Saturday, February 22, 2020

കഴിഞ്ഞ തവണ നമ്മൾ പറഞ്ഞു നിർത്തിയത് ഭാരതത്തിൻ്റെ വിദ്യാഭ്യാസ രംഗങ്ങളിൽ അധിനിവേശങ്ങളുണ്ടാക്കിയ മുറിവുകളെക്കുറിച്ചാണ്. ഭാരതത്തിലെ ഒട്ടുമിക്ക എല്ലാ സർവകലാശാലകളും ഇസ്ലാമികാധിനിവേശ സമയത്താണ് തകർന്നത് എന്ന് പറയപ്പെടുന്നു. അക്കാലത്ത് ഇസ്ലാമികാധിനിവേശങ്ങൾ നിരവധി ക്ഷേത്രങ്ങളും തകർത്തിട്ടുണ്ട്. തകർത്തെറിഞ്ഞവയിൽ അപൂർവം ചില ക്ഷേത്രങ്ങളെങ്കിലും പുനർനിർമ്മിച്ചിട്ടുമുണ്ട്. എന്നാൽ , ഒരു സർവകലാശാല പോലും വീണ്ടുമുയർന്നു വന്നില്ല. ഗ്രന്ഥപ്പുരകൾ തീയിട്ടിരുന്നതിനാലാവണം ഒരു ക്ഷേത്രം നിർമ്മിക്കും പോലെ ആയിരുന്നില്ല ഒരു സർവകലാശാല പുനർനിർമ്മിക്കൽ .ക്ഷേത്രം നിർമ്മിക്കാൻ സമ്പത്തും ശക്തിയും മതിയായിരുന്നു . എന്നാൽ സർവകലാശാലകളെ സംബന്ധിച്ച് ഒരു ഗ്രന്ഥപ്പുരയുടെ മരണമെന്നാൽ അത് ആ സർവകലാശാലയുടെയും മരണമായി തീർന്നു.. ബ്രിട്ടീഷുകാർ വരുമ്പോൾ സർവകലാശാലകളില്ലാത്ത ഒരു ഭാരതമാകുവാൻ കാരണം ഇതാവണം..

ഇനി , ഭാരതത്തിലെ ചില സർവകലാശാലകളെക്കുറിച്ച് സംക്ഷിപ്തമായി ഒന്ന് വിവരിക്കട്ടെ.
ഭാരതത്തിലെ സർവകലാശാലകൾ തക്ഷശില , നളന്ദ മാത്രമല്ലെങ്കിലും ആദ്യം അവയെക്കുറിച്ച് തന്നെ പറയാം.

തക്ഷശില : ഒരു പക്ഷെ ലോകത്തിൽ ആദ്യത്തെ സർവകലാശാല തക്ഷശിലയായിരിക്കും. ഒരു പക്ഷെ തക്ഷശിലയിലയിലും പഴക്കമുള്ള സർവകലാശാലകൾ ഉണ്ടായിരിക്കാം . തെളിവുകൾ അവശേഷിപ്പിച്ച ഏറ്റവും പഴക്കമുള്ള സർവകലാശാല എന്നതാവും കൂടുതൽ ശരി. തക്ഷശില സർവകലാശാലയ്ക്കു ത്രേതായുഗത്തോളം പഴക്കമുണ്ടത്രേ. ശ്രീരാമ സഹോദരൻ ഭരതന്റെ മകനായ തക്ഷനാൽ സ്ഥാപിക്കപ്പെട്ടതിനാലാണ് തക്ഷശിലയെന്നു പേരുണ്ടായത് എന്ന് കരുതുന്നു.. (700 - 500 ബിസി ബൗദ്ധകാലത്തോടെയാണ് തക്ഷശില സ്ഥാപിക്കപ്പെട്ടതെന്നു ഒരു വാദമുണ്ടെങ്കിലും അത് തെറ്റാകാനാണ് സാധ്യതകളേറെയും. ബൗദ്ധകാലത്തോടെ അത് പുനരുജ്ജീവിക്കപ്പെട്ടതാകാനേ വഴിയുള്ളൂ ) മഹാഭാരതത്തിലും ജാതക-ബൗദ്ധ കഥകളിലും തക്ഷശിലയെക്കുറിച്ചു പരാമർശമുണ്ട്. ആദ്യമായി മഹാഭാരതം പാരായണം ചെയ്തത് തക്ഷശിലയിൽ വെച്ചാണെന്ന് പറയപ്പെടുന്നു.

ബൗദ്ധരുടെ സുവർണ്ണ കാലഘട്ടത്തോടെ തക്ഷശിലയുടെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു. അതോടെ ബാബിലോൺ , ഗ്രീസ് , ചൈന , സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി വിദ്യാർഥികൾ തക്ഷശിലയിലെ പ്രഗത്ഭരായ അധ്യാപകരെ തേടിയെത്താൻ തുടങ്ങി . ചൈനീസ് സഞ്ചാരികളായിരുന്ന ഫാഹിയാനും ഹുയാന്സാങ്ങും തക്ഷശിലയെക്കുറിച്ചു തങ്ങളുടെ യാത്രാവിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനായിരത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊണ്ട പാരമ്പര്യം തക്ഷശിലയ്ക്കുണ്ടായിരുന്നു. ജാതി വർഗ ഭേദമന്യേ പഠിതാക്കൾക്ക് തക്ഷശിലയിൽ പഠിക്കാനാവസരമുണ്ടായിരുന്നു. . 68 ഓളം വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. ഒരുവശത്ത് സയൻസ് , ഗണിതം, വൈദ്യം, രാഷ്ട്ര തന്ത്രം, യുദ്ധതന്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടന്നപ്പോൾ മറുവശത്ത് ജ്യോതിഷം, ജ്യോതിശാസ്ത്രം , വേദം, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിലും പഠനങ്ങളും ഗവേഷണങ്ങളും നടന്നു. തക്ഷശിലയിൽ പഠിക്കാനുള്ള കുറഞ്ഞ പ്രായ പരിധി പതിനാറു വയസ്സായിരുന്നു. അതി കഠിനമായ പ്രവേശനപരീക്ഷകളിലൂടെ മാത്രമേ വിദ്യാർഥികൾ ഉപരി പഠനങ്ങൾക്ക് യോഗ്യത നേടിയിരുന്നുള്ളൂ.

ചാണക്യാചാര്യൻ തക്ഷശിലയിലെ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം അർത്ഥശാസ്ത്രമെഴുതിയത് ഇവിടെ വെച്ചായിരുന്നു എന്ന് പറയപ്പെടുന്നു . വ്യാകരണ വിദഗ്ധനായ ആചാര്യ പാണിനിയും ഇവിടെത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ,
ആയുർവേദാചാര്യനായ ചരകനും ശസ്ത്രക്രിയാ വിദഗ്ധനായ ജീവകനും തക്ഷശിലയിലെ വിദ്യാർത്ഥികളായിരുന്നു. ചരക ഋഷി തന്റെ പഠനത്തിന് ശേഷം ഇവിടെ അധ്യാപകനുമായിരുന്നു. . നിരവധി പരീക്ഷണശാലകളും, വാന നിരീക്ഷണ കേന്ദ്രങ്ങളും അതിബൃഹത്തായ ഗ്രന്ഥ ശേഖരങ്ങളും തക്ഷശിലക്ക് സ്വന്തമായുണ്ടായിരുന്നു.

നൂറ്റാണ്ടുകളോളം അതി ശോഭനമായി നിലകൊണ്ട തക്ഷശില, വിദ്യാഭ്യാസത്തിനധികം പ്രാധാന്യം കൽപ്പിക്കാത്ത ഹൂണന്മാർ ഗാന്ധര ദേശം കയ്യടക്കിയതോടെ നശിക്കുവാനാരംഭിച്ചു. തക്ഷശില ഇല്ലാതാക്കിയത് അലക്സാണ്ടറാണെന്നും ഒരു പക്ഷമുണ്ട്. . ലോകത്താകമാനം വിദ്യാഭ്യാസ സംസ്കാരത്തിന് അടിത്തറ പാകിയ തക്ഷശിലയിപ്പോൾ പാക്കിസ്ഥാനിലാണ്.

നളന്ദ: പൗരാണിക സർവകലാശാലകളിൽ വെച്ച് താരതമ്യേന ഏറ്റവുമധികം വിവരങ്ങൾ ലഭ്യമായിട്ടുള്ളത് നളന്ദയെക്കുറിച്ചാണ്. നളന്ദയിന്ന് ബിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. ഗുപ്തകാലഘട്ടത്തിൽ എഡി അഞ്ചാം ശതകത്തോടെ, കുമാരഗുപ്തന്റെ കാലത്താണ് നളന്ദ സർവകലാശാല സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു. ചൈനീസ് സഞ്ചാരിയായ ഹുയാന്സാങ്ങും കുമാരഗുപ്തനെത്തന്നെയാണ് സ്ഥാപകനായി ചൂണ്ടിക്കാണിക്കുന്നത്.

ഹുയാന്സാങ് ഇവിടെത്തെ അതി കഠിനമായ പ്രവേശന പരീക്ഷകളെക്കുറിച്ചു തന്റെ യാത്രാവിവരണത്തിൽ വിശദമായി പറയുന്നുണ്ട്. ഇത്തരം കഠിനമായ പ്രവേശന പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ വീണ്ടും ദ്വാരപാണ്ഡിതനെന്ന മുഖ്യ പരീക്ഷകന്‌ മുൻപിൽ ഹാജരാക്കിയിരുന്നു. ഇദ്ദേഹം ചോദിക്കുന്ന ചോദ്യത്തിനുമുത്തരം നല്കുന്നവർക്കേ അവിടെ പ്രവേശനം സാധ്യമായിരുന്നുള്ളൂ. ബൗദ്ധരുടെ സുവർണ്ണ കാലമായിരുന്നതിനാൽ നളന്ദയുടെ പ്രശസ്തി ലോകമെങ്ങും പരക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ പഠനാർത്ഥം നളന്ദയിലെത്തുകയും ചെയ്തു. . രണ്ടായിരത്തോളം അധ്യാപകരും പതിനായിരത്തില്പരം വിദ്യാര്ഥികളുമിവിടെ പഠിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. സ്ത്രീകളുമിവിടെ പഠിച്ചിരുന്നതിനു തെളിവുകളുണ്ട്. അവർക്കു പ്രത്യേകം പാർപ്പിടങ്ങളുണ്ടായിരുന്നു.. നാഗാർജ്ജുനൻ, ആര്യാദേവൻ, വസുബന്ധു തുടങ്ങിയ ബൗദ്ധ ആചാര്യൻമാരിവിടെ പഠിപ്പിച്ചിരുന്നു. സഞ്ചാരിയായ ഹുയാൻസാങ്ങും അഞ്ചു കൊല്ലത്തോളമിവിടെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ടത്രെ .

നളന്ദയിൽ സംസ്കൃത പഠനം നിർബന്ധമായി തന്നെ നടന്നിരുന്നു. കൂടാതെ, ഐച്ഛിക വിഷയങ്ങൾക്ക് പുറമെ ശബ്ദവിദ്യ , ശില്പസ്ഥാനവിദ്യ , ചികിത്സാ വിദ്യ, ഹേതു വിദ്യ, ആധ്യാത്മ വിദ്യ മുതലായവ നിർബന്ധമായും പഠിക്കേണ്ടതുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.. ചുരുക്കത്തിൽ പരയും അപരയുമായ എല്ലാ വിദ്യകളുമിവിടെ പഠിപ്പിച്ചു പോന്നിരുന്നു എന്ന് പറയാം.

രസകരമായ മറ്റൊരു വസ്തുതയെന്തെന്നാൽ നളന്ദയുടെ എഴുനൂറോളം നീണ്ട വർഷങ്ങളുടെ ചരിത്രമെടുത്താൽ ഒരു വിദ്യാർത്ഥി പോലും മോശമായി പെരുമാറിയിട്ടില്ല എന്ന് കാണാം . നളന്ദയുടെ ശിക്ഷണ വൈദഗ്ദ്ധ്യത്തെക്കുറിച്ചും , ശിഷ്യ സത്സമ്പത്തിനെക്കുറിച്ചുമുള്ള നേർക്കാഴ്ച ഈ ഒരു വസ്തുതയിൽ നിന്നും വായിച്ചെടുക്കാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

അതി ബൃഹത്തായ ഒരു സര്വകലാശാലയായിരുന്നു നളന്ദ. പതിനാലു ഹെക്ടർ നീളത്തിൽ നളന്ദയുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്നു പറയുമ്പോൾ സർവകലാശാലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. ചൈനയിൽ നിന്നും ഗ്രീസിൽ നിന്നും പേർഷ്യയിൽ നിന്നും പണ്ഡിതൻമാരിവിടെ വരുന്നതും സംവാദങ്ങൾ നടത്തുന്നതും ഗ്രന്ഥപ്പുരകളിലെ താളിയോലകൾ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ട് പോകുന്നതും പതിവായിരുന്നു. നളന്ദയുടെ അതി ബൃഹത്തായ ഗ്രന്ഥശേഖരത്തിന്റെ പേര് ധർമ്മ ഗഞ്ച് എന്നായിരുന്നു. മൂന്നോളം കെട്ടിടങ്ങളിലായി നിരവധി താളിയോലകളിൽ ഇവിടെ സൂക്ഷിച്ചിരുന്നു. ഒടുവിൽ 1193 ഇൽ ഭക്തിയാർ ഖില്ജിയുടെ ആക്രമണത്തിൽ നളന്ദ സർവകലാശാല തകർന്നടിഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും വധിക്കപ്പെടുകയും ധർമ്മ ഗഞ്ച് അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ധർമ്മ ഗഞ്ച് പൂർണ്ണമായും കത്തി തീരാൻ ഏകദേശം മൂന്നു മാസങ്ങളെടുത്തുവെന്നു പറയപ്പെടുന്നു. ഭക്ഷണം പാകം ചെയ്യുവാനുള്ള വിറകിനു പകരമായി ഈ താളിയോലക്കെട്ടുകൾ പടയാളികൾ ഉപയോഗിച്ചിരുന്നു എന്നും ഒരു കഥയുണ്ട്.

ഇന്ന് നളന്ദ സർവകലാശാലയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് ശുഭോദർക്കമാണ്. പ്രാചീന പ്രൗഢിയുടെ പരമോന്നതമായ ആ സ്ഥാനത്തിലേക്ക് നളന്ദക്ക് ഒരു പുനർജന്മം ഉണ്ടാകട്ടെ ..

തുടരും ..

#വിജ്ഞാനമാതൃകം
#UnknownBharat

No comments: