Sunday, February 23, 2020

രമണധ്യാനം

ശ്രീമതി സൂരിനാഗമ്മ

‘പ്രേമ മാര്‍ഗ്ഗം’ (ശ്രീ രമണതിരുവായ്മൊഴി)

ഇന്ന് കാലത്ത് എട്ടുമണിക്ക് ഒരു തമിഴ് യുവാവ്‌ ഭഗവാനെ സമീപിച്ചു, സ്വാമി! ഈശ്വരനെ പ്രേമിക്കുക അല്ലെ നല്ലത് ? പ്രേമ മാര്‍ഗ്ഗത്തില്‍ എന്ത് കൊണ്ട് പോകാന്‍ പാടില്ല ! എന്ന് ചോദിച്ചു.
ഭഗവാന്‍
”- പോകാന്‍ പാടില്ലെന്ന് ആരു പറഞ്ഞു ? പോകാം, പക്ഷെ ഒന്നുണ്ട്. പ്രേമിക്കണമെന്നു പറയുമ്പോള്‍, താനും, ഈശ്വരനും എന്ന രണ്ടുണ്ടാകണമല്ലോ ? അത് കൊണ്ട്, പ്രേമിക്കുക എന്നാല്‍ തന്നില്‍ തനിക്കു പ്രേമം എന്ന് പറയേണ്ടി വരുന്നു. ഇതിന്നാണ് വാസുദേവമനനത്തില്‍, ആത്മപ്രിയത്വദൃഷ്ടാന്തം വിവരിച്ചിരിക്കുന്നത്. മനുഷ്യന്നു ധനത്തിനെക്കാൾ അധികം പ്രിയം തന്റെ ശരീരത്തില്‍. ശരീരത്തെക്കാളധികം പ്രിയം ഇന്ദ്രിയങ്ങളില്‍. ഇന്ദ്രിയങ്ങളില്‍ വെച്ച് പ്രിയം കണ്ണുകളില്‍. കണ്ണിനേക്കാള്‍ പ്രിയം പ്രാണനില്‍. പ്രാണനിലും അധികം പ്രിയം ആത്മാവില്‍.
ഇതിനു ദൃഷ്ടാന്തം പറഞ്ഞിട്ടുള്ളത് പുത്രന്‍ ആപത്തില്‍ പെടുമ്പോള്‍, ധനം ചിലവഴിച്ചു പുത്രനെ രക്ഷിക്കുന്നു. അതുകൊണ്ട് ധനത്തെക്കാള്‍ പ്രിയം പുത്രനിലാണെന്നു വരുന്നു. ധനം ചിലവഴിച്ചും പുത്രന് മോചനമില്ല, ആ ആപത്തു തന്റെ ശരീരത്തിനെ ബാധിക്കുമെന്ന് അറിയുമ്പോള്‍, തനിക്കും പുത്രനും ബന്ധമില്ലെന്ന് പറഞ്ഞു ആപത്തില്‍ നിന്ന് താന്‍ രക്ഷപ്പെടുന്നു. അത് കൊണ്ട് പുത്രനേക്കാള്‍ പ്രിയം ശരീരം എന്ന് വരുന്നു.
അകൃത്യം ചെയ്തവരെ, രാജഭടന്മാര്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ പ്രയത്നിച്ചാല്‍ ശരീരം ബാധ ഏറ്റെടുത്തു കണ്ണുകളെ രക്ഷിക്കും. അതുകൊണ്ട് ശരീരത്തേക്കാള്‍ പ്രിയം ഇന്ദ്രിയങ്ങളില്‍ ആണെന്ന് വരുന്നു. രാജഭടന്‍ കണ്ണുകള്‍ വിട്ടേക്കാം തന്റെ തല അറുത്തു കളയാമെന്നു പറഞ്ഞാല്‍, കണ്ണ് പൊയ്ക്കോട്ടേ പ്രാണന്‍ ഉണ്ടായാല്‍ മതി എന്ന് വിചാരിക്കും. അത് കൊണ്ട് ഇന്ദ്രിയങ്ങളെക്കാള്‍ പ്രിയം പ്രാണനില്‍ ആണെന്ന് വരുന്നു.
ഇതേ വിധത്തില്‍, ആത്മാനന്ദാപെക്ഷയുള്ളവര്‍ പ്രാണനെ കളയുവാന്‍ കൂടി പ്രയത്നിക്കും. അവന്നു പ്രാണനേക്കാള്‍ ആത്മാവില്‍ പ്രിയമുണ്ടാകുന്നു. അതുകൊണ്ട് തനിക്കു പ്രിയരൂപമായുള്ളത് ആത്മാവാണെന്നു അറിയുകയാണ് ദൈവത്തിനെ പ്രേമിക്കുക, എന്നത്. താന്‍ സുഖമായിരിക്കേണം എന്നതിനാണല്ലോ ദൈവത്തിനെ പ്രേമിക്കാന്‍ പോകുന്നത്. താന്‍ തന്നെ ദൈവം. ആത്മാവായതും താന്‍ തന്നെ. പിന്നെ പ്രേമിക്കുന്നത് ആരെ ? പ്രേമം തന്നെയാണ് ദൈവം എന്നരുള്‍ ചെയ്തു ഭഗവാന്‍.

ഭക്തന്‍:- അതുകൊണ്ടാണ് ദൈവത്തിനെ പ്രേമമാര്‍ഗ്ഗത്തില്‍ ഭജിക്കാമോ എന്ന് ചോദിച്ചത്.

ഭഗവാന്‍:- ഹാ ഹാ അത് തന്നെയല്ലേ പറഞ്ഞതും. പ്രേമം തന്നെയാണ് ഭഗവത്സ്വരൂപം. തനിക്കിത് പ്രിയമല്ല; അതും പ്രിയമല്ല എന്ന് പറഞ്ഞു നന്മതിന്മകളെ നീക്കം ചെയ്താല്‍ ബാക്കിയുള്ളതെതാണ് ? അത് തന്നെ തന്റെ സ്വരൂപം. അത് തന്നെയാണ് സ്വച്ഛമായ പ്രേമവും. ആ യഥാര്‍ത്ഥ പ്രേമത്തിനെ ദൈവമെന്നോ ആത്മാവെന്നോ എന്തെങ്കിലും പറഞ്ഞുകൊള്ളു' അതു തന്നെ ശക്തി. അതു തന്നെ ജ്ഞാനം. എല്ലാം അതു തന്നെ.

ഭക്തന്‍:- ബാഹ്യാന്തരത്തില്‍ തോന്നുന്ന ദുര്‍വിഷയങ്ങളിലും സദ്‌വിഷയങ്ങളിലും ഉള്ള പ്രേമം നീക്കി ക്കളഞ്ഞാല്‍ ഈശ്വരനെ പ്രേമിക്കാമെന്നല്ലേ ഭഗവാന്‍ ഇപ്പോള്‍ പറഞ്ഞതിന്റെ താല്പര്യം ? ഇത് പ്രിയമല്ല, അതു പ്രിയമല്ല എന്ന് നീക്കം ചെയ്യുവാന്‍ ആദ്യം ബുദ്ധി ഉളവാകുമോ ?
അപ്പോള്‍ മറ്റൊരു ഭക്തന്‍ ചോദിച്ചു “എല്ലാം അനുഭവിച്ചാലല്ലേ നീക്കിക്കളയുക. ”

ഭഗവാന്‍:- അതു സത്യം തന്നെ; അതിനാല്‍ ദുര്‍ഗ്ഗുണത്തെ നീക്കിക്കളഞ്ഞു സദ്ഗുണത്തെ പ്രേമിക്കണം. പിന്നീട് അതും തടസ്സമായത് കൊണ്ട് അതിനെയും നീക്കം ചെയ്യേണ്ടതാണ്. ആകയാല്‍ ആദ്യം നല്ലതിനെ പ്രേമിക്കുക തന്നെ വേണം, പ്രേമിച്ചു നിരസിക്കേണം എന്നര്‍ത്ഥം. അങ്ങിനെ എല്ലാം നീക്കം ചെയ്‌താല്‍ ഉള്ളത് താന്‍ മാത്രമാകും. അതു തന്നെ ശരിയായ പ്രേമം. ആ പ്രേമരഹസ്യം അറിഞ്ഞവന്നു ലോകം മുഴുവന്‍ പ്രേമമയമായ് തോന്നും.


ശ്രീ പ്രകാശ് മേനോൻ
ശ്രീമദ് ഭഗവദ് ഗീതാപഠന ഗ്രൂപ്പ് (FB)

No comments: