കൾ ധാരധാരയായി ഒഴുകുവാൻ തുടങ്ങി._*

           *_മൂന്നാമതും പാടിയപ്പോൾ സമാധിയിൽ നിന്നുണർന്നു ചാടി എഴുന്നേറ്റു.ഈ ആനന്ദലഹരിയുടെ കാരണമെന്തെന്നറിയാൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ആനന്ദമഗ്നനായി ഭഗവല്ലീലകൾ പാടിക്കൊണ്ടിരിക്കുന്ന പിതാവിനെയാണ് അപ്പോൾ കണ്ടത്. ആ ലീലാമൃതലഹരിയിൽ ആകൃഷ്ടനായി ആത്മാരാമനായ ജീവന്മുക്തനും അത് ഏറ്റു പാടുവാൻ തുടങ്ങി. ഇപ്രകാരം രണ്ടുപേരും ഒരേയിരിപ്പിൽ ഇരുന്നു കൊണ്ടു തന്നെ ആനന്ദനിമഗ്നരായി ശ്രീമത് ഭാഗവതം പാടിത്തീർന്നു. അവസാനത്തിൽ പിതാവ് പുത്രനെ നോക്കി ഇപ്രകാരം പറഞ്ഞു ;''ജീവന്മുക്തനായ നിനക്ക് സമാധി കൊണ്ട് ഇനി കാര്യമെന്ത് ?കോടി കണക്കിന് ആളുകൾ അജ്ഞാനസർപ്പദഷ്ടന്മാരായി കിടന്നു പിടയുന്നു. ഭഗവല്ലീലാമൃതത്തെ വർഷിച്ച് അവരെ രക്ഷിക്കൂ." ശ്രീ ശുകൻ കാരുണ്യപൂർണ്ണനായ പിതാവിന്റെ ആജ്ഞയെ ശിരസാവഹിച്ചു. അന്നുമുതൽ ആ പരമഭാഗവതൻ താപത്രയ പീഢിതന്മാരെ ഭാഗവതാമൃതവർഷത്താൽ തണുപ്പിക്കുവാൻ തുടങ്ങി._*

         *_ഭാരത യുദ്ധത്തിൽ കോടിക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അവശേഷിച്ചിരുന്ന പാഞ്ചാലീ പുത്രന്മാരേയും കോപാന്ധനായ അശ്വത്ഥാമാവ് ഉറക്കത്തിൽ നിഗ്രഹിച്ചു കളഞ്ഞു. ദുഃഖാർത്ഥയായ പാഞ്ചാലീ ദേവിയെ ആശ്വസിപ്പിക്കുവാൻ അർജ്ജുനൻ മുതലായവർ കഴിയുന്നതും ശ്രമിച്ചു. അവസാനം അർജ്ജുനൻ അശ്വത്ഥാമാവിനെ ബന്ധിച്ചു. ഭീമൻ ഉടൻ നിഗ്രഹിക്കണമെന്ന് വാദിച്ചു. പാഞ്ചാലിയും ധർമ്മപുത്രരും ഗുരു പുത്രനെ ഉടൻ വിടണമെന്നു നിർബന്ധിച്ചു. അർജ്ജുനൻ ഭഗവദാഭിപ്രായമറിഞ്ഞു മുടിയെല്ലാം വപനം ചെയ്ത് അശ്വത്ഥാമാവിനെ വിട്ടയച്ചു._*

                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: