Thursday, February 27, 2020

*കൈലാസനാഥൻ -  എപ്പിസോഡ് - 180*


==========================

പരമശിവന്റെ കൈലാസം


ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. അദ്ദേഹം തന്റെ പത്നിയായ ശ്രീ പാർവതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവതം .
വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നുംസ്ഫടികം,രത്നം,സ്വർണം,വൈഡൂര്യം  എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പരാമർശിക്കുന്നു.
കൈലാസം  എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ് 
സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. ഏഷ്യയിലെ  നീളം കൂടിയ നദികളായ സത്‌ലജ് ,ബ്രഹ്മപുത്ര,കർണാലി  തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ, ഹിന്ദു. ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് ഇത്.
കൈലാസപർവ്വതത്തിനടുതായി മനസസരോവരവും  രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദില്ലിയിൽ  നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
എല്ലാവർഷവും ആയിരക്കണക്കിനു തിർത്ഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു.ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ ഈ തിർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു.
ഹിന്ദു-ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ,ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു.
പക്ഷെ ഈ രീതിയിൽ വലയംവയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്‌.ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക് 52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ.ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു.അതിനുശേഷം കുറച്ചു തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.
കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല.1926ൽ ഹഗ്‌ററ്റായ് ലഡ്‌ജ്‌  കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട് വടക്കുഭാഗം 6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീടു 1936ൽ ഹെർബെർട് ടിച്ചി എന്ന പർവ്വതാരോഹകൻ കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ പല സ്ഥലത്തുനിന്നും അദ്ദേഹത്തിനു ലഭിച്ച ഉത്തരം “സർവ്വ സംഘപരിത്യാഗിയായ ഋഷികൾക്ക് മാത്രമേ കൈലാസപർവ്വതം കീഴടക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു” 


ഒരുനാൾ വൈശ്രവണൻ മഹാദേവനെ കാണാൻ കൈലാസത്തിൽ പോയി.

പോയതിന്റെ ഉദ്ദേശം
താൻ വലിയ പൈസക്കരൻ ആണെന്നുള്ള ഗൗരവം കാണിക്കണം എന്ന ഉദ്ദേശം
ആണ് ഉണ്ടായിരുന്നത് ..

സാക്ഷാൽ മായാദേവിയുടെ പതിയായ ഇശ്വരന് വൈശ്രവണന്റെ മനസിലിരുപ്പ് മനസ്സിൽ ആകാൻ ഡോക്ടറേറ്റ് ഒന്നും വേണ്ട എന്ന് ഉള്ള കാര്യം മനസിലാക്കാൻ വൈശ്രവണനും കഴിഞ്ഞില്ല

കൈലാസത്തിൽ വിരുന്നുവന്ന വൈശ്രവണന് സാക്ഷാൽ അന്നപൂർണേശ്വരിയും ഉത്തമ കുടുബിനിയും ആയ പാർവതീദേവി തന്നെ വിരുന്ന് ഒരുക്കി.

അതിഥിസത്കാരത്തിൽ അസൂയ തോന്നിയ വൈശ്രവണൻ ഇതിനേക്കാൾ നല്ലരു സദ്യ ഈശ്വരനും ദേവിക്കും കൊടുക്കണം എന്ന് മനസിൽ തീരുമാനിക്കുന്നു

അങ്ങനെ കൈലാസത്തിൽനിന്നും പോകുമ്പോൾ വൈശ്രവണൻ ഇശ്വരനെയും ദേവി പർവതിയെയും തന്റെ കൊട്ടാരം ആയ അളകാപുരിയിലേക്ക് വിരുന്നിന് ക്ഷണിച്ചു

വൈശ്രവണന്റെ ക്ഷണം തന്ത്രപൂർവം നിരസിച്ച മഹാദേവൻ ഒരു നിർദേശവും മുന്നോട്ട് വച്ചു

""ഏതായാലും വൈശ്രവണൻ സ്നേഹപൂർവം വിരുന്നിന് വിളിച്ചിട്ട് വരാതിരുക്കുന്നത് ശെരിയല്ലലോ .. മൂത്തമകൻ ഗണപതിയെ വിരുന്നിന് അയയ്ക്കാം എന്ന നിർദ്ദേശം ഈശ്വരൻ മുന്നോട്ട് വച്ചു.""

വൈശ്രവണൻ അഹംഭാവത്തിന്റെ കൊടുമുടിയിൽ ആയതിനാൽ ചിന്തിച്ചു

""ച്ഛ... ഈ പയ്യനെ കൊണ്ടുപോയി എന്റെ ഗൗരവം എന്ത് കാണിക്കാൻ ആണ് .. എന്റെ മുന്നിൽ കടുകിന്റെ അത്രപോലും ഇല്ലാത്ത ഈ ചെക്കന് എന്റെ ഗൗരവം വല്ലോം മനസിലാക്കുമോ ആവോ... ""

എന്നാലും മഹാദേവൻ പറഞ്ഞതല്ലെ ആയിക്കോട്ടെ ഗണപതി വരട്ടെ എന്നായി.. ഈശ്വരനും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ഈ വൈശ്രവണന്റെ നിലവിളി ശബ്ദം ഉടൻ കേൾക്കേണ്ടി വരുമല്ലോ എന്ന് ഓർത്ത്....

അങ്ങനെ സർവ്വ ഭൂതങ്ങളുടെയും നാഥൻ ഗണപതി വൈശ്രവണന്ന് ഒപ്പം വിരുന്നിന് പോയി .. അളകാപുരിയിലേക്ക്..

വൈശ്രവണന് കേട്ടിട്ടുണ്ട് ഗണപതി ആഹാരപ്രിയൻ ആണ് എന്ന് ആയതിനാൽ 100 പേർക്ക് ഉള്ള ഗംഭിരം ആയ സദ്യയാണ് ഒരുക്കിയത്..

വിരുന്ന് തുടങ്ങി ഒരു മാത്രാ പോലും വേണ്ടിവന്നില്ല. 100 പേർക്കുള്ള സദ്യ ഓംകാര പൊരുളും ഭൂതനായകനും ആയ ഗണപതിക്ക്‌.. കഴിച്ചുതീർക്കാൻ..

ഗണപതി ചോദിച്ചു വൈശ്രവണനോട് എനിക്ക് വിശക്കുന്നു വയറു നിറയെ ഭക്ഷണം തരാം എന്ന് വിളിച്ചിട്ട് ഇപ്പോൾ എന്താ വൈശ്രവണ പാചകം ചെയ്ത ഭക്ഷണം തിർന്നു പോയെന്നോ?? ശെരി സാരമില്ല പാചകം ചെയ്യാത്തത് കൊണ്ട് വരൂ എന്നായി ഗണപതി... .

പാചകം ചെയ്യാത്ത പച്ചകറികളും മസാലകളും എല്ലാം ഭക്ഷിച്ചു അതുകഴിഞ്ഞു വൈശ്രവണന്റെ അടുക്കളയിൽപത്രങ്ങളും തിന്നു തീർത്തു അടുത്തത് അളകാപുരിയിൽ ഉള്ള ആൾക്കാരെ എന്ന് തിരിച്ചറിഞ്ഞ വൈശ്രവണൻ ഈശ്വരന്റെ അടുത്തേക്ക് ഓടി..

പിന്നാലെ ഗണപതിയും..

കൈലാസത്തിൽ എത്തി തന്റെ അഹംഭാവത്തിന് മാപ്പ് നൽകണം എന്ന് അപേക്ഷിച്ചു. അങ്ങനെ വിശപ്പ് കാരണം ഓടിവരുന്ന ഗണപതിക്ക്‌ ദേവി പാർവതിയുടെ കൈയിൽ നിന്നും മോദകം വാങ്ങി ഗണേശന് കൊടുക്കുകയും മോദകം കഴിച്ച ഗണപതിയുടെ വിശപ്പ് മാറുകയും ഒപ്പം വൈശ്രവണന്റെ അഹംഭാവവും....

എന്താണ് ഈ കഥയുടെ തത്വമെന്നാൽ വൈശ്രവണൻ എന്നാൽ മനുഷന്റെ അടങ്ങാത്ത ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും ആണ്..

ഗണപതിയെ എല്ലാ ഭൂതങ്ങളുടെയും നാഥനായി ഈ കഥയിൽ അർഥം ആക്കുന്നു ?

അഞ്ച് ഇദ്രിയങ്ങൾ ഉള്ള സസ്തിനികളിൽ ഏറ്റവും ചെറുതായ ചുണ്ടെലി മുതൽ വലുതായ ആന വരെ ഉള്ള ഭൂതങ്ങളും അഞ്ച് ഇന്ദ്രിയങ്ങൾക്ക്.. താഴോട്ടുള്ള ഭൂതഗണങ്ങളുടെ പതി ആയി ഈ കഥയിൽ ഗണപതി എന്ന നാമത്താൽ അർത്ഥം ആക്കുന്നു..

ഭൂവനത്തിലെ എല്ലാ ഭൂതങ്ങൾക്കും ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും.. ഒരിക്കലും അടങ്ങാത്ത വിശപ്പ് പോലെ ആണ്

പത്തു കിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും അങ്ങനെ ആഗ്രഹങ്ങൾ അടങ്ങുകയും ഇല്ല ഭൂതങ്ങൾക്ക് ..

എങ്ങനെ ഈ ഭോഗസംസ്ക്കാരം ആയ അടങ്ങാത്ത വിശപ്പ് ഇല്ലാതാകാണാം എങ്കിൽ

വിവേചന ബുദ്ധി ഉള്ള മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ് ഭക്തി ഉണ്ടാകി എടുക്കുക എന്നുള്ളത്

ഗണപതി മോദകം കഴിച്ചപ്പോൾ വിശപ്പ് തിർന്നു എന്നത് കൊണ്ട് അർത്ഥം ആക്കുന്നത് .. മോദകത്തിന് പുറത്തുള്ള ഉപ്പ്‌ രസമുള്ള ( സുഖ. ദുഃഖ ) ഭോഗസംസ്ക്കാരം മാറ്റി മോദകത്തിന്റെ ഉള്ളിലെ മധുരം എന്നപോലെ.. സൂക്ഷ്മശരീരത്തിലെ ഭക്തിയുടെ ആനന്ദം നുകരുമ്പോൾ മാത്രമേ ഭോഗസംസ്ക്കാരത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര മാറിക്കിട്ടുള്ളു എന്നതാണ് ഈ കഥയിലെ തത്വാർത്ഥം.

ശിവം എന്നാല്‍ സര്‍വ്വവിധമായ ഐശ്വര്യങ്ങള്‍ നല്‍കലെന്നര്‍ത്ഥം. ശിവകരം- ഐശ്വര്യങ്ങളെ ല്ലാത്തിനും കാരണക്കാരന്‍ എന്നും ശാന്തരൂപനെന്നും ഐശ്വര്യങ്ങളെല്ലാം നിറഞ്ഞവനെന്നും ഐശ്വര്യങ്ങളെല്ലാം പകര്‍ന്നുകൊടുക്കുന്നതില്‍ അത്യുദാത്തസ്ഥാനം അലങ്കരിക്കുന്നവനെന്നും ആയ സര്‍വ്വമംഗളദായകനെ പ്രണമിക്കുന്നവനെന്നര്‍ത്ഥം. ശിവനെ ആരാധിക്കുന്നതിലൂടെ സര്‍വാരാദ്ധ്യതയും ഓരോപ്രാണനും തേടുന്നു. ദിവസവും ശിവനാമം ജപിക്കുന്നവന്‍ സര്‍വ്വ ദുഃ ഖങ്ങളില്‍നിന്നും കരകയരുന്നു.
പഞ്ചാക്ഷരം
നിത്യസത്യമായ പഞ്ചാക്ഷരം സങ്കടങ്ങളെല്ലാം പരിഹരിക്കുന്നു. നമഃശിവായ ശ്രീപരമേശ്വരന്‍ എപ്പോഴും ഉള്ളത്തിലിരുന്ന് പ്രകാശം വ്യാപിപ്പിക്കുന്നു. ലോകൈകനാഥനായ മഹാദേവന്‍ പരിശുദ്ധനും സകലജീവികളുടേയും ചൈതന്യം പ്രകാശിപ്പിക്കുന്നവനുമാണ്. ദേവദേവനായ അദ്ദേഹം എന്തു കര്‍മ്മം ചെയ്താല്‍ പ്രസാദിക്കും ? നാമസങ്കീര്‍ത്തനം, ധ്യാനം, അര്‍ച്ചനം, പ്രദക്ഷിണം എന്നിവ ചന്ദ്രചൂഡ പ്രീതിക്ക് അത്യന്താപേക്ഷിതമാണ് ഇവയേക്കാള്‍ ആയിരമിരട്ടി ഗുണമുള്ളതാണ് പാര്‍വതീ വല്ലഭന്റെ കഥകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നത്.

ശിവജനനം


ബ്രഹ്മ പ്രളയകാലത്ത് സര്‍വത്ര ജലം. ആദിപുരുഷനായ മഹാവിഷ്ണു ഒരാലിലയില്‍ ശയിക്കുന്നു. തന്റെ നാഭീ പത്മത്തില്‍നിന്ന് ഒരു സൃഷ്ടിയാണ് ബ്രഹ്മാവ് . ബ്രഹ്മാവ് എന്നാല്‍ നാലു ഭാഗത്തും നിറഞ്ഞിരിക്കുന്ന അറിവ്. അതുകൊണ്ട് ചതുര്‍മുഖനെന്നും പറയാം. ചതുര്‍വേദങ്ങളാണവ. ഈ അറിവ് ലോകം മുഴുവന്‍വ്യാപിക്കുവാന്‍ അദ്ദേഹത്തിന്റെ മനസ്സില്‍നിന്നും (മനസ്സാണ് മഹത്വത്തിന്റെ ഉറവിടം. )നാലുപേരെ സൃഷ്ടിച്ചു. സനകന്‍, സനാതനന്‍, സനല്‍ക്കുമാരന്‍ സനന്ദനന്‍ അവരോട് സൃഷ്ടിചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭഗവത് മഹിമകള്‍ പാടിനടക്കാനല്ലാതെ സൃഷ്ടിക്ക് താല്‍പ്പര്യമില്ലെന്നറിയിച്ചു. ബ്രഹ്മാവിന്റെ ആജ്ഞയെ ധിക്കരിച്ചതില്‍ കോപം ഉണ്ടായി.
എങ്കിലും അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തില്‍നിന്നും മൃഡന്‍ എന്നശിവ സംഭൂതനായ രുദ്രന്‍ ജനിച്ചു. ആരുദ്രനാണ് ശിവജന്മം. രുദ്രന് വിഭിന്ന രൂപങ്ങളുണ്ടായി ഏകാദശ രുദ്രന്‍ എന്നറിയപ്പെടുന്ന വരാണ് അവര്‍. മനു, മന്യു മഹാദേവന്‍ മഹാദേവന്‍ മഹാദേവന്‍ മഹാന്‍, ശിവന്‍, ഋതദധ്വജന്‍, ഉരുരേതസ്സ്, ഭവന്‍, കാലന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിവരാണവര്‍.
അവര്‍ക്കായി കന്യകമാരായി ധീ, വൃത്തി, അശന, ഉമ, നിയുത്ത്, സര്‍പ്പസു, ഇഡ, അംബിക, ഇവരാവതി, ദീക്ഷ, തുടങ്ങിയവരെ സൃഷ്ടിച്ച് പത്‌നിമാരായി നല്‍കിയെന്നും ശിവമാഹാത്മ്യത്തില്‍ പറയുന്നു.
ഭരതധര്‍മ്മത്തിന്റെ പ്രശോഭ
ഭാരതത്തില്‍ വിവിധ ജാതികള്‍ മതങ്ങള്‍ വേഷങ്ങള്‍ ഭാഷകള്‍ ആചാരങ്ങള്‍ എന്നിങ്ങനെ അനവധി ഭിന്നതകള്‍കാണാം. ഈഭിന്നതകളില്‍ നാമെല്ലാം ഭാരതീയരെന്ന ഏകഭാവം ശിവതത്ത്വത്തില്‍ സര്‍വ ശോഭയോടെ വിലസുന്നു. പിതാവായ ശിവന്റെ കൂടെ വൈരുദ്ധ്യശക്തികളെ കാണാം. അച്ഛന്റെ ആഭരണങ്ങളായ സര്‍പ്പം മകന്‍ സുബ്രഹ്മണ്യന്റെ വാഹനമായ മയിലിന്റെ ഭക്ഷണമാണ്. മറ്റൊരു മകനായ ഗണപതിയുടെ വാഹനമായ മൂഷികനെ ശിവാഭരണമായ പാമ്പും ഭക്ഷിക്കും. എന്നാല്‍ ആകുടുംബത്തില്‍ എല്ലാവരും ഐക്യത്തോടെ ഒന്നിച്ചു ജീവിക്കുന്നു. ഏതു വിപരീത ഭാവങ്ങളേയും അനുനയിപ്പിക്കാന്‍ ഈകുടും ബ മഹിമ മാതൃകതന്നെ.
പ്രകൃതി തന്നെ പ്രധാനം
ജലത്തെ ജടയില്‍ ധരിക്കുന്നു, ജടയും വള്ളിപ്പടര്‍പ്പുകള്‍ തന്നെ. ഭസ്മവും പറ്റിയ കൃഷിസാധനം. നമസ്‌ക്കാരത്തെ കൃഷിചെയ്യുന്നു. . ആനത്തോലും പുലിത്തോലും ഉത്തമം. അവയും പ്രകൃതിയുടെ പ്രധാന വരദാനങ്ങള്‍. ശിവനില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ പ്രദീപ്തമായിക്കാണാം.
 

ശിവതത്വം ആത്മതത്വമാണ്, ഈ പ്രപഞ്ചതത്വമാണ്. അത് കേവലം ദേവതാഭാവത്തിൽ നിന്നും എത്രയോ ഔന്നത്യത്തിൽ നിൽക്കുന്ന മഹാതത്വമാണ്. ശിവതത്വമറിഞ്ഞവൻ ശിവനു തുല്യമെന്നാണ് ജ്ഞാനികൾ അഭിപ്രായപ്പെടുന്നത്. അഥവാ ശിവതത്വമറിയുന്നവൻ ശിവൻ മാത്രമെന്നും പണ്ഡിതർ!
തന്റെ വാമോത്സുംഗസ്ഥിതയായ ആദിപരാശക്തി, ശ്രീപാർവ്വതിയോടൊപ്പം സർവ്വചരാചരങ്ങൾക്കും ആധാരമായി, നിത്യാനന്ദസ്വരൂപനും, സാമഗാനലോലനുമായി, നിസ്സംഗഭാവത്തിൽ, നിർമ്മുക്തനായി ധ്യാനചേതനയോടെ ഈ വിശ്വത്തിന്റെ സർവ്വനാഡീസ്പന്ദനങ്ങളിലും ഊർജ്ജമായി നിറയുന്ന പരമാത്മതത്വം! ആ തത്വസാക്ഷാത്കാരം പകർന്നു നൽകുന്ന ആനന്ദവും, അനുഭൂതിയും അവർണ്ണനീയമാണ്. അതറിയണമെന്ന അദമ്യമായ ആഗ്രഹമുദിക്കുക പോലും മഹാഭാഗ്യവും. അങ്ങനെ സർവ്വാന്തര്യാമിയായ പരം‌പുരുഷനും, പ്രപഞ്ചാധാരമായ ആദിപരാശക്തിയും – ഓം‌കാരസ്വരൂപനായ ശ്രീമഹാദേവനും, ഹ്രീം‌കാരസ്വരൂപിണിയായ ആദിപരാശക്തിയും ചേർന്ന് സർവ്വപ്രപഞ്ചത്തിന്റെയും സന്തുലിതാവസ്ഥയ്ക്കു നിദാനമായി, മനസ്സെന്ന രംഗമണ്ഡപത്തിൽ ആനന്ദനൃത്തം ചെയ്യുന്ന മഹാദിനമെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്.
ഐതിഹ്യങ്ങൾക്കും, വിശ്വാസങ്ങൾക്കുമപ്പുറമുളള അനുഭൂതിതലം തന്നെയാണ് ഓരോ ഭക്തനും, ശിവരാത്രിവ്രതത്തിലൂടെ കൈവരുന്നത്. ശിവൻ എന്ന സങ്കൽപ്പം ഈ അണ്ഡകടാഹം തന്നെയെന്ന് പണ്ഡിതമതം. ഭഗവാന്റെ ശരീരമാണത്രേ ഈ കാണായതെല്ലാം. ധർമ്മച്യുതിയാലോ, കർമ്മദോഷങ്ങളാലോ ഈ പ്രപഞ്ചത്തിൽ പടരുന്ന സർവ്വവിധ വിഷങ്ങളേയും ഉജ്ജ്വലമായ സാധനാബലത്താൽ, ഈ പ്രപഞ്ചദേഹത്തിൽത്തന്നെ ഘനീഭവിപ്പിക്കുക, അഥവാ നിഷ്പ്രഭമാക്കുക എന്ന സങ്കൽപ്പം കൂടി ശിവരാത്രിവ്രതത്തിലൂടെ സാദ്ധ്യമാകുന്നുണ്ട്. ദേഹത്തിലെ അഷ്ടദോഷങ്ങളാകുന്ന ഹാലാഹലം നിഷ്ക്രിയമാകുമ്പോൾ ഉടലെടുക്കുന്ന പരമാനന്ദം; അതു മനസ്സിനെ ആനന്ദനൃത്തം ചവുട്ടിക്കുന്നു. അതത്രേ സാക്ഷാൽ താണ്ഡവം… ത്ധകത്ധക ധിമിദ്ധിമിയെന്ന ചടുലതാളം, ആ ശൈവതാളത്തിന്റെ മാന്ത്രികസ്പന്ദങ്ങൾ തന്നെയല്ലേ ഈ കാണായ പ്രപഞ്ചത്തിന്റെ മുഴുവൻ ചലനങ്ങളുടെയും ആകെയുളള താളം? സ്വന്തം ഹൃദയത്തുടിപ്പുകൾക്കു കാതോർക്കൂ… ആ താളം, അത് സാക്ഷാൽ താണ്ഡവത്തിന്റെ താളം തന്നെയല്ലേ?
108 നൃത്തസങ്കേതങ്ങൾക്കും, 64 കലകൾക്കും അധിപനായ ശ്രീമഹാദേവന്റെ കലയും, ഭഗവാൻ ചമച്ച കാവ്യവുമത്രേ ഈ ലോകമൊന്നാകെ. സർവ്വസങ്കടഹരന്റെ സമ്മോഹനനാട്യഭംഗിയിൽ ലയിച്ചു ചേരാത്തതെന്താണുളളത്? ഢമരുവും തൃശൂലവുമേന്തി, ജടാഭാരമഴിച്ച് ആനന്ദനൃത്തമാടുന്ന പരം‌പുരുഷൻ എന്ന സങ്കൽപ്പം തന്നെ എത്ര മനോഹരമാണ്. ആ സ്മരണ പോലും എത്ര ആനന്ദദായകമാണ്. ഈ ഭൂമിയിൽ മറ്റേതൊന്നു കൊണ്ടും തുലനം ചെയ്യാനാവാത്ത ആത്മാനന്ദത്തിന്റെ ഉറവിടം തന്നെ സ്വയം ആനന്ദനൃത്തം ചവിട്ടുമ്പോൾ അവന്റെ ശരീരാംഗങ്ങളായ ഈ പ്രപഞ്ചമൊന്നാകെ ആനന്ദത്തിൽ ലയിക്കുന്നുവെന്ന മഹാസങ്കൽപ്പത്തെ ഇത്ര ലളിതസുന്ദരമായി ആശ്ലേഷിക്കാൻ കഴിയുന്ന മറ്റേതൊരു സാധനാപദ്ധതിയാണുളളത്? അതുകൊണ്ടൊക്കെയാവാം ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രിയെന്ന് അനുഭവസ്ഥർ വിളംബരം ചെയ്യുന്നത്.
ഇരുമ്പുതളയിട്ട ഇടംകാലും, പ്രളയാഗ്നിയും, തൃശൂലവും, പ്രപഞ്ചനിദാനമായ ഢമരുവുമേന്തിയ നാഗേന്ദ്രഹാരന്റെ ആനന്ദനൃത്തം, നൃത്തച്ചുവടുകൾക്കനുസൃതമായി വിരിഞ്ഞ മാറിടത്തിൽ താളസൗന്ദര്യം ചമയ്ക്കുന്ന രുദ്രാക്ഷസമൂഹം, സർവ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്തിയ തേജോമയരൂപം, ആ വിശ്വപൗരുഷത്തിന്റെ ഭ്രൂമദ്ധ്യത്തിൽ തേജോരൂപിണിയായി, ബിന്ദുസ്വരൂപത്തിൽ വർത്തിക്കുന്ന ആദിപരാശക്തി ആ നൃത്തരൂപത്തിൽ എല്ലാമടങ്ങുന്നു… അതിൽ നിന്നു വിഭിന്നമായി, ആ താളപ്രമാണങ്ങളിൽനിന്നു മാറി മറ്റൊന്നില്ല തന്നെ…

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍,

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

മനസ്സ്; ബുദ്ധി, ബോധം അഥവാ Mind, Intellect, Consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയണം.

മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.

മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്‌ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.

സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..,

പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.

കാരിക്കോട്ടമ്മ 25- 02 - 20 

No comments: