സംസ്‌കാരവാഹിനി സംസ്‌കൃതം
Wednesday 14 August 2019 9:25 pm IST
ഭാരതത്തിന്റെ സാംസ്‌കാരികവും ആദ്ധ്യാത്മികവും ബൗദ്ധികവും സദാചാരപരവുമായ സമ്പത്തിന്റെ കലവറ സംസ്‌കൃതഭാഷയാണ്. ഭാരതത്തിന്റെ സാംസ്‌കാരിക ഔന്നത്യം മനസ്സിലാക്കണമെങ്കില്‍ സംസ്‌കാരവാഹിനിയായ സംസ്‌കൃതത്തെ അറിയുക തന്നെ വേണം. ഈ അറിവിന്റെ പ്രകാശത്തെ ആവാഹിച്ചുകൊണ്ട് മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ സംസ്‌കൃതം എന്ന കവിതയില്‍ ഇങ്ങനെ എഴുതി.
ഭാരത സംസ്‌കാരത്തിന്‍
ജീവനാഡികേ നിന്റെ
നീരുറവകള്‍ വറ്റാതിരിക്കും
കാലത്തോളം
എത്രയും ദരിദ്രമായ്
ദീനമായിരിക്കിലും
നിത്യവും സ്വര്‍ഗ്ഗത്തോടു
സല്ലപിക്കുമീരാജ്യം
വിവിധ ഭാഷകളും വേഷഭൂഷാദികളും ആഹാരക്രമങ്ങളും ഉള്ള ഒരു ജനതയെ ഏകതയുടെ പൊന്‍തൂവലില്‍ ഒരുമിപ്പിക്കുന്ന രക്ഷാബന്ധനദിനമായ ശ്രാവണപൗര്‍ണ്ണമി സംസ്‌കൃതദിനമായി തെരഞ്ഞെടുത്തത് സംസ്‌കൃതത്തിന്റെ ഈ ഏകീകരണശക്തിയെ മനസ്സിലാക്കിക്കൊണ്ടുതന്നെയാവണം.
സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയുടെ കരടുരേഖ ചര്‍ച്ചചെയ്യുവാന്‍ 1949 സെപ്റ്റംബര്‍ 12 ന് ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര്‍. അംബേദ്കര്‍ ഭാരതത്തിന്റെ ഔദ്യോഗികഭാഷ സംസ്‌കൃതമാവണമെന്ന് നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് വിവിധമതസ്ഥരായ 51 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ഒന്നരദിവസം നീണ്ടു. പണ്ഡിറ്റ് ലക്ഷ്മീകാന്ത് മൈത്ര അതിശക്തമായി സംസ്‌കൃതത്തിനുവേണ്ടി വാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
സംസ്‌കൃതം ഭാരതത്തിന്റെ ഭാഷയാണ് എന്നതിനെ നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക ? അത് ഭാരതീയ ഭാഷ എന്നതിനപ്പുറം നില്‍ക്കുന്ന വിശ്വഭാഷയാണ്. അതിന്റെ പ്രാധാന്യം, മഹത്വം, സമ്പത്ത്, സ്ഥാനം എന്നിവയെല്ലാം സംസ്‌കൃതത്തെ ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറം കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ആ ഭാഷ നല്‍കിയ സമ്പന്നമായ പാരമ്പര്യം കാരണമാണ് ലോകരാജ്യങ്ങള്‍ നമ്മെ ആദരവോടെ നോക്കുന്നത് ’
ബംഗാളിലെ മുസ്ലീം സംവരണ മണ്ഡലത്തില്‍നിന്നുള്ള നാസറുദ്ദീന്‍ അഹമ്മദ് സംസ്‌കൃതത്തിന് വേണ്ടി ഇങ്ങനെ പറഞ്ഞു:
സംസ്‌കൃതം ലോകത്തിലെ ഏറ്റവും മഹത്തായ ഭാഷയാണ്. മാത്രമല്ല സംസ്‌കൃതത്തെ രാഷ്ട്രഭാഷയാക്കുമ്പോള്‍ ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും നിഷ്പക്ഷമായ പ്രയാസം (ശാുമൃശേമഹ റശളളശരൗഹ്യേ) ഉണ്ടാവുമെന്നതിനാല്‍ ആര്‍ക്കും ആക്ഷേപത്തിന് വകയുണ്ടാവുകയില്ല. അന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന കേശ്കറും സംസ്‌കൃതത്തിന് വേണ്ടി ശക്തമായി വാദിക്കുകയുണ്ടായി. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് സംസ്‌കൃതം രാഷ്ട്രഭാഷാപദവിയില്‍ നിന്ന് പുറത്താവുകയും ഹിന്ദി ആ സ്ഥാനം കൈയടക്കുകയുമാണുണ്ടായത്. ഹിന്ദിഭാഷാ പ്രചാരണത്തിന് സഭകള്‍ ഉണ്ടാക്കി കോടികള്‍ ചെലവഴിച്ച് ഹിന്ദിയെ പ്രോത്സാഹിപ്പിച്ചവര്‍ രണ്ടുപതിറ്റാണ്ടോളം സംസ്‌കൃതത്തെ അവഗണിച്ച് രാജ്യം ഭരിച്ചു.
1969 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സംസ്‌കൃതദിനം ആചരിക്കുവാന്‍ തീരുമാനിക്കുകയും ശ്രാവണപൗര്‍ണ്ണമിദിനം അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അക്കാലത്ത് ആകാശവാണിയില്‍ സംസ്‌കൃതവാര്‍ത്താപ്രക്ഷേപണം ആരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാപീഠങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2000 ല്‍ അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സംസ്‌കൃതദിനം എന്നത് സംസ്‌കൃത സപ്താഹമായി മാറ്റുകയും രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും അനൗപചാരിക സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ തുടങ്ങുകയും രാജ്യത്തെ സംസ്‌കൃത പ്രേമികളുടെ സഹകരണത്തോടെ 2000 മാണ്ട് സംസ്‌കൃത വര്‍ഷമായി ആചരിക്കുകയും ചെയ്തു.

No comments:
Post a Comment