Monday, February 24, 2020

ഒരു ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി. കവിടിയെ “വരാടി” എന്നും പറയും. പരല്‍ വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്. കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്‍റെ അവതാരമാണ്. അതിനാല്‍ തന്നെ അത് വിശിഷ്ടമാണ്. പഞ്ചഭൂതങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.
“യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ”
ഗീത 2-58
ആമ അംഗങ്ങളെ എന്നപോലെ ഇവന്‍ (സ്ഥിതപ്രജ്ഞന്‍) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില്‍ നിന്നും എപ്പോള്‍ ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള്‍ അവന്‍റെ ബുദ്ധി ഉറച്ചതാകുന്നു.
കവിടിക്രിയ എന്നാല്‍ “ഗണിക്കുക” എന്ന൪ത്ഥം
കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്‍റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല്‍ അഞ്ചു കുന്നികുരുവിന്‍റെ തൂക്കം. അതായത് രണ്ടേകാല്‍ (2¼) പണത്തൂക്കം. ഇതിനുപുറമേ ക൪ഷത്തിന് കാല്‍ പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്‍റെയോ, 336 യവത്തിന്‍റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.
ക൪ഷമെന്നാല്‍ ആക൪ഷിക്കല്‍ എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല്‍ താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്‌. കുരു ബീജവും കയ൪ ബന്ധനവുമാണ്.
“വരം അടതി” അതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. “വരം” ശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന്‍ (പ്രാണന്‍), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല്‍ ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്‍റെയും ദേഹത്തിന്‍റെയും ബന്ധനവുമാണ്. ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്‍റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില്‍ മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല്‍ എന്നാല്‍ ശിരോലേഖനം അഥവാ തലയിലെഴുത്ത് . അതിനാല്‍ വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്‍റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. ജീവിതത്തിന്‍റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല്‍ കിട്ടിയ സാധനമാണ് കവിടി (വരാടിക).
കവിടി കടലില്‍ വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്‍റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.
ആഗ്രഹങ്ങള്‍, സുഖം, ദുഃഖം, വിശപ്പ്‌, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്‍റെ പുറംതോടാണ് കവിടി. അതിന്‍റെ ജീവിതാനുഭവങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിനുശേഷം “കിഞ്ചില്‍ശേഷം ഭവിഷ്യതി” എന്നുള്ളതിനാല്‍ ദൈവജ്ഞന്‍റെ തലോടല്‍ അനുഭവിക്കുന്ന സുഖത്തില്‍ മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.
ഭൂഗോളത്തിന്‍റെ മുകള്‍ഭാഗം (അ൪ദ്ധഗോളം) അതിന്‍റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല്‍ ദീ൪ഘവൃത്തഗോളത്തിന്‍റെ മുകള്‍പ്പരപ്പിന്‍റെ ആകൃതിയാണ് കവിടിയുടേത്.
മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്‍കടലില്‍ താണുപോയപ്പോള്‍ അതിനെ ഉദ്ധരിക്കാന്‍ വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്‍റെ കൂ൪മ്മാവതാരം. ഇതിന്‍റെ പ്രതീകമാണ് കവിടി. ഈ കു൪മ്മത്തിന്‍റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്. നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള്‍ ആ കൂ൪മ്മത്തിന്‍റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില്‍ കൂ൪മ്മത്തിന്‍റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്‍റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.
108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല്‍ ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില്‍ 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല്‍ ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന്‍ ഒരു വിനാഴികയും. അതിനാല്‍ ഒരു ദിവസം 21600 പ്രാണന്‍. പ്രാണന്‍ എന്നാല്‍ പ്രാണവായുവും. അതിനാല്‍ രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള്‍ ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില്‍ നിന്നും 8, 8 വീതം മാറ്റിയാല്‍ (8ന്‍റെ ഗുണിതങ്ങള്‍ മാറ്റിയാല്‍) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. ഈ സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. ഈ സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.
ജീവിതയാത്ര, ജീവിതാനുഭവങ്ങള്‍, പ്രാരബ്ധങ്ങള്‍, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന്‍ കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം
ദൈവജ്ഞന്‍റെ കയ്യില്‍ വന്നാല്‍ മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല്‍ കവിടി എന്നും ജീവനുള്ളവയുമാണ്. കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല്‍ ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല്‍ പ്രമാണഭാഗവും ഫലഭാഗവും കവിടിയില്‍ അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്. തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു.
hindupuranam

No comments: