ചന്ദ്രയാന്‍: വേദകാലത്തെ ശാസ്ത്ര ഭാവന
Tuesday 30 July 2019 5:08 am IST
ചന്ദ്രയാന്‍ 2 ചന്ദ്രനിലിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വേദ കാലത്തെയും പുരാണങ്ങളിലെയും ലിഖിതങ്ങളുടെ വെളിച്ചത്തില്‍, ചാന്ദ്രപര്യവേക്ഷണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍
ജി. മാധവന്‍ നായര്‍ (ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍)
പുരാണങ്ങളിലെ പരാമര്‍ശങ്ങളില്‍ എല്ലാവരെയും അതിശയിപ്പിക്കുന്നത് പുഷ്പകവിമാനം എന്ന യന്ത്രമാണ്. കഥയില്‍, രാവണന്റെ സാങ്കേതികസഹായി ഉണ്ടാക്കിയ വിമാനമാണത്. വേറൊരുഭാഗത്ത് ആധുനിക റോക്കറ്റ് സംവിധാനത്തെക്കുറിച്ച് പറയുന്നുണ്ട്. അതിലും വിവരണമില്ല. സൂര്യനില്‍നിന്ന് ഊര്‍ജം എടുത്ത് വൈദ്യുതിയുണ്ടാക്കി, ഘനവാതകങ്ങള്‍ (ഹെവി ഗ്യാസസ്) അയണൈസ് ചെയ്ത് ഒരു നോബിലൂടെ പുറത്തേക്ക് വിടുമ്പോള്‍ ഉണ്ടാകുന്ന പുറംതള്ളല്‍ ശക്തിയില്‍ റോക്കറ്റിനു മുകളിലേക്കോ വശങ്ങളിലേക്കോ പോകാന്‍കഴിയും.
കണ്‍സപ്റ്റ് (വിഭാവന) വച്ച് നോക്കുമ്പോള്‍ ചന്ദ്രയാന്റെ ലാന്‍ഡര്‍ ഏകദേശം അതേരീതിയിലാണ്. ചന്ദ്രനില്‍ വായുവില്ല. അപ്പോള്‍ പ്രൊപ്പല്ലറോ ജെറ്റോ പറ്റില്ല. ചെറിയൊരു റോക്കറ്റ് എഞ്ചിന്‍ അതിന്റെ ത്രസ്റ്റ് കണ്‍ട്രോള്‍ ചെയ്താണ് അതിനെ ഫ്‌ളോട്ട് ചെയ്യാന്‍ തയ്യാറാക്കുന്നത്. പഴയ സങ്കല്‍പ്പം ഇതില്‍നിന്ന് വ്യത്യസ്തമല്ല. പക്ഷേ അന്ന് വൈദ്യുതിയൊന്നുമില്ലാത്ത കാലത്ത് എങ്ങനെയാണ് അയണൈസ് ചെയ്യാനൊക്കെ പറ്റിയത്! ഇന്നിപ്പോള്‍ ഡീപ്പ് സ്പേസ് ട്രാവലിനുവേണ്ടി നമ്മള്‍ റോക്കറ്റ് ഉപയോഗിച്ചാല്‍ ഈ തത്വം ഉപയോഗിക്കേണ്ടിവരും.
ഇനി ചൊവ്വയിലോ ശനിയിലോ അതിനും മുകളിലോ പോകണമെങ്കില്‍ അത്രയും ഊര്‍ജം കൊണ്ടുപോകാനാവില്ല. സൗരോര്‍ജം പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കേണ്ടിവരും. അതിന് പഠനം നടക്കുന്നു. ഉപഗ്രഹങ്ങളില്‍ വളരെചെറിയ മൈക്രോസിസ്റ്റംസ് പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച്, സിയോണ്‍ വാതകം അയണൈസ് ചെയ്ത് അതുവഴിയാണ്. പഴയ ഗ്രന്ഥങ്ങളില്‍ പറയുന്ന തത്ത്വപ്രകാരമാണ്.
പക്ഷേ അന്ന് ഇത് ചെയ്തിട്ടുണ്ടോ എന്നതിന് തെളിവില്ല. അതിനാല്‍ ഒരു ശാസ്ത്ര ഭാവനയായേ കണക്കിലെടുക്കാന്‍ പറ്റൂ. ആധുനിക ശാസ്ത്രത്തിന്റെ കാര്യം എടുത്താല്‍ ഐന്‍സ്റ്റീന്‍ 1910ന് മുമ്പാണ് സിദ്ധാന്തങ്ങള്‍ കൊണ്ടുവന്നത്. പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ് അത് ശാസ്ത്രമായി തെളിയിക്കപ്പെട്ടത്. അപ്പോള്‍ നമ്മുടെ ഋഷിവര്യന്മാര്‍ അവരുടെ ആറാം ഇന്ദ്രിയം ഉപയോഗിച്ച് കണ്ടെത്തിയ അറിവുകള്‍ നമുക്ക് നല്‍കിയതാണ്.
രാമായണത്തില്‍, ഒരമ്പു പലതായി വിഘടിച്ച് പല ലക്ഷ്യത്തില്‍ തറച്ചതായി വിവരിക്കുന്നുണ്ട്. ആധുനിക ടെക്നോളജി വച്ച് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വെഹിക്കിള്‍ ഉണ്ട്. ഒരു റോക്കറ്റ് അയക്കുക. അതിന്റെ മുകളില്‍ അരഡസന്‍ ആണവായുധം ഉണ്ടാവും. അത് ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ പലതായി പലയിടങ്ങളില്‍ പതിക്കും. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇതുണ്ട്. നമുക്കും സാധ്യമായി വരുന്നുണ്ട്. എന്നാല്‍ അസ്ത്രം വച്ച് എങ്ങനെ ഇത് ചെയ്യാനാവും? ആ ഭാവനയാണ് പ്രധാനം. ആഗ്‌നേയാസ്ത്രം ബ്രഹ്മാസ്ത്രം എന്നൊക്കെ പറയുന്നുണ്ട്. നമ്മുടെ പ്രതിരോധ ആയുധങ്ങള്‍ ആ സങ്കല്‍പ്പത്തിലുള്ളതാണ്.
ഇത്തരം വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഇന്ത്യയില്‍ വേണ്ടത്ര പഠനം നടക്കുന്നില്ല. അടുത്തകാലത്ത് ചില ഊന്നല്‍ വന്നിട്ടുണ്ട്. പഴയ താളിയോലകള്‍ വിശകലനംചെയ്ത് പഠനം നടക്കുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യകാലത്ത് പല ഗ്രന്ഥങ്ങളും കടത്തിക്കൊണ്ടുപോയി. ജര്‍മന്‍കാരാണ് കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ഇന്ത്യയില്‍ അത്തരം കാര്യങ്ങള്‍ പഠിക്കാന്‍ സംവിധാനമുണ്ടാകണം. പഴയകാലത്ത് ഉണ്ടായിരുന്നവ സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠനം നടക്കുന്നു. വിദേശ അധിനിവേശങ്ങളില്‍ അവരുടെ അടിമത്തത്തിലായപ്പോള്‍ സ്വയം ചിന്തിക്കാതെ അവര്‍ക്കടിമകളായി. യൂറോപ്യന്‍ രാജ്യങ്ങള്‍ തന്ന വിവരങ്ങള്‍ വിനിയോഗിക്കാന്‍ ശീലിച്ചുപോയി. സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് നാം പിന്നിലായി.
സ്വാതന്ത്ര്യാനന്തരം പല നേട്ടങ്ങളും ഈ രംഗത്ത് ഉണ്ടായി. നെഹ്റുവിന്റെ കാലത്ത് ഈ മേഖലയില്‍ ധാരാളം സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ടായി. ഇന്നിപ്പോള്‍ നമുക്ക് അണുബോംബ് വരെ ഉണ്ടായിക്കഴിഞ്ഞു. അതുപയോഗിച്ച് വൈദ്യുതി, മെഡിക്കല്‍ ഗവേഷണം, കാര്‍ഷിക വൃത്തി തുടങ്ങിയവയ്ക്ക് ഉപയോഗിക്കാനായി. 20 വര്‍ഷം വൈകിയാണ് നമ്മള്‍ തുടങ്ങിയതെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനുള്ള ശക്തിയായി. ഏതാണ്ട് എല്ലാ മേഖലയിലും പഴയ ഇന്ത്യയുടെ നിലവാരത്തിലെത്താന്‍ കഴിഞ്ഞു. വേദകാലത്തും പുരാണകാലത്തും ഇന്ത്യ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ പഴയ പ്രതാപം പറഞ്ഞ് വെറുതെ ഇരിക്കാനാവില്ല.
ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാനാവില്ല. ഇപ്പോള്‍ ചന്ദ്രയാന്‍ രണ്ട് വിജയിച്ചു. ചില പ്രമുഖരുടെ പേരുമാത്രമാണ് നമ്മള്‍ അറിയുന്നത്. എന്നാല്‍ ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള പഠന ഗവേഷണങ്ങളാണ് നമുക്ക് വേണ്ടത്. ഇന്ന് പക്ഷേ, അവിടുന്നും ഇവിടുന്നും വായിച്ചറിഞ്ഞ്, കറക്കിക്കുത്തി ഉത്തരം എഴുതി യോഗ്യത നേടുന്ന രീതിയാണ്. അതുകൊണ്ട് യഥാര്‍ത്ഥ നേട്ടം സാധിക്കില്ല. പുതിയത് കണ്ടെത്താനുള്ള ഒരുപാട് വിഷയങ്ങളുണ്ട്. ഗവേഷണം ചെയ്യാനുള്ള താല്‍പ്പര്യം പുതിയ തലമുറ കാണിച്ചാല്‍ കൂടുതല്‍ നേട്ടം രാജ്യത്തിനുണ്ടാക്കാം.
രാമായണത്തില്‍ സേതുബന്ധനത്തെക്കുറിച്ച് പറയുന്നുണ്ട്. അത് വാസ്തവമാണ്. നാസ ഗവേഷണത്തില്‍ സേതു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ഉപഗ്രഹങ്ങളും ചിത്രം എടുത്തിട്ടുണ്ട്. സേതുബന്ധനത്തില്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലിനെക്കുറിച്ചു പറയുന്നു. വൈമാനിക ശാസ്ത്രത്തില്‍ പറയുന്നു, ചില ചെടികളുടെ നീരും ലോഹവും ചേര്‍ത്ത് വെള്ളത്തിനേക്കാള്‍ സാന്ദ്രത കുറഞ്ഞ ലോഹം ഉണ്ടാക്കാമെന്ന്. പരീക്ഷിച്ച് നോക്കേണ്ടതാണ്. ഇത്തരം പുതിയ ആശയങ്ങള്‍ അതിലൊക്കെയുണ്ട്. ഒരു വിമാനം അല്ലെങ്കില്‍ റോക്കറ്റ് ഉണ്ടാക്കാന്‍ കനംകുറഞ്ഞ, കട്ടികൂടിയ ലോഹമാണ് വേണ്ടത്. പൂനെയിലെ ഒരു സര്‍വകലാശാല പരിശ്രമം നടത്തി. ഒരു ലോഹം കണ്ടെത്തി. ഇനി അതിന്റെ ഘടന വേര്‍തിരിക്കാനും വന്‍തോതില്‍ ഉണ്ടാക്കാനും കഴിയണം. കുറേയെറെ ദൂരം പോകാനുണ്ട്.
ചന്ദ്രയാന്‍ ഒന്നില്‍ കണ്ടെത്തിയതനുസരിച്ച് വെള്ളം ഐസ് കട്ടകളായി ചന്ദ്രന്റെ ദക്ഷിണ, ഉത്തര ധ്രൂവങ്ങളിലാണ് ഉള്ളത്. ദക്ഷിണ ധ്രൂവത്തിലെ സ്ഥിതിയാണ് കൂടുതല്‍ അനുഗുണം. സൂര്യപ്രകാശം ഏറെസമയം അവിടെ പതിക്കുന്നില്ല. വലിയ തണുപ്പാണ്, മൈനസ് നൂറ്റിയിരുപത് ഡിഗ്രി. വെള്ളമുണ്ടെങ്കില്‍ ഐസായി അവിടെയുണ്ടാകും. ഭാവിയില്‍ ചന്ദ്രനില്‍ ഇന്ത്യ ഒരു സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവിടമാണ് യോജ്യം. അതുകൊണ്ടാണ് ചന്ദ്രയാന്‍ രണ്ട് ദക്ഷിണ-ഉത്തരഭാഗത്തേക്ക് ലക്ഷ്യം വച്ചത്.
(രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തില്‍നിന്ന് - തയ്യാറാക്കിയത് കാവാലം ശശികുമാര്‍)
No comments:
Post a Comment