Friday, February 28, 2020

*അമൃതവചനം*
------------------------------------------------
*കൂട്ടുകെട്ട് ലിഫ്റ്റു പോലെയാണ്. ലിഫ്റ്റ് നമ്മളെ മുകളിലേക്കും കൊണ്ടുപോകാം, താഴോട്ടും കൊണ്ടുപോകാം.*

മക്കളേ, ഇന്നത്തെ യുവതലമുറ നേരിടുന്ന ഏറ്റവുംവലിയ വിപത്തുകളിലൊന്നാണ് ലഹരിമരുന്നുകള്‍ക്ക് അടിമകളാകുകയെന്നത്. മക്കള്‍ പഠിച്ച് വലിയവരാകണമെന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കള്‍ അവരെ വിദ്യാലയങ്ങളിലേക്കയയ്ക്കുന്നത്. എന്നാല്‍ അവിടെവെച്ച് അവര്‍ ചീത്ത കൂട്ടുകെട്ടില്‍പ്പെട്ട് ഗുരുതരമായ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകുന്നു. മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായിത്തീരേണ്ടവര്‍, രാജ്യത്തിന്റെ അഭിമാനമായി വളരേണ്ടവര്‍ സ്വയംനശിക്കുന്നു; മറ്റുള്ളവരെയും ദ്രോഹിക്കുന്നു.
ലഹരിവസ്തുക്കളില്‍നിന്ന് സുഖം കിട്ടുന്നുവെന്നത് തോന്നല്‍ മാത്രമാണ്. ബാഹ്യവസ്തുക്കളില്‍നിന്ന് ആനന്ദം നേടാന്‍ ശ്രമിക്കുന്നത്, തീകൂട്ടാന്‍വേണ്ടി മിന്നാമിനുങ്ങിനെപ്പിടിച്ച് ഊതുന്നതുപോലെയാണ്.

ഒരു ഗ്രാമത്തില്‍ നന്നായി പഠിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. യാതൊരു ദുശ്ശീലമോ, അനാവശ്യച്ചെലവോ ഇല്ല. അമ്മയോ അച്ഛനോ പോക്കറ്റ്മണി കൊടുത്താല്‍ ആ പൈസ അവന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ കൊടുക്കും. അല്ലെങ്കില്‍ സാധുകുട്ടികള്‍ക്ക് യൂണിഫോമോ പുസ്തകമോ മേടിച്ചുകൊടുക്കും. എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. ഒരു ദിവസം ചില സഹപാഠികള്‍ അവനെ നിര്‍ബന്ധിച്ച് ഒരു സിനിമയ്ക്കു കൊണ്ടുപോയി. തിരിച്ചുവരുന്ന വഴിക്ക് അവര്‍ സിഗരറ്റുവലിച്ചു. അവനെയും സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ ഇന്നത്തേക്കുമാത്രം, ഒരു പ്രാവശ്യം പുകവലിച്ചുനോക്കൂ എന്നുപറഞ്ഞു. ഒരു പ്രാവശ്യം വലിച്ചപ്പോള്‍, വീണ്ടും അതുചെയ്യാന്‍ പ്രേരിപ്പിച്ചു. ഒന്നോ രണ്ടോ പ്രാവശ്യം പുകവലിക്കുന്നതില്‍ തെറ്റില്ലെന്ന് അവനും വിചാരിച്ചു. പിന്നീടൊരിക്കല്‍ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍ മദ്യപിക്കുകയുംചെയ്തു. ക്രമേണ പുകവലിയും മദ്യപാനവും കഞ്ചാവും അവന്റെ ശീലമായി. അതിനുള്ള പണത്തിനായി വീട്ടില്‍ വഴക്കിടുകയും പതിവായി.
  അങ്ങനെ എന്നും രാവിലെ അച്ഛനമ്മമാരുടെ കാലുതൊട്ട് തൊഴുത് സ്‌കൂളിലേക്കുപോയിരുന്ന അവന് ഇപ്പോള്‍ അവരോട് യാതൊരു ബഹുമാനവുമില്ല. ദിവസവും വഴക്കുകൂടി വീട്ടില്‍നിന്നു പണം മേടിക്കും. എത്രകിട്ടിയാലും അതു മതിയാകാതായി. ഒടുവില്‍ അവന്‍ മോഷ്ടിക്കാനും പിടിച്ചു പറിക്കാനും തുടങ്ങി. ഒരിക്കല്‍ ലഹരികുത്തിവെച്ച് സ്വബോധമില്ലാതെ ഒരാളെ ആക്രമിച്ചു, അയാള്‍ മരിച്ചു. ഇപ്പോള്‍ അവന്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.

കൂട്ടുകെട്ട് ലിഫ്റ്റു പോലെയാണ്. ലിഫ്റ്റ് നമ്മളെ മുകളിലേക്കും കൊണ്ടുപോകാം, താഴോട്ടും കൊണ്ടുപോകാം. അതു നമ്മള്‍ ഏതു ബട്ടന്‍ അമര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുപോലെ നല്ല കൂട്ടു കെട്ട് നമ്മളെ പുരോഗതിയിലേക്കും നല്ല ഭാവിയിലേക്കും നയിക്കും. ചീത്ത കൂട്ടുകെട്ട് അധഃപതനത്തിലേക്കും നാശത്തിലേക്കും വഴിനടത്തും.  നടപ്പാതയില്‍ ഒരിടത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ അവിടെയെത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചു വഴിമാറിനടക്കും. അതുപോലെ സത്സ്വഭാവികളല്ലാത്തവര്‍ കൂട്ടുകൂടാന്‍ വന്നാല്‍ നമ്മള്‍ വിവേകപൂര്‍വംവഴിമാറിപ്പോകണം. 
*അമ്മ*
(സദ്ഗുരു -
ശ്രീ മാതാ അമൃതാനന്ദമയി ദേവി )

No comments: