Sunday, February 23, 2020


ഭാഗവതം നിത്യപാരായണം

കുന്തിയുടെ ഭഗവത് ശരണാഗതി – ഭാഗവതം (8)

October 26, 2009
വിപദസ്സന്തു നശ്ശശ്വത്തത്ര തത്ര ജഗദ്ഗുരോ!
ഭവതോ ദര്‍ശനം യത്‌ സ്യാദപുനര്‍ഭവദര്‍ശനം (1-8-25)
സൂതന്‍ തുടര്‍ന്നു:
കൃഷ്ണന്‍ തന്റെ ജോലിതീര്‍ത്തശേഷം ദ്വാരകയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ മരിച്ചുപോയ അഭിമന്യുവിന്റെ വിധവ ഉത്തര അലറിവിളിച്ചുകൊണ്ട് ഓടിയെത്തി അവിടുത്തെ അഭയംപ്രാപിച്ചു. ഭയങ്കരമായ ഒരാഗ്നേയാസ്ത്രം ഭയന്നാണ്‌ ഉത്തര ഓടിയെത്തിയത്‌. ഇതിനോടൊപ്പംതന്നെ പാണ്ഡവരും അതിശക്തമായ ഒരുബ്രഹ്മാസ്ത്രത്താല്‍ ആക്രമിക്കപ്പെട്ടു. പ്രാണഭിക്ഷണല്‍കി തിരിച്ചയച്ച അശ്വത്ഥാമാവായിരുന്നു ഇതിന്റെയെല്ല‍ാം പിന്നില്‍. ഉത്തരയുടെ ഗര്‍ഭംകൂടി നശിപ്പിക്കാനായിരുന്നു അയാളുടെ ദുഷ്ടബുദ്ധി. കൃഷ്ണന്‍ തന്റെ കനിവേറിയ കരങ്ങള്‍കൊണ്ട്‌ ഗര്‍ഭസ്ഥശിശുവിനെയടക്കം എല്ലാവരേയും രക്ഷിച്ചു. ഏതൊരു ദുഷ്ടശക്തിക്കാണ്‌ അവിടുത്തെ ജയിക്കാനാവുക.
പാണ്ഡവമാതാവായ കുന്തി ഭക്തിപാരവശ്യത്തോടെ പ്രാര്‍ത്ഥിച്ചു. “കൃഷ്ണ, അങ്ങ്‌ പരമാത്മാവുതന്നെയാണ്‌. വികലമായ മനസുളളവര്‍ക്ക്‌ അങ്ങയെ തിരിച്ചരിയാന്‍ കഴിയില്ലതന്നെ. നമോവാകം. അങ്ങേയ്ക്ക്‌ നമോവാകം. അങ്ങു ഞങ്ങളെ ഈആപത്ഘട്ടത്തിലും അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും രക്ഷിച്ചു. എങ്കിലും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുത്‌ സര്‍വ്വലോകനിയന്താവായ അവിടുന്ന ഞങ്ങള്‍ക്ക്‌ കൂടുതല്‍ ആപത്തുകള്‍ വരുത്തണമെന്നതന്നെയാണ്‌. അങ്ങനെ ഞങ്ങള്‍ അവിടുത്തെ ശരണം പ്രാപിക്കാനിടവരുമല്ലോ. അങ്ങനെ ജനനമരണചക്രത്തിന്റെ പിടിയില്‍നിന്നും മോചനം ലഭിക്കുമല്ലോ. സ്വന്തം പാരമ്പര്യത്തിലും ശക്തിയിലും വിദ്യയിലും ധനത്തിലും അഹങ്കരിച്ചവര്‍ നിന്റെ നാമം ഉരുവിടുന്നതുപോലുമില്ല. നിന്തിരുവടിയെകാണുവാന്‍ സ്വന്തമായി ഒന്നുമില്ലാത്തവര്‍ക്കും അഹങ്കാരമില്ലാത്തവര്‍ക്കും മാത്രമേ സാധിക്കൂ.
ഭഗവാന്‍, അങ്ങ്‌ ആദിയന്തമില്ലാത്തവനാണല്ലോ. ആര്‍ക്കാണവിടുത്തെ മഹിമയുടെ ആഴമളക്കാനാവുക? മനുഷ്യരൂപത്തില്‍ അവതരിക്കുമ്പോഴും എങ്ങിനെയാണ്‌ അങ്ങയെ അളക്കുക? അങ്ങ്‌ തികച്ചും പക്ഷപാതമില്ലാത്തയാളാണെങ്കിലും മനുഷ്യന്റെ തുലോംതുച്ഛമായ മനസ്‌ അങ്ങയില്‍ വൈവിധ്യംകണ്ടെത്തുന്നു. അങ്ങ് ഈ വിശ്വത്തിന്റെ ആത്മാവാണ്‌. വിശ്വമായികാണപ്പെടുന്നുതിന്റെ ആത്മ സത്തയുമാണ്‌. ജനനമറ്റവനായ അവിടുന്ന് അനേകം രൂപഭാവങ്ങളെ കൈക്കൊളളുന്നു. അങ്ങയുടെ അവതാരകാരണങ്ങളെപ്പറ്റി കൂര്‍മ്മബുദ്ധികള്‍ പലവസ്തുതകളും നിരത്തുന്നുണ്ട്‌. അവിടുന്ന് ഭൂമിയിലേക്കിറങ്ങിവന്ന്‌ പലവിധലീലകളും ചെയ്ത്‌ മനുഷ്യന് സ്മരിക്കാനും ഭക്തിയുണ്ടാകാനും വേണ്ടരീതിയിലുളള കര്‍മ്മങ്ങള്‍ കൈയാളുന്നു. അങ്ങനെ ആ പാദാരവിന്ദങ്ങളിലേക്ക് അവരെ ആകര്‍ഷിച്ച്‌ മോക്ഷപദത്തിലേക്ക്‌ നയിക്കുന്നു. ഭഗവന്‍, ഞാനങ്ങയുടെ പാദങ്ങളില്‍ അഭയം തേടുന്നു. എന്റെ മറ്റു ബന്ധനങ്ങളെയെല്ല‍ാം അറുത്ത്‌ അവിടുത്തെമാത്രം ചിന്തയില്‍ മുഴുകാന്‍ ഇടവരുത്തണേ. ഇതെന്റെ ഹൃദയംനിരഞ്ഞ പ്രാര്‍ത്ഥനയാണ് കൃഷ്ണാ.”
കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു. “അങ്ങിനെയാകട്ടെ.” യുധിഷ്ഠിരന്‌ തന്റെസങ്കടവും ആത്മനിന്ദയും സഹിക്കാവുന്നത്തിലപ്പുറമായിരുന്നു. മഹാഭാരതയുദ്ധത്തില്‍ കുറെയേറെ വില്ലാളികളെ കൊലക്കുകൊടുത്തതിന്റെ മനോദുഃഖം “വേദപുരാണങ്ങളില്‍ പറയുന്നതുപോലെ ധര്‍മ്മയുദ്ധത്തില്‍ ശത്രുവിനെകൊല്ലുന്നതുകൊണ്ട്‌ ഒരു രാജാവിന്‌ പാപം കിട്ടുന്നില്ലെങ്കിലും അതെന്നെ സംതൃപ്തനാക്കുന്നില്ല.” യുധിഷ്ഠിരന്‍ പറഞ്ഞു.

No comments: