Wednesday, February 26, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി ക്കണ്ണന്റെ ഒരു ദിനം.( 66).
കണ്ണന്റെ ഉത്സവവിശേഷങ്ങൾ.

മുളയിടലും, പൂജയും :-

ഗുരുവായൂർ ക്ഷേത്രത്തിൽ അമ്പാടി കണ്ണൻ നൃത്തം വെച്ച് കൃഷ്ണനാട്ടത്തിന്റെ ചുവടുകൾ വെച്ച് ശ്രീ മാനവേദൻ തമ്പുരാന് ദർശനം നൽകിയ ഒരു അറയുണ്ട്. ആ മുറിക്ക് (Room) നൃത്തം എന്ന് പറയുന്നു. സകലകലാവല്ലഭനായ ഉണ്ണിക്കണ്ണന്റെ ഇഷ്ട കലയാണ് കൃഷ്ണനാട്ടം.വില്വമംഗലം സ്വാമിയാരുടെ അകമഴിഞ്ഞ അനുഗ്രഹാശിസുകൾ കൊണ്ട് സാമൂതിരിക്ക് കണ്ണനെ കാണാനും സ്പർശിക്കാനുമുള്ള ഭാഗ്യം ലഭിച്ചു.അന്ന് കൈവന്ന ഒരു വർണ്ണമയിൽപ്പീലി കഷ്ണനാട്ടത്തിന്റെ കൃഷ്ണ കിരീടത്തിന് അലങ്കാരമായി. ഈനൃത്ത മുറിയുടെ കിഴക്ക് വശത്താണ് മുളയറ.ദിനംപ്രതി നന്നായി വളരുന്ന മുളകൾ കണ്ട് കണ്ണൻ നൃത്തം വെക്കും. കൃഷ്ണ ഭക്തന്മാരായ വില്വമംഗലം സ്വാമിയാരുടേയും, വർണ്ണമയിൽ പ്പീലിയും ആലേഖനം ചെയ്ത ഒരു ചുമർചിത്രം ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.

മുളയറ സൂര്യപ്രകാശം തട്ടാത്ത വിധത്തിൽ മറച്ച് കെട്ടി തോരണങ്ങൾ കെട്ടി അലങ്കരിക്കുന്നു.

മുളയിടുന്ന സ്ഥലം നൂല്ലും, മേഖലയും കൊണ്ട് കെട്ടി വേർതിരിക്കും.

മുളയിടൽ കഴിഞ്ഞാൽ നിത്യവും ത്രികാല പൂജ ഉണ്ടാകും. ഓതിക്കന്മാരാണ് നിത്യപൂജ കഴിക്കുന്നത്.
അഷ്ടഗന്ധവും, മഞ്ഞളും ചേർത്ത ജലം കൊണ്ട് എല്ലാ ദിവസവും നനക്കണം.

ഓരോ ദിവസവും ഓഷധീശനായ, നക്ഷത്രാധിപതിയായ, സോമദേവനേയും, പരിപാലന കർത്താവായ വിഷ്ണുവിനേയും പൂജിക്കുന്നു.
ഓരോ ദിവസവും രാത്രി പൂജ കഴിഞ്ഞാൽ ഏഴ് ഗ്രഹങ്ങൾക്ക് ബലി തൂവണം.

ബലിഗ്രഹദേവതകൾ:

1. ഭൂതഗ്രഹം
2. പിതൃ ഗ്രഹം
3. യക്ഷഗ്രഹം
4. നാഗഗ്രഹം
5. ബ്രഹ്മ ഗ്രഹം
6.ശിവഗ്രഹം
7. വിഷ്ണുഗ്രഹം.
ഇപ്രകാരം ഭൂതപിതൃയക്ഷനാഗബ്രഹ്മ ശിവ വിഷ്ണുപര്യന്തം ബലിതൂവി മുളപൂജ നിർവ്വഹിക്കുന്നു.
3. പ്രാസാദ ശുദ്ധി.വിവരണം അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: